ബ്യാഗോ ബേഗോ ബായ്ഗോ?

images-3

 

കേരളസർക്കാരിന്റെ മലയാളം മീഡിയം സ്കൂളുകളിൽ പണ്ട് രണ്ട് അഞ്ചാംക്ലാസ്സുകളുണ്ടായിരുന്നു: മലയാളം അഞ്ചും ഇംഗ്ലീഷ് അഞ്ചും. ഇംഗ്ലീഷ് അഞ്ചിലാണ് ഇംഗ്ലീഷുപഠനം തുടങ്ങിയിരുന്നത്. ഇംഗ്ലീഷു പഠിയ്ക്കുന്ന ആദ്യത്തെ ക്ലാസ്സായതുകൊണ്ട് ഇംഗ്ലീഷഞ്ചു പൊതുവിലറിയപ്പെട്ടിരുന്നത് “ഫസ്റ്റ്” എന്നാണ്. ഫസ്റ്റ്, സെക്കന്റ്, തേർഡ്, ഫോർത്ത്, ഫിഫ്‌ത്ത്, ഒടുവിൽ സിക്സ്‌ത്ത്. സിക്സ്ത്തെന്നാൽ എസ് എസ് എൽ സി.

ഒന്നു മുതൽ അഞ്ചു വരെ അഞ്ചു വർഷവും, ഫസ്റ്റു മുതൽ സിക്സ്‌ത്തു വരെ ആറു വർഷവും. ആകെ പതിനൊന്നു കൊല്ലം സ്കൂളിൽ. മുണ്ടശ്ശേരി മാസ്റ്റർ അഞ്ചുകൾ ലയിപ്പിച്ച്, സ്കൂൾപഠനം പതിനൊന്നു വർഷത്തിൽ നിന്നു പത്താക്കി കുറച്ചു. സ്കൂളിൽ കുറച്ചതു കോളേജിൽ കൂട്ടി. ഒരു വർഷം മാത്രമുണ്ടായിരുന്ന പ്രീയൂണിവേഴ്‌സിറ്റിയെ രണ്ടുവർഷമുള്ള പ്രീഡിഗ്രിയാക്കി. അടുത്ത കാലം വരെ, കോളേജുവിദ്യാഭ്യാസത്തിന്റെ ഭാഗമായിരുന്നു പ്രീഡിഗ്രി.

അക്കാലത്തു കോളേജിലാകെ ഇംഗ്ലീഷുമയമായിരുന്നു. ഭാഷയൊഴികെ സർവവും ഇംഗ്ലീഷിൽ. അതു വരെ കേട്ടിട്ടില്ലാത്ത പദങ്ങൾ കേട്ടു കണ്ണുമിഴിച്ചു. കേട്ടിട്ടുള്ള പദങ്ങൾ പോലും കേട്ടിട്ടുള്ള തരത്തിലല്ല ഉച്ചരിച്ചു കേട്ടത്. ഇംഗ്ലീഷെടുത്തിരുന്ന ബാലകൃഷ്‌ണൻ മാഷു ചോദിച്ചു, “ആണ്ട് യു ഗോയിംഗ്?”

എനിയ്ക്കൊരു പിടുത്തവും കിട്ടിയില്ല. ആണ്ട് എന്നൊരു പ്രയോഗം ഞാനാദ്യമായി കേൾക്കുകയായിരുന്നു. Aren’t എന്ന പദം സ്കൂളിൽ വച്ച് ഉച്ചരിച്ചു കേട്ടിരുന്നത് ആറിന്റ് എന്നായിരുന്നു. അതിന്റെ ശരിരൂപം ആണ്ട് ആണെന്നു ഞാനുണ്ടോ അറിയുന്നു! ബാലകൃഷ്ണൻ മാഷുടെ മുന്നിൽ ഞാൻ വായും പൊളിച്ചു നിന്നു.

കുറ്റം സ്കൂളിൽ ഇംഗ്ലീഷു പഠിപ്പിച്ചിരുന്ന അദ്ധ്യാപകരുടേതല്ല, എന്റേതു തന്നെയായിരുന്നു. അത് ഏറെക്കാലം കഴിഞ്ഞ ശേഷമാണു മനസ്സിലായത്. പാഠപുസ്തകങ്ങളിൽ ഇംഗ്ലീഷുപദങ്ങളുടെ മുകളിൽ അവയുടെ ഉച്ചാരണം മലയാളത്തിൽ എഴുതിയെടുക്കുന്നൊരു പതിവ് എനിയ്ക്കുണ്ടായിരുന്നു. ശരിയെന്ന് ഉറപ്പുവരുത്താതെ പറഞ്ഞുപഠിച്ചു. ഉദ്ദേശം നല്ലതായിരുന്നെങ്കിലും, അതു മൂലം എന്റെ ഇംഗ്ലീഷുച്ചാരണം അബദ്ധമയമായിത്തീർന്നു. അതിൽ നിന്നു പിൽക്കാലത്തു മനസ്സിലാക്കാനായ ചില കാര്യങ്ങൾ താഴെക്കൊടുക്കുന്നു.

പല ഇംഗ്ലീഷു പദങ്ങളുടേയും ശരിയുച്ചാരണം അതേപടി മലയാളത്തിലെഴുതുക അസാദ്ധ്യമാണ്. Cat എന്ന ഒരൊറ്റപ്പദം മതി അക്കാര്യം തെളിയിയ്ക്കാൻ. Cat എന്ന പദം മലയാളത്തിൽ കാറ്റ്, ക്യാറ്റ്, കേറ്റ് എന്നിങ്ങനെ മൂന്നു തരത്തിലെഴുതാമെങ്കിലും, ഇവ മൂന്നും ശരിയുച്ചാരണങ്ങളല്ല. അല്പം കൂടി രസകരമാണു bag എന്ന പദത്തിന്റെ സ്ഥിതി. Catനെ മൂന്നു തരത്തിലെഴുതാമെങ്കിൽ, bag നാലു തരത്തിലെഴുതിക്കാണാറുണ്ട്: ബാഗ്, ബ്യാഗ്, ബേഗ്, പിന്നെയൊരു ബായ്ഗും. അവയൊന്നും ശരിയല്ല താനും. Catനോടു സാമ്യമുള്ള നിരവധി പദങ്ങളുണ്ട് ഇംഗ്ലീഷിൽ: hat, sat, mat, rat… അവയുടേയും ശരിയുച്ചാരണം മലയാളത്തിലെഴുതുക സാദ്ധ്യമല്ല.

മുൻപറഞ്ഞ ഇംഗ്ലീഷു പദങ്ങളിലെ a എന്ന സ്വരത്തിന്റെ ഉച്ചാരണം അ, എ എന്നിവയ്ക്കിടയിലുള്ളതാണ്. അതിന്റെ ഉച്ചാരണം ഇംഗ്ലീഷിൽ എഴുതിക്കാണിയ്ക്കുന്നതും a, e എന്നീ അക്ഷരങ്ങൾ പുറത്തോടു പുറം ചേർത്തുവച്ചുകൊണ്ടു തന്നെ; നമുക്കതു തൽക്കാലം a-e എന്നെഴുതാം.

‘ആംബുലൻസ് പറന്നു വന്നു’ എന്നു പത്രത്തിലെഴുതിക്കാണാറുണ്ട്. അതു നല്ല കാര്യം തന്നെ. രോഗി രക്ഷപ്പെടാനതു തീർച്ചയായും സഹായിച്ചിരിയ്ക്കണം. പക്ഷേ, ‘ആംബുലൻസ്’ എന്നു മലയാളത്തിലെഴുതിയിരിയ്ക്കുന്ന പദം വായിയ്ക്കുമ്പോഴുള്ള ഉച്ചാരണം അതിന്റെ ഇംഗ്ലീഷു പദത്തിന്റെ ശരിയുച്ചാരണമല്ല. ആംബുലൻസിന്റെ തുടക്കത്തിലെ ഏയ്ക്ക് a-eയുടെ ഉച്ചാരണമാണുള്ളത്. അതു കൂടാതെ, ബു ബ്യു എന്നാകേണ്ടിയുമിരിയ്ക്കുന്നു; ബ്യ, ബ്യെ എന്നിങ്ങനെയുമാകാം. ആംബ്യുലൻസ്, ആംബ്യെലൻസ്, ആംബ്യലൻസ് എന്നീ രൂപങ്ങളൊക്കെ ആംബുലൻസ് എന്നെഴുതുന്നതിനേക്കാൾ ശരിയാണ്.

സ്വരങ്ങൾക്ക് ഇംഗ്ലീഷിൽ vowels എന്നാണു പറയുക. Vowel എന്ന പദത്തിന്റെ ഉച്ചാരണം ദുഷ്കരമാണ്. മലയാളത്തിലെഴുതുമ്പോൾ വവൽ, വവ്വൽ, വാവൽ, എന്നൊക്കെയേ എഴുതാനാകൂ. Catന്റെ കാര്യം പോലെ തന്നെയിതും; വവലും വവ്വലും വാവലും ശരിയല്ല. ശരിരൂപം മലയാളത്തിലെഴുതാനും പറ്റില്ല. a-e എന്ന രീതിയിലുള്ള വാ; തുടർന്ന് വ്‌ൾ, വ്‌ൽ, വുൽ എന്നിവയ്ക്കിടയിലൊരു ശബ്ദം. വാ-വ്‌ൾ, വാ-വ്‌ൽ, വാ-വുൾ.

Catലേതിൽ നിന്നു വ്യത്യസ്തമായി, നമ്മുടെ സ്വന്തം ആ എന്ന സ്വരം അതേപടി ഉപയോഗിയ്ക്കുന്നൊരു വാക്കാണു can’t. കാന്റ് എന്നെഴുതിയാൽ ഉച്ചാരണം ഏകദേശം ശരി. കാൺറ്റ് എന്നായിരിയ്ക്കാം അല്പം കൂടി നല്ലത്. ഇതു ബ്രിട്ടീഷുച്ചാരണം. ഒരു കാലത്തു ബ്രിട്ടീഷുകാരിൽ നിന്ന് എപ്പോഴും വ്യത്യസ്തരാകാനാഗ്രഹിച്ചിരുന്ന അമേരിക്കക്കാർ can’t ഉച്ചരിയ്ക്കുമ്പോൾ അതിലെ a catലെ aയെപ്പോലെ, അതായത് a-e പോലെ, ഉച്ചരിയ്ക്കുന്നു. Can എന്നല്ലേ ഇവർ പറഞ്ഞതെന്നു സംശയം തോന്നിപ്പോകും. അമേരിക്കക്കാരുടെ can’t എന്ന വാക്കും ബ്രിട്ടീഷുകാരുടെ can എന്ന വാക്കും ഉച്ചരിച്ചു തുടങ്ങുന്നത് ഏകദേശം ഒരുപോലെയാണ്, വിപരീതങ്ങളാണെങ്കിലും. അമേരിക്കക്കാരുടെ can അതിഹ്രസ്വമാണ്: ഐ കെൻ ഡുയിറ്റ്.

God എന്ന പദത്തിന്റെ അമേരിക്കനുച്ചാരണം ഗാഡ് എന്നാണ്. നമ്മുടെ രീതികളനുസരിച്ചു ഗാഡ് ആളു വേറെയാണ്, ഗോഡല്ല. അമേരിക്കക്കാർ ഗോഡിനു ഗാഡെന്നു പറഞ്ഞുകേൾക്കുമ്പോൾ ചിരി വരും; ദൈവം നമ്മോടു പൊറുക്കട്ടെ. ഗോഡിന്റെ ബ്രിട്ടീഷുച്ചാരണം മലയാളത്തിൽ കൃത്യമായെഴുതാനാവില്ല. ഗോഡ് എന്നാണെഴുതാറെങ്കിലും അതു ഭാഗികമായി മാത്രം ശരിയാണ്.

മലയാളത്തിലെ ഓ എന്ന സ്വരത്തിന് ഒരേസമയം ഇംഗ്ലീഷിലെ മൂന്നു സ്വരങ്ങളെ പ്രതിനിധീകരിയ്ക്കാനുണ്ടെന്നതാണു പ്രശ്‌നം; അവയുപയോഗിയ്ക്കുന്ന ചില വാക്കുകളിതാ: got, go, ball. പോയി എന്ന വാക്കിലെ ദീർഘ ഒകാരത്തോടു സാമ്യമുള്ള ഒന്നാണു ball എന്ന വാക്കിന്റെ ബ്രിട്ടീഷുച്ചാരണത്തിലുള്ളത്. സംവൃതോകാരത്തിൽ (ചന്ദ്രക്കല) തുടങ്ങി, ദീർഘമായ ഒകാരത്തിലവസാനിയ്ക്കുന്ന ഒരുച്ചാരണമാണു go എന്ന വാക്കിനുള്ളത്. Got എന്ന വാക്കിലാകട്ടെ, അ, ഒ എന്നിവയുടെ മദ്ധ്യത്തിലുള്ള, ഹ്രസ്വമായൊരു സ്വരവും.

ചുരുക്കിപ്പറഞ്ഞാൽ, O എന്ന അക്ഷരം ഉപയോഗിയ്ക്കുന്ന ഇംഗ്ലീഷു പദങ്ങൾ കാഴ്‌ചയിൽ ലളിതമായിരിയ്ക്കാമെങ്കിലും, അവയുടെ ഉച്ചാരണം മലയാളത്തിലെഴുതിയെടുക്കാൻ തുനിഞ്ഞാൽ തെറ്റിയതു തന്നെ. എനിയ്ക്കു തെറ്റുകയും ചെയ്തു: ബോളും ഗോയും ഗോട്ടുമെല്ലാം ഞാൻ ഒരേ രീതിയിൽ ഉച്ചരിച്ചു. ഇംഗ്ലീഷു പദങ്ങളിൽ ഏറ്റവുമധികം ഉപയോഗിയ്ക്കപ്പെടുന്ന നാലക്ഷരങ്ങളിലൊന്നാണു താനും O. അത് ഒരു പാരാവാരം പോലെ തെറ്റുകൾ വരുത്തി.

നാമെപ്പോഴും ഉപയോഗിയ്ക്കുന്നൊരു പദമാണ് our. ലളിതമായ പദം. പക്ഷേ, അതിന്റെ ശരിയുച്ചാരണം മലയാളത്തിലെഴുതാനാവില്ല. അവർ എന്നേ എഴുതാനാകൂ. അതു ശരിയല്ല താനും. അ, എ എന്നിവയുടെ മദ്ധ്യത്തിലുള്ളൊരു സ്വരത്തിലാണ് അതു തുടങ്ങുന്നത്. തുടർന്നുള്ളതു വകാരമാണെന്നു തോന്നുമെങ്കിലും, അതു പൂർണമാകുന്നില്ല. Hour എന്ന പദത്തിന്റെ ഉച്ചാരണവും ourന്റേതു തന്നെ. ഉച്ചാരണം മലയാളത്തിലെഴുതിയെടുക്കുന്ന പതിവുള്ളവർ വശത്താക്കുന്നത് ഇവയുടെ ശരിയുച്ചാരണമാകാനിടയില്ല.

Ch എന്ന രണ്ടക്ഷരങ്ങളുടെ ജോടി കുഴയ്ക്കുന്ന ഒന്നാണ്. Chair ചെയർ ആണെങ്കിലും chemistry കെമിസ്‌ട്രിയാണ്. Chef ആകട്ടെ, ഷെഫും. ഒരു ജോടി തന്നെ ച, ക ഷ എന്നീ വ്യത്യസ്ത ശബ്ദങ്ങളുണ്ടാക്കുന്നു. Chorus കോറസ് ആണെങ്കിലും chore ചോർ ആണ്. ഈ പദങ്ങളുടെ ഉച്ചാരണം മലയാളത്തിലെഴുതാൻ ബുദ്ധിമുട്ടില്ല. പക്ഷേ, choir എന്നൊരു വാക്കുണ്ട്. ക്വൊയ, ക്വായ, ക്വായർ എന്നിവയ്ക്കിടയിലെന്തോ ആണ് അതിന്റെ ഉച്ചാരണം. അതിലെ ആർ എന്ന അക്ഷരം നിശ്ശബ്ദമാണെന്നു പറയാം.

Surprise, perhaps എന്നിവ നിശ്ശബ്ദമായ ആറിനുള്ള മറ്റു രണ്ടുദാഹരണങ്ങളാണ്: സെ പ്രായ്‌സ്, സ് പ്രായ്സ്, സി പ്രായ്‌സ്, ഇവയെല്ലാം പറഞ്ഞുകേൾക്കാറുണ്ട്. അതുപോലെ, ആർ നിശ്ശബ്ദമായ പെ ഹാപ്‌സ് ആണു perhapsന്റെ ശരിയുച്ചാരണം. പക്ഷേ, ഉച്ചാരണം മലയാളത്തിലെഴുതിയെടുത്തതുകൊണ്ടു ഞാൻ ആർ വ്യക്തമായുച്ചരിച്ച് സർ‌ർ‌ർ -പ്രൈസ്, പെർ‌ർ‌ർ-ഹാപ്‌സ് എന്നെല്ലാം പറഞ്ഞു പഠിച്ചുപോയി; അവ രണ്ടും തെറ്റു തന്നെയെന്നു പറയേണ്ടതില്ലല്ലോ.

U എന്ന അക്ഷരത്തിന്റെ പൊതുവിലുള്ള ഉച്ചാരണം അ എന്നായതുകൊണ്ട്, അതു മലയാളത്തിലെഴുതാൻ ബുദ്ധിമുട്ടില്ല. അപ്പോൺ, അപ്‌സെറ്റ്, അൾട്ടിമെറ്റ്. യു, യൂ എന്നീ ഉച്ചാരണങ്ങളുമുണ്ടു uയ്ക്ക്. അവയും മലയാളത്തിലെഴുതാം. യുബിക്വിറ്റസിൽ യു ഉപയോഗിയ്ക്കുന്നു. യൂസ്, യൂറിനൽ എന്നിവയിൽ യൂ ആണുപയോഗിയ്ക്കുന്നത്.

എന്നാലിതാ അവയിൽ നിന്നെല്ലാം വ്യത്യസ്തമായി u ഉച്ചരിയ്ക്കുന്ന രണ്ടു വാക്കുകൾ: urge, urgent. ഈ വാക്കുകളിലെ u എന്ന അക്ഷരത്തിന്റെ ഉച്ചാരണം മലയാളത്തിലെഴുതുക അസാദ്ധ്യം. സംവൃതോകാരത്തിനു (ചന്ദ്രക്കല) സ്വതന്ത്രമായൊരു ദീർഘരൂപവുമുണ്ടായിരുന്നെങ്കിൽ അത് ഈ ഉച്ചാരണത്തെ പ്രകടിപ്പിയ്ക്കുമായിരുന്നു; പക്ഷേ, നമ്മുടെ സംവൃതോകാരത്തിനു സ്വതന്ത്രരൂപമില്ല, ദീർഘരൂപവുമില്ല. അതുകൊണ്ടു ഞാൻ പറഞ്ഞു പഠിച്ചുപോയത് തെറ്റായ രൂപങ്ങളായ അർജന്റ്, അർജൻസി എന്നിവ.

Gയ്ക്കുമുണ്ട് ഒന്നിലേറെ ഉച്ചാരണങ്ങൾ. Get ഗെറ്റ് ആണെങ്കിൽ giant ജയന്റ് ആണ്. Give ഗിവ് ആണെങ്കിൽ gin ജിൻ ആണ്. Ginger ജിഞ്ചറാണെങ്കിൽ gigabyte ഗിഗബൈറ്റാണ്. Gift ഗിഫ്റ്റ് ആയിരിയ്ക്കാം, പക്ഷേ gentle ജെന്റിൽ ആണ്. George ജോർജ് എന്നുച്ചരിയ്ക്കുന്ന ഓർമ്മയിൽ gorgeous ജോർജ്യസ് എന്നുച്ചരിച്ചുപോയാൽ പെട്ടതു തന്നെ; ഗോർജ്യസ് ആണു ശരി.

ഇംഗ്ലീഷ് ഭാഷയിലെ അക്ഷരമാല ചൊല്ലാനറിയാത്തവർ ചുരുങ്ങും. മിക്കവരേയും പോലെ, ഞാനും ഒരൊറ്റ ശ്വാസത്തിൽ ഇരുപത്താറക്ഷരവും പറയും. പക്ഷേ, H എന്ന അക്ഷരത്തിന്റെ ഉച്ചാരണം ഇന്നുമെനിയ്ക്കു ശരിയ്ക്കറിയില്ല. എച്ച് എന്നാണു ഞാനുച്ചരിച്ചുപോരുന്നത്. ഹെയ്‌ച് എന്നും ഉച്ചരിച്ചു കേൾക്കാറുണ്ട്. രണ്ടും തെറ്റു തന്നെയെന്നു കാണുന്നു. എ‌യ്‌ച്ച്, എയ്‌ഛ് എന്നിവയ്ക്കിടയിലെവിടേയോ ആണ് അതിന്റെ ഉച്ചാരണം കിടക്കുന്നത്.

P എന്ന അക്ഷരം നമ്മിൽ മിക്കവരും പി എന്നാണുച്ചരിച്ചുപോരുന്നത്. പക്ഷേ, Pയ്ക്ക് പഫബഭമയിലെ ഫ എന്ന മലയാള അക്ഷരത്തിന്റെ ശബ്ദത്തോടാണു ‘പ’യോടുള്ളതിലേറെ സാമീപ്യം. പേപ്പർ എന്നു നാം പറഞ്ഞുപോകാറുള്ളതിന്റെ ശരിയുച്ചാരണം, ഏകദേശം ഫേയ്‌പർ എന്നാണ്. ഫ ശകലം മൃദുവായിരിയ്ക്കണമെന്നു മാത്രം.

ചെറിയൊരു വ്യത്യാസം കൂടി വരുത്താനുണ്ട്: ഫേയ് പ്‌ർ, ഫേയ് പെർ എന്നിവയ്ക്കിടയിലാണു പേപ്പർ എന്ന വാക്കിന്റെ ശരിയുച്ചാരണം. പ്‌ർ, പെർ എന്നിവയിലെ പകാരത്തിനും ർ എന്ന ചില്ലിനുമിടയിലുള്ള സ്വരം സംവൃതോകാരത്തിനും (ചന്ദ്രക്കലയ്ക്കും) ഹ്രസ്വമായ എകാരത്തിനും ഇടയിലുള്ളതാണ്. ഈ സ്വരത്തിനു ഷ്വാ (schwa) എന്നു പറയുന്നു. ഇംഗ്ലീഷിൽ ഏറ്റവുമധികം ഉപയോഗിയ്ക്കപ്പെടുന്ന ശബ്ദവും ഷ്വാ തന്നെ. ഷ്വായ്ക്കു തുല്യമായൊരു സ്വരം മലയാളത്തിലില്ല.

മലയാളത്തിൽ സർവസാധാരണമായിരിയ്ക്കുന്നൊരു പദമാണു ഫേയ്സ് ബുക്ക്. F എന്ന ഇംഗ്ലീഷക്ഷരത്തിനു തുല്യമായി മലയാളത്തിൽ ഉപയോഗിയ്ക്കപ്പെടുന്ന ഫ എന്ന അക്ഷരത്തിന്റെ ഉച്ചാരണം Fന്റേതല്ല. ഫ എന്ന അക്ഷരത്തിന്റെ ശരിയുച്ചാരണം ഫലം, ഫണം, ഫലിതം എന്നീ വാക്കുകളിലേതാണ്. അതിന് F എന്ന ഇംഗ്ലീഷക്ഷരത്തിന്റെ ഉച്ചാരണമില്ല. മറ്റൊരു തരത്തിൽപ്പറഞ്ഞാൽ, F എന്ന ഇംഗ്ലീഷക്ഷരത്തിനു തുല്യമായ അക്ഷരം മലയാളത്തിലില്ല.

D എന്ന അക്ഷരത്തിനു തുല്യമായ അക്ഷരമല്ല, മലയാളത്തിലെ ഡ. ഡ എന്ന മലയാള അക്ഷരം ഉച്ചരിയ്ക്കുമ്പോൾ വായുടെ മേൽത്തട്ടിൽ ഉള്ളിലേയ്ക്കു നീങ്ങിയാണു നാവു സ്പ്ർശിയ്ക്കുന്നത്. ഇംഗ്ലീഷക്ഷരം d ഉച്ചരിയ്ക്കുമ്പോഴാകട്ടെ, മേൽപ്പല്ലുകളുടെ നിരയുടെ തൊട്ടുപുറകിലാണു നാവു മുട്ടേണ്ടത്. ഇംഗ്ലീഷക്ഷരം Tയ്ക്കും ഇതേ കുഴപ്പമുണ്ട്: ട അല്ല, റ്റ ആണു ശരി. ടേബിൾ, ടെയ്‌ലർ, ടൈപ്പ് എന്നിവയിലെ Tയുടെ ഉച്ചാരണം യഥാക്രമം റ്റേ, റ്റെ, റ്റൈ എന്നാണ്. തിരുവനന്തപുരത്തുകാർ ഇതു കൃത്യമായി ഉച്ചരിയ്ക്കാറുണ്ട്. ഞാനുൾപ്പെടെയുള്ള എറണാകുളം ജില്ലക്കാർക്ക് ട യോടാണ് ആഭിമുഖ്യം.

മലയാള അക്ഷരമാലയിൽ Z എന്ന ഇംഗ്ലീഷക്ഷരത്തിനു തുല്യമായ അക്ഷരമില്ല. ഹിന്ദിയിലതുണ്ട്: ജ എന്ന അക്ഷരത്തിനടിയിൽ കുത്തിട്ടാൽ zന്റെ ഉച്ചാരണം കിട്ടുന്നു. മലയാളത്തിൽ അതില്ലാത്തതുകൊണ്ടു zero സീറോയും Zee TV സീ ടീവിയുമാകുന്നു.

എഴുത്തുപോലെ തന്നെ ഉച്ചരിയ്ക്കാവുന്ന ഭാഷയാണു മലയാളം; ഫൊണറ്റിക് ലാംഗ്വേജ്. മലയാളത്തിന്റെ ഉച്ചാരണത്തിൽ സന്ദിഗ്ദ്ധതകളില്ല. ഇംഗ്ലീഷുച്ചാരണമാണെങ്കിൽ നേർ വിപരീതവും; എഴുതിയിരിയ്ക്കുന്ന പോലെ ഒരിയ്ക്കലും വായിയ്ക്കാത്ത ഭാഷയാണിംഗ്ലീഷ്. is എന്ന ഒറ്റയുദാഹരണം മതി ഇതു തെളിയിയ്ക്കാൻ. is എന്നെഴുതിയാൽ ഐസ് എന്നാണു വായിയ്ക്കേണ്ടതെങ്കിലും, ഇംഗ്ലീഷുകാരത് ഈസ് എന്നാണു വായിയ്ക്കുന്നത്. ഐസി എന്നു വായിയ്ക്കേണ്ട iceയെ അവർ ഐസെന്നും വായിയ്ക്കും.

മലയാളത്തിന്റേയും ഇംഗ്ലീഷിന്റേയും ഉച്ചാരണസമ്പ്രദായങ്ങളിലുള്ള വൈജാത്യത്തെ അതിജീവിയ്ക്കാൻ മലയാളികൾക്കു കുറേയൊക്കെ ആകാറുണ്ട്. എന്നാൽ, നമുക്കിംഗ്ലീഷു പറയാനാകുന്നതുപോലെ, ബ്രിട്ടീഷുകാർക്കു മലയാളം പറയാനാകുമോ! ഇംഗ്ലീഷുകാർ ‘കുരച്ചു കുരച്ചു മലയാലം’ പറയുമ്പോൾ നാം ചിരിച്ചു ചിരിച്ചു മണ്ണുകപ്പും. അതുപോലെ ചിരിച്ചു മറിയാനുള്ള അവസരം നമ്മുടെ ഇംഗ്ലീഷുച്ചാരണം അവർക്കു നൽകാറില്ലെന്നു ഞാൻ ആത്മവിശ്വാസത്തോടെ തന്നെ പറയും; കാരണം, ഇംഗ്ലീഷുകാരോളം തന്നെ മികച്ച ഇംഗ്ലീഷു സംസാരിയ്ക്കുന്ന ചില പ്രവാസികളെ എനിയ്ക്കു നേരിട്ടറിയാം.

അന്യഭാഷ സംസാരിയ്ക്കുമ്പോൾ കടന്നു വരുന്ന മദർ ടങ്ങ് ഇൻഫ്ലുവൻസ് – എം ടി ഐ – എന്നു പൊതുവിൽ അറിയപ്പെടുന്ന മാതൃഭാഷാസ്വാധീനം നമ്മേക്കാൾ കൂടുതൽ ഇംഗ്ലീഷുകാരെയായിരിയ്ക്കും ബാധിയ്ക്കുന്നതെന്നു തീർച്ച.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here