കാല്‍ഗരി: സ്വന്തമായ ആരാധനാലയം എന്നുള്ള ചിരകാല സ്വപ്നം പൂവണിഞ്ഞതിന്‍റെ ആത്മ നിര്‍വൃതിയിലാണ് കാല്‍ഗറി സെന്‍റ് മദര്‍ തെരേസ സിറോ മലബാര്‍ ഇടവക .നീണ്ട വര്‍ഷങ്ങളുടെ കാത്തിരിപ്പിന്‍റെയും പ്രാര്‍ത്ഥനയുടെയും അശ്രാന്ത പരിശ്രമത്തിന്‍റെയും പരിസമാപ്തികുറിച്ചുകൊണ്ട് ട്രസ്റ്റിമാരുടേയും മറ്റ് അല്‍മായ പ്രതിനിധികളുടെയും സാന്നിദ്ധ്യത്തില്‍ ഇടവകയുടെ വികാരി റവ. ഫാ. സാജോ പുതുശേരി പുതിയ ദേവാലയത്തിന്‍റെ താക്കോല്‍ ഏറ്റുവാങ്ങി.
ഒരു പതിറ്റാണ്ടുകാലത്തെ കൂട്ടായ പരിശ്രമത്തിന്‍റെ ഫലമായിട്ടാണ് ഇടവകയ്ക്ക് ഈ നേട്ടം കൈവരിയ്ക്കാനായത്. സൂം വഴിയായി നടത്തിയ വിശുദ്ധ ബലിയ്ക്കു ശേഷം റവ. ഫാ. സാജോ പുതുശേരി ഇടവക ജനങ്ങളെ ഈ സന്തോഷവാര്‍ത്ത അറിയിക്കുകയും ഇതിനുവേണ്ടി പ്രവര്‍ത്തിച്ച ട്രസ്റ്റിമാര്‍ക്കും, പാരീഷ് കൗണ്‍സിലിനും, ഫൈനാന്‍സ് കണ്‍സിലിനും ഇടവകയിലേ ഓരോ അംഗങ്ങള്‍ക്കും നന്ദി പറയുകയും ചെയ്തു. സ്വന്തമായി ഒരു ദേവാലയം എന്ന പദ്ധതിക്കുവേണ്ടി റവ. ഫാ. സാജോ പുതുശേരിയുടെ നിസ്വാര്‍ത്ഥ സേവനങ്ങള്‍ക്ക് ഇടവകജനങ്ങള്‍ പാരീഷ് കൗണ്‍സില്‍ പാസാക്കിയ പ്രമേയത്തിലൂടെ നന്ദി പ്രകാശിപ്പിച്ചതായി സെന്‍റ് മദര്‍ തെരേസ കാത്തലിക്ക് ചര്‍ച്ച് പി ആര്‍ ഓ, നോബിള്‍ അഗസ്റ്റിന്‍ അറിയിച്ചു.
കാല്‍ഗറിയുടെ ഹൃദയഭാഗമായ ഗ്ലെന്‍ ബ്രൂക്കില്‍ അഞ്ഞൂറോളം ആളുകള്‍ക്ക് ഒരേ സമയം ആരാധിക്കുവാനുള്ള സൗകര്യങ്ങളുള്ള ദേവാലയവും അതോടൊപ്പം കോണ്‍ഫ്രന്‍സ് ഹാള്‍, കിച്ചണ്‍, ഡേ കെയര്‍ സെന്‍റര്‍, ജിംനേഷ്യം, ഓഫീസ് മുറികള്‍, ക്ലാസ് മുറികള്‍, വിശാലമായ പാര്‍ക്കിംഗ് ലോട്ട് തുടങ്ങിയ സൗകര്യങ്ങളുള്‍പ്പെടെ മൊത്തം നാല്‍പ്പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിട
സമുച്ചയമാണ് ഇടവകയ്ക്കു സ്വന്തമായത്.