ആലുവ ആധുനിക മലയാള സാഹിത്യത്തിൽ സേതു ചെലുത്തിയ സ്വാധീനം വളരെ വലുതാണെന്ന് സക്കറിയ പറഞ്ഞു. സി വി കുഞ്ഞിരാമൻ സ്മാരക സാഹിത്യ പുരസ്കാരം സേതുവിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു സക്കറിയ. സേതുവിന്റെ കടുങ്ങല്ലൂരുള്ള വീട്ടിലെത്തിയാണ് അവാർഡ് സമർപ്പിച്ചത്. നവോത്ഥാനമൂല്യങ്ങളും മതേതരത്വവും ഉയർത്തിപ്പിടിച്ച പത്രപ്രവർത്തകനായിരുന്നു സി വി കുഞ്ഞിരാമനെന്നും സക്കറിയ അനുസ്‌മരിച്ചു. പുരസ്കാരം ലഭിക്കുക എന്നത് മധുരമാണ്.
സി വി കുഞ്ഞിരാമൻ എഴുത്തുകാരൻ എന്നതിലുപരി സാമൂഹ്യ പരിഷ്‌കർത്താവായതിനാൽ അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്കാരം ലഭിച്ചത് ആഹ്ലാദകരമാണെന്നും സേതു പറഞ്ഞു. തിരുവനന്തപുരം സി വി കുഞ്ഞിരാമൻ ഫൗണ്ടേഷൻ സെക്രട്ടറി ഹാഷിം രാജൻ, കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, സേതുവിന്റെ ഭാര്യ രാജലക്ഷ്മി, കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.