ശാന്തമായിരിപ്പുണ്ട് നിന്‍റെ ധ്യാനവിഗ്രഹം
പൂമുഖമുറിയിലെ പ്രദര്‍ശനമേശമേല്‍
പക്ഷെ, നോക്കാറില്ലൊരിക്കലും, ദേവാ, നിന്നെ
ആയിരമാവര്‍ത്തി ഞാനാവഴി നടന്നാലും
പിന്നെയെങ്ങിനെ കേള്‍ക്കാനാണു ഞാന്‍,
എങ്ങിനെയറിഞ്ഞീടാന്‍
നിന്‍റെ ശാന്തിമന്ത്രങ്ങള്‍,
പ്രപഞ്ചദുഃഖത്തിന്നുള്ളൊറ്റമൂലിയാം
സംസാരപ്രശമനപ്രാക്തനപ്രബോധനം?
നിന്‍റെ വിഗ്രഹം വെറുമൊരലങ്കാരം
എന്‍റെ വ്യാജമാം ആത്മീയതക്ക് പരസ്യം, മുഖംമൂടി,
സത്യത്തില്‍, ജീവിതമെനിക്കതിശ്ശോച്യം, അപര്യാപ്തം
അസംഖ്യം ആവശ്യപൂരണാര്‍ത്ഥം നടത്തും പരാക്രമം
വിശ്രാമമില്ലാത്തോരു സംസാരമഹാചക്രം
ആഗ്രഹനിവൃത്തിക്കായ് പരക്കം പായുന്നു ഞാന്‍
കയ്യെത്താ സുഖത്തിന്‍റെ പിന്നാലെയെല്ലായ്പ്പോഴും
ഓടിത്തളര്‍ന്നു പാതിവഴിയില്‍ പതിക്കവെ
അകലും വിദൂരചക്രവാളങ്ങളിലെന്‍റെ
ഭോഗങ്ങള്‍ മരുജലഭ്രാന്തിയായ് മറയുന്നു
പണ്ട് നീ ത്യജിച്ചെന്ന് കേട്ടിട്ടുണ്ട് ഞാന്‍
നിന്‍റേതായ് നിനക്കന്ന് തോന്നിയതെല്ലാമെല്ലാം
പിന്നെ നീ തിരഞ്ഞലഞ്ഞു നടന്നു സത്യത്തിനെ
അന്ത്യത്തില്‍ ബോധിമരത്തണലില്‍ തെളിഞ്ഞത്
നീതന്നെയെന്ന വ്യക്തബോധമായ് തീരും വരെ
എങ്ങിനെയാര്‍ജ്ജിച്ചു നീ അത്തരമിച്ഛാശക്തി?
എന്‍റേതാകുമോ അത്, എല്ലാമിടത്തുമെല്ലായ്പോഴും,
ഓരോ നിമിഷവും, അവിരാമം, നിന്നെ ഞാന്‍ വിളിച്ചീടില്‍,
ഭര്‍ത്താവച്ഛനെന്നിങ്ങനെ വേഷഭൂഷകള്‍ കടമകള്‍
കുറ്റബോധമൊരിറ്റും തീണ്ടാതെ ത്യജിച്ചീടില്‍,
പണ്ടൊരേകാന്തമാം രാത്രിയില്‍ നീ ചെയ്തു കടന്നപോല്‍?
തെറ്റുപറ്റിയോ എനിക്ക്? ഒരു കഥ ഞാന്‍ കേട്ടിട്ടുണ്ട്
പണ്ടോരോ ചൊല്ലി നിന്നോട് “സുഖം ഞാന്‍ കാംക്ഷിക്കുന്നു”
ചെറുപുഞ്ചിരിയോടെ നീ അയാളോട് ചൊല്ലി, ആദ്യം
ത്യജിക്കാന്‍ ഞാനെന്നുള്ള ഭാവത്തെ, പിന്നെ
പിറകെ വരുന്നോരു കാംക്ഷയെ, അപ്പോള്‍
സുഖം മാത്രമേ സ്വയം ബാക്കിയായ് കാണാന്‍ പറ്റു
“ആ സുഖം നീയെപ്പോഴും, കാംക്ഷിക്കാനെന്തുണ്ടതില്‍
കാംക്ഷിക്കുന്നവന്‍ തന്നെ സുഖം, കാംക്ഷിക്കല്‍ നിവൃത്തിച്ചാല്‍”
അതിനാല്‍ തരൂ ദേവാ! എനിക്കാവോളമിച്ഛാശക്തി
എന്‍റെ കുമിയുമാഗ്രഹങ്ങളെ, എന്‍റെ അഹത്തെ,
നിന്‍റെ പാദപത്മത്തില്‍ വച്ചു കുമ്പിടാന്‍,
ജീവിതബോധിവൃക്ഷത്തണലിലിരുന്നു ഞാന്‍
വേഷങ്ങളാടി കര്‍മ്മം ചെയ്യട്ടെ അലിപ്തനായ്,
നിന്നെപ്പോല്‍, തെളിഞ്ഞുള്ള ചിത്തശുദ്ധിയില്‍,
സംസാരക്കെണികളില്‍ വീഴാതെ, ഘനീഭൂത-
ശാന്തിയാം സുഖത്തിന്‍റെ തുണ്ടമായ് മാറട്ടെ ഞാന്‍
Click this button or press Ctrl+G to toggle between Malayalam and English