സി.വി.യുടെ ഓർമ്മയ്ക്കായി അയനം നൽകി വരുന്ന കഥാപുരസ്കാരം മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച
‘ഒരു പാട്ടിന്റെ ദൂരം’ എന്ന കഥാസമാഹാരത്തിന് .2020 ഒക്ടോബർ 10 ന് 11 മണിക്ക് അയനം എഫ്.ബി. പേജിൽ കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖൻ പുരസ്കാരദാനം നിർവഹിക്കും.
മലയാളത്തിലെ ഏറ്റവും ആഴമേറിയതും അഴകുറ്റതുമായ രാഷ്ട്രീയ കഥകൾ സി.വി.ശ്രീരാമൻ സാധ്യമാക്കിയത് വ്യക്തിനിഷ്ഠമായ അനുഭവയാഥാർത്ഥ്യങ്ങളെ ശില്പഭംഗിയോടെ ചെത്തിമിനുക്കിയാണ്. ആത്മീയതയെയും ലൈംഗികതയെയും അഭയാർത്ഥിത്വത്തെയും വരച്ചിട്ടപ്പോഴോക്കെ, ആ കഥകൾ ഇന്ത്യൻ സംസ്കാരത്തിന്റെ ജീർണ്ണതകളെ വിചാരണ ചെയ്തു. സഞ്ചാരിയുടെ ചിറകുകളുമായി ശ്രീരാമൻ കണ്ട’ഭൂമിജീവിതം മതദേശീയത എന്ന പെരുംനുണയ്ക്കും അതിർത്തികൾക്കും ആയുധങ്ങൾക്കും അപ്പുറമായിരുന്നു എന്ന് പുരസ്‌കാര സമിതി നിരീക്ഷിച്ചു.
അയനം ചെയർമാൻ വിജേഷ് എടക്കുന്നി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ടി.ആർ.അജയൻ,
ഡോ.എൻ.ആർ.ഗ്രാമ പ്രകാശ്, പി.വി.ഉണ്ണികൃഷ്ണൻ, യു.എസ്.ശ്രീശോഭ്
ജി.ബി. കിരൺ, ടി.എം.അനിൽകുമാർ എന്നിവർ പങ്കെടുത്ത് സംസാരിക്കും.