നീ സത്യം ജ്ഞാനംആനന്ദം

untitled-1

എഴുത്തുകാരൻ, സാമൂഹ്യ പ്രവർത്തകൻ എന്നിങ്ങനെ നിരവധി വിശേഷണങ്ങൾ ഉള്ള ഒരു വ്യക്തിത്വമാണ് സി.ആർ. ഓമനക്കുട്ടന്റേത്. അദ്ദേഹത്തിന്റെ ‘നീ സത്യം ജ്ഞാനംആനന്ദം’ എന്ന കൃതിക്ക് മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ എഴുതിയ അവതാരിക വായിക്കാം’ (ഇൻസൈറ്റ് പുബ്ലിക്കയാണ് പുസ്തകം പുറത്തിറക്കുന്നത്)

‘ഗുരുവിന്റെ പുസ്തകത്തിന് ശിഷ്യൻ അവതാരിക എഴുതുന്നതിൽ ഒരു ഗുരുത്വക്കേടില്ലേ’എന്ന് ആദ്യമേ നേരിട്ട് ചോദിച്ചിരുന്നു —ഓമനക്കുട്ടൻ മാഷ് അങ്ങനെയൊരു ഗുരുകല്പന എന്റെ ശിരസ്സിൽ ഇറക്കിവച്ച നിമിഷത്തിൽ. എന്നാൽ അതിനദ്ദേഹം പറഞ്ഞമറുപടിയിൽ തന്റെ എല്ലാ നന്മകളേയും ഗുരുത്വങ്ങളേയും നേർപ്പിച്ച് ഒളിപ്പിക്കുന്ന ആ പതിവുചിരി ഒരിക്കൽക്കൂടി മിന്നി: ‘ഓ, നിന്നോടുള്ള സ്നേഹം കൊണ്ടൊന്നുമല്ലെന്നേ! നിന്റെ പേരു കണ്ടാൽ രണ്ടു കോപ്പി കൂടുതൽ വിൽക്കുന്നെങ്കിൽ അങ്ങനെയാട്ടെ, എന്നേ കരുതുന്നുള്ളൂ!’

പേരു കണ്ടാൽ ഉടൻ ആളുകൾ പുസ്തകം വാങ്ങുന്നത് ഒരു സാഹിത്യകാരന്റെ മേന്മയുടെ മാനദണ്ഡമാണെന്ന് ഞാൻ കരുതുന്നില്ല; അദ്ദേഹവും അങ്ങനെ കരുതാൻ വഴിയില്ല. അതാണ് ഉദ്ദേശ്യമെങ്കിൽ കൊടുംവിൽപ്പനയുള്ള ഒട്ടേറെ എഴുത്തുകാർ അദ്ദേഹത്തിന്റെ പരിചയസീമയിൽ എത്രപേരെങ്കിലും വേറേയുമുണ്ടല്ലോ. അപ്പോൾ മാഷിന്റെ ഈ നിശ്ചയത്തിനു പിന്നിൽ മറ്റൊരു സ്വകാര്യലാക്കുള്ള കാര്യം ഉറപ്പാണ്. അതു ഞാൻ ഇങ്ങനെ ഊഹിക്കുന്നു: മുറിമൂക്കന്മാർ പലരും രാജാക്കന്മാരായിവിലസുംമട്ടിൽ ലഘൂകരിക്കപ്പെട്ടുപോയ ഇക്കാലത്ത്, പോയകാലത്തിന്റെ പ്രഭാപൂരിതമായ ജീവിതസന്ദർഭങ്ങളേയും മഹത്വംനിറഞ്ഞ മനുഷ്യാത്മാക്കളേയും കുറിച്ച് തന്റെ ശിഷ്യർക്കുമാത്രമല്ല ശിഷ്യന്മാരുടെ സമകാലികർക്കും ചിലത് പറഞ്ഞുകൊടുക്കാൻ ഈ വലിയ ഗുരുനാഥൻ കാംക്ഷിക്കുന്നുണ്ടാവണം. അന്ന് മഹാരാജാസിലെ ക്ളാസുമുറിയിൽ എന്നതുപോലെ, സിലബസ്സിലെ പാഠഭാഗങ്ങളെയല്ല ഇവിടേയും അദ്ദേഹം അതിനായി ആശ്രയിക്കുന്നത്. ബാല്യകൗമാര യൗവനങ്ങളിൽ താൻ കണ്ട് അന്തംവിട്ട നൂറുകണക്കിന് വലിയ മനുഷ്യരെ ഓമനക്കുട്ടൻ മാഷ് ഈ പുസ്തകത്തിൽ പുനരാനയിക്കുന്നു. ചൂടും ചൂരുമുള്ള ഓർമകളെ, വെളിച്ചം നിറഞ്ഞ ഭൂതകാലത്തെ, നിഷ്കളങ്കമായ സ്നേഹഭക്തിബഹുമാനങ്ങളോടെ താൻ സാക്ഷ്യം വഹിച്ച എത്രയെങ്കിലും ജീവിതസന്ദർഭങ്ങളെ!

ഓർമക്കുറിപ്പുകളേക്കാൾ ആത്മകഥയെന്ന ഗണത്തിലാണ് ഇതിനെ പെടുത്തേണ്ടതെങ്കിലും ഉത്തമമായ ഒരു നോവൽരചനയുടെ സൗന്ദര്യാനുഭൂതി പകരുന്നു ‘നീ സത്യം ജ്ഞാനം ആനന്ദം’ എന്ന ഈ ബൃഹദ്കൃതി. ഒരു വട്ടം ഇതുവായിച്ചുതീർക്കുമ്പോൾ, കഴിഞ്ഞുപോയ ആറേഴു ദശകങ്ങളിലെ കേരളത്തിന്റെ സാംസ്കാരികജീവിതം എന്തായിരുന്നെന്ന് നമുക്ക് വെള്ളിടിവെട്ടുംപോലൊരു പുതുബോധ്യം വരുമെന്നുറപ്പ്. നമ്മുടെ സമകാലീനജീവിതത്തിൽ അഭാവത്തിന്റെ സ്വഭാവത്തിൽനിൽക്കുന്ന ഒരു വെളിച്ചം ഈ പുസ്തകത്തിൽനിന്ന് —ഒരുറവയിൽനിന്നെന്ന പോലെ— നമ്മുടെ മനസ്സിലേക്ക് പ്രവഹിക്കും. അറുന്നൂറോളം പുറങ്ങളിൽ അദ്ദേഹം നിർവഹിച്ച ഈ ഗ്രന്ഥരചന അത്യന്തം ഗുരുത്വമുള്ളതാണ്. ഗ്രന്ഥകാരൻ എങ്ങനെയാണോ തനിക്കുചുറ്റും അധികമാരാലും വേണ്ടുംവിധം ശ്രദ്ധിക്കപ്പെടാതെ പോയ ഗുരുത്വം നിറഞ്ഞ ജന്മങ്ങളിലേക്ക് ആകർഷിക്കപ്പെട്ടത് അതേ ആയത്തിൽ ഈ പുസ്തകം വായനക്കാരനേയും ആകർഷിച്ചടുപ്പിക്കുന്നു. ആ അർഥത്തിൽ മഹത്തായ ആ ‘ഗുരുത്വാ’കർഷണമാണ് ഇതിന്റെ കാതൽ………

……..ദീർഘകാലം കേരളത്തിലെ പ്രശസ്തമായ കലാലയങ്ങളിൽ മലയാളം പ്രൊഫസറായി ജീവിച്ച അദ്ദേഹം എന്നെങ്കിലും ഏതെങ്കിലും പാഠപുസ്തകക്കമ്മിറ്റികളിൽ അംഗമായിരുന്ന് ഏതെങ്കിലും പാഠപുസ്തകനിർമാണത്തിന്റെ ചുക്കാൻ പിടിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല. ഒരു ഫോൺവിളിയിൽ തീർക്കാവുന്നതേയുള്ളൂ ഈ സംശയമെങ്കിലും ഞാനതിനു മുതിരുന്നുമില്ല. പൊട്ടിച്ചിരിച്ചുകൊണ്ട് ‘ഞാനമ്മാതിരി മണ്ടത്തരങ്ങൾക്ക് നിന്നു കൊടുക്കുമെന്ന് സുഭാഷിനു തോന്നുന്നുണ്ടോ’ എന്ന മറുപടി ആ മുഴക്കമുള്ള മധുര ശബ്ദത്തിൽ അശരീരിയായി എനിക്കിപ്പോഴേ കേൾക്കാമെന്നതുതന്നെ കാരണം. എന്നാൽ ‘നീ സത്യം ജ്ഞാനം ആനന്ദം’ എന്ന ഈ പുസ്തകത്തിലൂടെ മാഷ് അറിയാതെ നിർവഹിക്കുന്ന കൃത്യം അതാണ്: മലയാളിതീർച്ചയായും വായിച്ചുപഠിക്കേണ്ടുന്ന ഒരു പാഠപുസ്തകനിർമിതി! അഞ്ചുവയസ്സുതികയും മുമ്പ് താൻ പ്രണയിച്ച അയൽപക്കത്തെ മൂന്ന് സുന്ദരിപ്പെൺകുഞ്ഞുങ്ങളുടെ പേരാണ് സത്യം ജ്ഞാനം ആനന്ദം എന്ന് നമ്മൾ ഈ പുസ്തകത്തിൽ വായിക്കും. എന്നാൽ അതിനു കുറച്ചുകൂടി വലിയ അർഥമുണ്ട്. തനിക്കുചുറ്റും താൻ കണ്ട അസംഖ്യം മനുഷ്യാത്മാക്കളിൽനിന്ന് അദ്ദേഹം ഗ്രഹിച്ച സത്യ, ജ്ഞാന, ആനന്ദങ്ങളുടെ സമ്പൂർണപുനരാഖ്യാനം എന്ന നിലയിലാണ് ഈ ഗ്രന്ഥനാമം അന്വർഥമാകുന്നത്..

………..ഒരു നോവലിനോളം വൈചിത്ര്യഭാസുരങ്ങളായ കഥാപാത്രങ്ങളാൽ നിബിഢമായ ഒന്നാണ് ഈ ഗ്രന്ഥമെന്ന് ഞാൻ ആദ്യം സൂചിപ്പിച്ചതിനെ ഒന്നുകൂടി സ്പഷ്ടമാക്കേണ്ടതുണ്ടെന്നു തോന്നുന്നു. ചെമ്മീൻ സിനിമ എടുക്കുംമുമ്പേ ചെമ്പൻകുഞ്ഞായി കൊട്ടാരക്കരയേയും കറുത്തമ്മയായി ഷീലയേയും ഷീലയുടെ കാമുകനായി അഭിനയിക്കാനുള്ള ഗൂഢമോഹം കൊണ്ട് പരീക്കുട്ടിയായി തന്നെത്തന്നെയും വരച്ചുവച്ച ആർട്ടിസ്റ്റ് ശങ്കരൻകുട്ടി ഈ പുസ്തകത്തിൽ പ്രത്യക്ഷമാകുന്ന ആയിരം മുഴുത്ത കഥാപാത്രങ്ങളിൽ ഒരാൾമാത്രമാണ്. കോളിൻസ് മദാമ്മയുടെ ഘാതകവധമാണ് മലയാളത്തിലെ പ്രഥമ നോവലെന്നു യുക്തിപൂർവം സമർത്ഥിച്ച യുക്തിവാദി ഇടമറുക്, ദേവദാസ് എന്ന എക്കാലത്തേയും വലിയ ഇന്ത്യൻ പ്രണയകഥ എഴുതിയശരച്ചന്ദ്ര ചാറ്റർജ്ജി, കോളിളക്കം സൃഷ്ടിച്ച രാജൻസംഭവത്തിലെയഥാർഥനായകനായ ഈച്ചരവാരിയർ, ‘നിങ്ങൾ ചോറു തന്നു എന്നതുകൊണ്ട് നിങ്ങൾ പറയുന്ന പാട്ട് ഞാൻ പാടില്ലെ’ന്ന് കൊടുംദാരിദ്ര്യത്തിൽ നിന്നുകൊണ്ട് വിളിച്ചു പറയാൻ ധൈര്യംകാട്ടുന്ന ഗായകൻ മെഹ്ബൂബ്, അത്ഭുതകരമായ ശില്പചാതുര്യംപ്രദർശിപ്പിക്കുന്ന നാല് അധ്യായങ്ങളിലൂടെ മാഷ് വരച്ചിടുന്നജോൺ എബ്രഹാം, പിന്നെ പ്രേംനസീർ, എസ്.പി. പിള്ള, സത്യൻ,ബഹദൂർ, തിലകൻ, മുത്തയ്യ, തിക്കുറുശ്ശി,കോട്ടയം ചെല്ലപ്പൻ, ഗുരുദത്ത് തുടങ്ങിയ വലിയ സിനിമാനടന്മാർ, ജി. ശങ്കരക്കുറുപ്പ്,വൈലോപ്പിള്ളി, തിരുനെല്ലൂർ, അഭയദേവ്, നാലാങ്കൽ കൃഷ്ണപിള്ള, പി.ഭാസ്കരൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, വിജയലക്ഷ്മി, എ. അയ്യപ്പൻ, മുല്ലനേഴി തുടങ്ങിയ കവികൾ, തകഴി, പൊറ്റെക്കാട്ട്, ഒ.വി. വിജയൻ, വി.കെ.എൻ, മുട്ടത്തുവർക്കി, താരാശങ്കർ ബാനർജി, ശരച്ചന്ദ്ര ചാറ്റർജി, ബിഭൂതിഭൂഷൺ, ബിമൽ മിത്ര, ബഷീർ, കാരൂർ, സി.ജെ. തോമസ്, സി. അയ്യപ്പൻ, എം.സുകുമാരൻ, വിക്ടർ ലീനസ് തുടങ്ങിയ കഥാകാരന്മാർ, കെ.എൻ.ഭരതൻ, സുകുമാർ അഴീക്കോട്, ജി. കുമാരപിള്ള, എൻ. കൃഷ്ണപിള്ള,കെ.എൻ. എഴുത്തച്ഛൻ, അയ്യപ്പപ്പണിക്കർ, ഒ.എൻ.വി. കുറുപ്പ്, വി.സുന്ദരേശമേനോൻ, കെ.എസ്. രാധാകൃഷ്ണൻ, കിളിമാനൂർ രമാകാന്തൻ, എം.കൃഷ്ണൻനായർ, എം. ലീലാവതി തുടങ്ങിയ അധ്യാപകർ, ഇ.എം.എസ്, കെ.ആർ. ഗൗരി, പി. ഗോവിന്ദപ്പിള്ള, സി.എച്ച്. കണാരൻ. പി.ടി. ചാക്കോ തുടങ്ങിയ ജനനേതാക്കൾ, കുഞ്ചാക്കോ, രാമു കാര്യാട്ട്, വിൻസെന്റ്, വേദാന്തം രാഘവയ്യ, കെ.ജി. ജോർജ്, അടൂർ, അരവിന്ദൻ മുതലായ സിനിമാസംവിധായകർ, എൻ.എൻ. പിള്ള, പി.ജെ. ആന്റണി, കാലായ്ക്കൽ കുമാരൻ, പ്രശാന്ത് നാരായണൻ, നരേന്ദ്രപ്രസാദ് തുടങ്ങിയ നാടകക്കാർ, കാരക്കുറിച്ചി അരുണാചലം, വീരച്ചാമിപ്പിള്ള, യേശുദാസ്, എം.ജി. രാധാകൃഷ്ണൻ തുടങ്ങിയ സംഗീതജ്ഞന്മാർ… ഇങ്ങനെ എണ്ണിയാൽത്തീരാത്ത വ്യക്തിത്വങ്ങളെ വെറും ഇനിഷ്യലും പേരുമായല്ല, സമ്പൂർണ കഥാപാത്രങ്ങളായിത്തന്നെ ഒരോർമപ്പുസ്തകത്തിൽ അവതരിപ്പിക്കുന്നതിന്റെ പൊരുൾ അതെഴുതിയ ആൾക്ക് അവരോടുണ്ടായിരുന്ന ഹൃദയാദരമല്ലാതെ മറ്റൊന്നുമല്ല. 1940കൾക്കുമുമ്പ് ഒരു സിനിമയ്ക്ക് ഒരു ലക്ഷം രൂപ പ്രതിഫലം വാങ്ങിയിരുന്ന എം.കെ. ത്യാഗരാജഭാഗവതർ എന്ന മഹാനടൻ കൊലപാതകക്കുറ്റത്തിന് ജയിലിൽകിടന്ന്, നിർധനനും നിരാധാരനുമായിത്തീർന്ന് പൊട്ടക്കണ്ണനായ ഒരു യാചകരൂപത്തിൽ പ്രേംനസീറിനുമുന്നിൽ പെടുന്നരംഗം മഹത്തായ ഒരു കവിത വായിക്കുന്ന അതേ അനുഭൂതിയിൽ നമുക്കിതിൽ വായിക്കാം.

പുത്രദുഃത്താൽ തപ്തനായിത്തീർന്ന പ്രൊ.ഈച്ചരവാരിയരെ, രാജന്റെ അച്ഛനെ, തന്റെ കോഴിക്കോട്ടെ സഹപ്രവർത്തകൻ എന്ന രൂപത്തിൽ ഓർക്കുന്ന ലേഖനം, ‘ആണൊരുത്തി ആനി തയ്യിൽ’ എന്ന ശീർഷകം മുതൽ അന്ത്യവാചകം വരെ അടിമുടി പുണ്യംനിറഞ്ഞ ഒന്ന്, നാമെല്ലാം മറന്നുതുടങ്ങിയ കഥാപ്രസംഗകൻ സാംബശിവനെ അദ്ദേഹം അർഹിക്കുംമട്ടിൽ വിലയിരുത്തുന്ന മറ്റൊന്ന്, ഗാന്ധിപുത്രൻ ഹരിലാൽഗാന്ധിയുടെ ദൈന്യജീവിതം എടുത്തെഴുതുന്ന കുറേക്കൂടി ആഴമുള്ള ലേഖനം, ഡി.സി. കിഴക്കേമുറിയുടേയും ജഗതി എൻ.കെ. ആചാരിയുടേയും സ്വാമി സത്യാനന്ദയായി പരിണമിച്ച പ്രൊ. രാമചന്ദ്രൻനായരുടേയും അധികമാരും കേട്ടിട്ടിട്ടില്ലാത്ത ജീവിതാഖ്യാനങ്ങൾ… അതെ, തന്റെ ഗുരുഭൂതരും കാരണവന്മാരും സുഹൃത്തുക്കളും ആരാധ്യവ്യക്തികളും തുടങ്ങി ശിഷ്യന്മാരും ശിഷ്യശിഷ്യരും വരെ നീളുന്ന നൂറുകണക്കിന് മുഴുത്ത കഥാപാത്രങ്ങളെ, ഗാന്ധിയെപ്പറ്റി ഐൻസ്റ്റീൻ പെട്ടതിനേക്കാൾ വലിയ അത്ഭുതത്തോടെ, ഇത്തരം മനുഷ്യർ ഇവിടെ ഈ കേരളത്തിൽ ജീവിച്ചിരുന്നെന്നു വിശ്വസിക്കാനാവാതെ നാം ഈ പുസ്തകത്തിൽ പരിചയപ്പെടും.

ഏറ്റവും കുറഞ്ഞ വാക്കുകളിൽ ഏറ്റവും മിഴിവോടെ വ്യക്തിചിത്രങ്ങൾ അവതരിപ്പിക്കുന്നതെങ്ങനെയെന്നു പഠിക്കാൻ ഈ പുസ്തകം മതി. പൊൻകുന്നം വർക്കിയേയും മുട്ടത്തുവർക്കിയേയും നമുക്കറിയാം; രണ്ടുപേരെക്കുറിച്ചും ഓരോ ലേഖനമെഴുതാനുള്ള വക വായിച്ചറിവുള്ള ഏതൊരു മലയാളിയുടേയും പക്കലുണ്ടാവും. എന്നാൽ ഓമനക്കുട്ടൻമാഷ് ഈ രണ്ടു മനുഷ്യരുടെ രത്നച്ചുരുക്കം നൽകുന്നതു കണ്ടാൽ ഇങ്ങനെയല്ലാതെ ഇവരെ അവതരിപ്പിക്കുക സാധ്യമല്ലെന്നു ഉറപ്പിക്കാം. മനോഹരഗദ്യത്തിന് എത്ര വേണമെങ്കിലും ഉദാഹരണങ്ങൾ എടുത്തുനിരത്താവുന്ന ഈ ബൃഹദ്പുസ്തകത്തിൽനിന്ന് ഞാൻ ഒരുഖണ്ഡികമാത്രം ഉദ്ധരിക്കട്ടെ:
‘ഓൾഡ്മങ്ക് റമ്മായിരുന്നു പൊൻകുന്നം വർക്കിസാർ;നല്ലിളം മധുരക്കള്ള് മുട്ടത്ത് വർക്കിസാറും. റമ്മിന്റെ ലഹരിയിൽ മൂന്ന് പതിറ്റാണ്ട് ഒന്നും ചെയ്യാതെ, ഒരക്ഷരം എഴുതാതെ,പൊൻകുന്നം മയങ്ങിക്കിടന്നു. മധുരക്കള്ളിന്റെ ഇക്കിളിയിൽ മുട്ടത്ത് മുപ്പതുകൊല്ലം എഴുതിക്കൂട്ടി’ (‘കോട്ടയത്ത് എത്ര വർക്കി’ എന്ന ലേഖനം)

വ്യക്തികൾ മാത്രമല്ല, സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളുമൊക്കെ ഈ പുസ്തകത്തിൽ ചരിത്രപരമായ അവയുടെ സാംഗത്യത്തോടുകൂടി തെഴുത്തുനിൽപ്പുണ്ട്. തന്റെ ‘ഓമനത്തത്തെ മുലയൂട്ടിയ’ കോട്ടയം സി എമ്മെസ് കോളേജ് അടക്കം താൻ പഠിപ്പിച്ച മൂന്ന് വലിയ കലാലയങ്ങൾ (മൂന്ന് അമ്മമാരുടെ മുലയുണ്ടുവളർന്ന അപ്പുക്കിളിയാണ് താനെന്ന് മാഷ് പറയുന്നു —കോട്ടയം സി എം എസ്സ് കോളേജ്, കൊല്ലം എസ് എൻ കോളേജ്, ചങ്ങനാശ്ശേരി എസ് ബി കോളേജ് എന്നിവയാണ് അദ്ദേഹത്തിന്റെ കൗസല്യ, കൈകേയി, സുമിത്രകൾ എന്നു വായിച്ച് ഞാൻ സങ്കടത്തോടെ ഞങ്ങളുടെ മഹാരാജാസോ എന്നു മനസ്സിൽ ചോദിച്ചപ്പോഴേക്കും അദ്ദേഹത്തിന്റെ തെര്യപ്പെടുത്തലായി അടുത്തവാചകം —എറണാകുളം മഹാരാജാസ് എന്റെ സീതയാണ്!), കലാനിലയം തുടങ്ങിയ വലിയ നാടകസമിതികൾ, ശ്രീഭൂതവിലാസം നായർ ഹോട്ടൽ തുടങ്ങിയ ശാപ്പാട്ടുശാലകൾ, താൻ സിനിമകണ്ടുവളർന്ന കോട്ടയത്തേയും എറണാകുളത്തേയും സിനിമാകൊട്ടകകൾ, ഏതു സ്ഥാപനങ്ങളേക്കാളുമധികം തന്നെ ജീവിതം പഠിപ്പിച്ച ചില വീടുകൾ… അവയും ഇതിൽ പെരുകിനിറയുന്നു.

സിനിമ, നാടകം,പുസ്തകപ്രസാധനം, അധ്യാപനം, എഴുത്ത്, സംഗീതം, ചിത്രകല, കൊട്ട്, ശില്പകല, പെണ്ണ്, മദ്യം, പണം, ദുഃഖം, അംഗീകാരം, തിരസ്കാരം, നന്ദി, നന്ദികേട്, ചിരി, കണ്ണീര് അങ്ങനെ ഈ പുസ്തകത്തിൽ പരാമർശിക്കപ്പെടാത്ത ഒരു മലയാളിവിഷയവും —അല്ല മനുഷ്യവിഷയവും— ഇല്ല. അതെല്ലാം അതാതിന്റെ ആഴത്തിലും പരപ്പിലും, സൗന്ദര്യത്തിലും തീവ്രതയിലും ഇതിൽ സ്പന്ദിക്കുന്നു. അതുകൊണ്ടു തന്നെ മലയാളികൾ തീർച്ചയായും വായിച്ചിരിക്കേണ്ട ആത്മകഥകളിൽ ഒന്നായും ഈ പുസ്തകം പരിഗണിക്കപ്പെടേണ്ടിയിരിക്കുന്നു.
സിലബസ്സിലെ വരണ്ട പാഠഭാഗങ്ങളെ നിന്ന നിൽപ്പിൽ പഠിപ്പിച്ചു തള്ളുന്ന അധ്യാപകരിൽ ഒരാളായല്ല എന്നെപ്പോലുള്ള ശിഷ്യന്മാർ ഓമനക്കുട്ടൻ മാഷിനെ ഓർത്തുവയ്ക്കുന്നത്. പുസ്തകത്തിനു വെളിയിലുള്ള, ഒരിക്കലും പുസ്തകമാകാൻ ഒരു സാധ്യതയുമില്ലാത്ത നൂറുകണക്കിന് മഹാമനുഷ്യരെ അദ്ദേഹം ഓരോ ക്ലാസിലും നിറഞ്ഞ സ്നേഹാദരങ്ങളോടെ ഞങ്ങൾ കുട്ടികളെ പരിചയപ്പെടുത്തിക്കൊണ്ടേയിരുന്നു. താൻ കടന്നുവന്ന ജീവിതവും താൻ വളർന്നുതഴച്ച കോട്ടയം നഗരവും അദ്ദേഹത്തിന് അത്രമേൽ ഗുരുത്വം നിറഞ്ഞതായി തോന്നുന്നുണ്ടെന്ന് ഞങ്ങൾ ശിഷ്യന്മാർക്ക് തിരിഞ്ഞിരുന്നു. എറണാകുളത്ത് താൻ വച്ച വീടിന് കോട്ടയത്തെ ഒരു മൈതാനത്തിന്റെ പേരിടാനും (തിരുനക്കര) തന്റെ കടിഞ്ഞൂൽ പുത്രന് താൻ വായിച്ചാസ്വദിച്ചവംഗസാഹിത്യത്തിലെ രണ്ടു മുഴുത്ത ആൺകഥാപാതങ്ങളുടെപേരുകൾ ചേർത്തൊരു പുത്തൻപേര് കണ്ടെത്താനും (അമൽ-നീരദ്) കഴിയും വിധം ആത്മാർഥമാണ് മാഷിന്റെ ഭൂതകാലസംബന്ധിയായ സ്നേഹാദരങ്ങൾ എന്നും ഞങ്ങൾ മനസ്സിലാക്കുന്നു.

മാഷേ, ആരും വേണ്ടത്ര ആദരവോടെ രേഖപ്പെടുത്താതെ പോയ കുറേ മഹാമനുഷ്യരെ എക്കാലത്തേക്കുമായി കാലത്തിൽപ്രതിഷ്ഠിക്കുന്ന ഒരു മഹാപരിശ്രമമാണ് ഈ ഗ്രന്ഥമെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. അതിന്റെ പടിപ്പുര പണിയാൻ എനിക്കുതന്ന ഈ അവസരത്തിലൂടെ എളിയവനായ എന്നേയും ആ മഹാശ്രേണിയുടെ ഇങ്ങേയറ്റത്ത് അങ്ങ് സ്നേഹത്തോടെ ചേർത്തുനിർത്തുകയാണ്. അതുകൊണ്ട് അവതാരികകളിൽ പതവുള്ളതുപോലെ ‘ഈ പുസ്തകം ഇതാ അവതരിപ്പിക്കുന്നു’ എന്നു എഴുതിനിർത്താനുള്ള അവിവേകം എനിക്കില്ല. പകരം ആ പാദങ്ങളിൽ ഞാൻ നമസ്കരിക്കുന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here