പുഴയിൽ പുല്ലിൽ തഴുകി തലോടി
പഴയ പാട്ടൊ,ന്നീണത്തിൽ പാടി
മറയുകയായി സൂര്യൻ, പകലിന്റെ
ചുമട് താങ്ങി തളർന്നു നമ്മളും
വഴിയതാ മുന്നിൽ നീണ്ട് നിവർന്ന്
പടി വരെ ചെല്ലോളം പലതായ് പിരിഞ്ഞും
തിരികെയെപ്പോഴോ വന്നൊന്നായ് വളർന്നും
അതിരിൽ കുഞ്ഞു മഞ്ഞ കമ്മലിട്ട്
പടർന്ന ചെടിയെ പിന്തുടർന്ന് പതിഞ്ഞ ചുവടുമായ്
പഴങ്കഥ പോലെ നമ്മളും
പരക്കുമിരുട്ടിൽ സ്വയം മറഞ്ഞും
പൊടിഞ്ഞ നൊമ്പരം ചിരിയാൽ പൊതിഞ്ഞും
കരവിരുതിനാൽ ഉലച്ച വെള്ളി-
വര വീണ നനുത്ത മുടിയിൽ
ഒരു തുളസി കതിർ മണം തിരഞ്ഞു മടുത്തു പോയ കാറ്റിനൊപ്പം
വഴിയിലീവഴി ഒരുമിച്ചു കൂടി
വെറുതെ കണ്ടു പിരിയുവാൻ നമ്മളും
ഇല്ല, മോഹ പൊതിയഴിച്ച,ൽപ്പമെങ്കിലും പങ്കു വെക്കുവാൻ
വറ്റി പണ്ടേ വരണ്ടു പോയ് നിന്നെ കാണുമ്പോഴൊക്കെ ചുരന്ന കവിതകൾ
പൂക്കുവാൻ കാത്തിരുന്ന ചില്ലകൾ
പാൽ നിലാവിലലിഞ്ഞ രാത്രികൾ
ഇല്ല, തമ്മിൽ കൊരുക്കുവാൻ
കാലം കൂട്ടി വെച്ച കിനാക്കളൊന്നും…
എങ്കിലെന്താ,കാശ കാഴ്ചകൾ കണ്ട്
ഇത്തിരി കൂടി നടക്കാം, കൈകോർത്ത് സ്വപ്നമേ…
ജീവന്റെ വേരടരാതെ,
വീശും മരുക്കാറ്റിൽ ആടിയുലയാതെ,
കാത്തു ഞാൻ സൂക്ഷിച്ച
കണ്ണുനീർ മുത്തുകൾ
മേലേ ചിരിക്കുന്നോ
നക്ഷത്രമക്കളായ്..!
മറ നീങ്ങി മിഴിവിന്റെ
വർണ്ണ വിഹായസ്സിൽ,
നാമു,ദിക്കുന്നോ പൊൻ ചാന്ദ്ര ശോഭയായ്…!
വീണ്ടും
ഇരുൾ പോയി നിറവിന്റെ
ചക്രവാളത്തിൽ,
നാമു,യർക്കുന്നോ സ്നേഹ
സൗവർണ്ണമുദ്രയായ്….!
തുടരുകീ യാത്ര, നമുക്ക് കാവലായ്
കടലോളം പ്രിയം ഉള്ളിലില്ലേ….?!