നഗരത്തിലെ പെരുമയാർന്ന ബേക്കറിയിലെ ശീതീകരിച്ച ചില്ലുറാക്കിലിരുന്ന് ന്യൂ ഇയർ കേക്കുകൾ വർത്തമാനത്തിനൊരു സ്ററാർട്ടപ്പ് കിട്ടാനാകാതെ കുഴഞ്ഞു.
ഒരോ നറുനിലാപുഞ്ചിരികൾ പരസ്പരം
കൊരുത്ത് നടാടെ പരിചയപ്പെടാൻ തുടങ്ങി.
ഞാൻ ബ്ലാക്ക് ഫോറസ്റ്റ്.
കൂട്ടത്തിൽ ആഢ്യത നോക്കിലും വാക്കിലും പ്രതിഫലിപ്പിക്കുന്ന കാർവർണ്ണൻ തുടക്കം കുറിച്ചു.
ഞാൻ റെഡ് വെൽവെറ്റ്.
ഇവൻ വൈറ്റ് ഫോറസ്റ്റ്.
ദേ അപ്പുറത്ത് തലക്കനവുമായി ഇരിക്കുന്ന ത് അൾട്രാ റെഡ് വെൽവെറ്റ്.
സൊറപറച്ചിലിനിടക്ക് ചിലരൊക്കെ റാക്കിൽ നിന്നും ചുരിദാർധാരി സുന്ദരിക്കുട്ടി സെയിൽസ് ഗേളിൻ്റെ കൈയിലൂടെ ഡിസ്പാച്ച് കൗണ്ടറിലേക്ക് എത്തികൊണ്ടേയിരുന്നു.
നഗരത്തിൽ തലങ്ങും വിലങ്ങും ഓടുന്ന
വാഹനങ്ങളുടെ കാതടപ്പിക്കുന്ന ഹോൺ
ശബ്ദവീചികൾക്കിടയിലൂടെ യാണ്
സഞ്ചാരം എന്നറിഞ്ഞപ്പോൾ തെല്ലൊന്ന്
സംശയിച്ചു.
ഇതെങ്ങടാ കൊണ്ടു പോണത്.
പ്രകൃതിയെ മുത്തം കൊടുക്കാനിറങ്ങിവന്ന
മൂന്നാറിലെ കോടമഞ്ഞാവരണത്തെ
വകഞ്ഞുമാറ്റി പുറത്തേക്കെത്തുമ്പോൾ
അനുഭവപ്പെടുന്ന സുഖമാർന്ന കുളിര്
നുകർന്ന് ന്യൂ ഇയർ കേക്ക് പരിസ്ഥിതിക്കനുയോജൃമായ ബോക്‌സിൻ്റെ
സുരക്ഷിതത്വത്തിലിരുന്ന് മെല്ലെ മെല്ലെ
ഒരുപൂച്ചയുറക്കത്തിലേക്ക് തെന്നിതെറിച്ചങ്ങ്
വീണു.
ദേ കേക്ക് എത്തിയല്ലോ.
ഏതോ സ്ത്രീശബ്ദം മയക്കത്തിൽ നിന്നുണർത്തി.
ആരോ സൂഷ്മതയോടെ മേലാടകൾ
മാറ്റുന്നതറിഞ്ഞപ്പോൾ ആകാംക്ഷ മൊട്ടിട്ടു.
ജനൽ പാളികൾക്കിടയിലൂടെ ശരവേഗതയിൽ ചോരസമാനമായി കടന്നു
വന്ന സുര്യകിരണങ്ങൾ വനൃതയോടെ ത്രസിക്കുന്ന ശരീരത്തിലെമ്പാടും
ചോണനുറുമ്പിനെ പോലെ അരിച്ചരിച്ചിറങ്ങാൻ തുടങ്ങി. ആ നിർവൃതി
ഏറെ നീണ്ടില്ല.
കുട്ടികളുടെ പാർക്കിൽ വിരിഞ്ഞു വിടർന്നു
കൊണ്ടിരിക്കുന്ന മഞ്ഞനിറം ഇതളുകളിൽ
തോണ്ടി തേച്ചു പിടിപ്പിച്ച സൂര്യകാന്തി
കഴുത്ത് ചെരിച്ചു നോക്കുന്നത് ശ്രദ്ധയിൽ
പെട്ടപ്പോൾ കിരണബാഹുക്കൾ അങ്ങോട്ടേക്ക് സൂത്രത്തിൽ കളം മാറി.
കേക്ക് തന്നെ കൗതുകത്തോടെ കൊതിയോടെ നോക്കിനിൽക്കുന്ന ഓരോരുത്തരേയും ഇമവെട്ടാതെ നോക്കി.
ഏതാ ഈ സ്ഥലം.
ആരാ ഇവരൊക്കെ.
കേക്കിൽ എഴുതിച്ചില്ലേ
ആരോ ചോദിച്ചു.
പിന്നില്ലേ.
കേരളബാങ്ക്
മറൈൻഡ്രൈവ്.
അപ്പോൾ താൻ എത്തിയിരിക്കുന്നത്
കേരളത്തിന്റെ സ്വന്തം ബാങ്കായ
കേരളബാങ്കിൻ്റെ മറൈൻഡ്രൈവ്
ബ്രാഞ്ചിലാണ്.
കേക്ക് സ്വയമെന്നൊണം പറഞ്ഞു പോയി.
സുരേഷെ വിജിമാഡത്തെ വിളിക്കൂ.
ജീജിചേച്ചിയും ഞാനും കൂടി കേക്ക് മുറിക്കാം.
ആശേ നൈഫ് ബോക്‌സിൽ ഉണ്ട് കേട്ടോ.
സുജിത്തേ കേക്ക് മുറിക്കണ ഫോട്ടോ
ശരിക്കും എടുക്കണേ.
രഘുചേട്ടാ കൗണ്ടറിൻ്റെ മുന്നിൽ ആരും
ഇല്ലല്ലോ.
മേരിക്കുട്ടി ഇപ്പോൾ ന്യൂഇയർ ഒരുക്കത്തിൻ്റെ
പാചകത്തിലാകും.
നല്ല കേക്ക് എന്താ ഇതിന്റെ പേര്
ബിന്ദു ചോദിച്ചു.
സംഭാഷണശകലങ്ങളിൽ നിന്നും
എല്ലാവരുടേയും പേര് മനസ്സിലായിക്കഴിഞ്ഞപ്പോൾ
കേക്ക് സ്വയം പരിചയപ്പെടുത്തി.
ഞാൻ റെഡ് വെൽവെറ്റ്.