സാംപ്രാണിത്തിരികത്തും പുകതൻ മണം;
തേങ്ങൽ അടക്കിപ്പിടിച്ചുള്ള പയ്യാരം, വിങ്ങിപ്പൊട്ടൽ,
വെളുത്തവസ്ത്രം കൊണ്ടു പുതച്ചു കിടത്തിയ ജഡത്തിൻ തലക്കലായ് കത്തുന്നു വിളക്കുകൾ,
ദു:ഖത്തിൻ മുഖമുള്ള ബന്ധുക്കൾ, സുഹൃത്തുക്കൾ
മൂകരായ് ചുറ്റും കൂടി ഇരുന്നു തപിക്കുന്നു.
സംഘടനകൾ ഒരുചടങ്ങായ് നാനാതരം
പുഷ്പചക്രങ്ങൾ വച്ചു തൊഴുതുമടങ്ങുന്നു.
കർമികൾ വന്നിട്ടുണ്ടു, കർമം ചെയ്യുവാനുള്ള
മക്കളും മരുമക്കൾ എല്ലാരുമിവിടുണ്ടു.
പൊതുസമ്മതനത്രേ മരണപ്പെട്ട വ്യക്തി,
ഉത്സവപ്പിരിവുകൾ, സഹായപ്പിരിവുകൾ
പടേനിപ്പിരിവുകൾ, വായനപ്പിരിവുകൾ
വന്നാരു ചോദിച്ചാലും വേണ്ടപോൽക്കൊടുക്കുന്ന
നല്ലവൻ, മാന്യനായ വ്യക്തിയാണെല്ലാവർക്കും.
നീണ്ട പന്തലുകെട്ടി കസേര നിരത്തിയും
വേണ്ടപ്പെട്ടവർക്കെല്ലാം സുഖമായിരിക്കുവാൻ:
പന്തലു നിറയുന്നു ആളുകൾ കൂടീടുന്നു
സംഘങ്ങൾ തിരിയുന്നു ചർച്ചകൾ തുടങ്ങുന്നു,
രാഷ്ട്രീയം പറയുന്നു, തർക്കങ്ങൾ മൂത്തീടുന്നു,
വേറൊരു സംഘം ഫോണിൽ കാണുന്നു , കാണിക്കുന്നു പാട്ടുകൾ തമാശകൾ മറ്റോരോ കാര്യങ്ങളും, സാഹിത്യ ചർച്ച നാടൻകല തൻ മാഹാത്മ്യവും നമ്മുടെ സിനിമതൻ ഭാവിയും ചർച്ചക്ക്.
ഇങ്ങനെ ഓരോ തരം ചർച്ചകൾ നടക്കുന്നു
സംസ്കാരകർമത്തിൻ്റെ ചടങ്ങും നടക്കുന്നു
ആളുകൾ പിരിയുന്നു, വീട്ടുകാർ ദു:ഖിക്കുന്നു…