മലയാള നോവലിസ്റ്റ് സി.വി.രാമൻപിള്ളയുടെ ചരമശതാബ്ദിയും പ്രതിമ അനാച്ഛാദനവും മാര്‍ച്ച് 21,22,23 തീയ്യതികളിലായി നടന്നു. പബ്ലിക് ലൈബ്രറിയിലെ കുട്ടികളുടെ പാർക്കിനു മുന്നിൽ സ്ഥാപിച്ച അഞ്ചടി ഉയരമുള്ള അർധകായ വെങ്കലപ്രതിമ 23-ന് വൈകീട്ട് 4.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ അനാച്ഛാദനം ചെയ്തു.
സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ 30 ലക്ഷം ചെലവിലാണ് പ്രതിമ നിർമിച്ചത്. ഉണ്ണി കാനായിയാണ് ശില്പി.
ചരമദിനാചരണം 21-ന് രാവിലെ 11-ന് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. ഇതിനു മുന്നോടിയായി സി.വി.യുടെ മാതൃദേശമായ ആറയൂരിൽനിന്നും സ്വന്തം ഭവനമായ വഴുതയ്ക്കാട് റോസ്‌കോട്ടിൽനിന്നും ദീപശിഖകൾ എത്തിച്ചു.
പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ മുഖ്യാതിഥിയായ സമ്മേളനത്തിൽ, സാഹിത്യനിരൂപകൻ ഡോ. പി.കെ. രാജശേഖരൻ സി.വി. ചരമശതാബ്ദി പ്രഭാഷണം നടത്തി. 22-ന് രാവിലെ 10-ന് സി.വി. ആഖ്യായികാപാരായണം ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയ് ഉദ്ഘാടനം ചെയ്തു. പ്രൊഫ. വി.മധുസൂദനൻനായർ, ബാലചന്ദ്രൻ ചുള്ളിക്കാട് എന്നിവർ പങ്കെടുക്കും. ഡോ. എം.എൻ. കാരശ്ശേരി, പ്രൊഫ. വി.കാർത്തികേയൻനായർ, ഡോ. കെ.എസ്.രവികുമാർ എന്നിവർ ചരമശതാബ്ദി പ്രഭാഷണം നടത്തി.
23-ന് വൈകീട്ട് നടന്ന പ്രതിമാ അനാച്ഛാദന ചടങ്ങിൽ മന്ത്രി ഡോ. ആർ.ബിന്ദു അധ്യക്ഷത വഹിച്ചു. സി.വി.യെക്കുറിച്ച് കുമാരനാശാൻ രചിച്ച ‘നിന്നുപോയ സിംഹനാദം’ എന്ന കവിത വി.മധുസൂദനൻനായർ ആലപിച്ചു. പ്രൊഫ. എം.കെ.സാനു സി.വി.അനുസ്മരണ പ്രഭാഷണം നടത്തി. അടൂർ ഗോപാലകൃഷ്ണൻ, മന്ത്രിമാരായ സജി ചെറിയാൻ, ആന്റണി രാജു എന്നിവരും പങ്കെടുത്തു.