പ്രഭാതം വന്നപ്പോഴും
അവർ കൂവി ഉണർത്തിയില്ല.
ഉറക്കം ഉണർന്നതുമില്ല.
എഫ് എം റേഡിയോയിലെ
നിർത്താതെയുള്ള പാട്ടും കേട്ട്
തല മുകളിലേക്ക് ചെരിച്ച്
സാവധാനം ഇളകിക്കൊണ്ടിരുന്നു
കൂട്ടിലേക്ക് വെള്ളവും ഭക്ഷണവും
വെച്ച യജമാനനെ
നിർവികാരമായി നോക്കി
വീണ്ടും ഇളകിക്കൊണ്ടിരുന്നു.
അസ്തമയവും , ഉദയവും
രാവും ,പകലുമറിയാതെ
കൂട്ടിൽ കത്തുന്ന
മഞ്ഞ വെളിച്ചത്തിൽ
ജീവിതം തള്ളിനീക്കുന്നു.
അറവുകാരൻ നീട്ടിയ
കത്തിയിൽ നോക്കി
നിർവികാരനായി
വീണ്ടും ഇളകിക്കൊണ്ടിരിക്കുന്നു.
കൊല ചെയ്യപ്പെട്ടവരോട്
വർഗ്ഗ സ്നേഹമില്ലാതെ,
സ്വാതന്ത്യ മോഹങ്ങളില്ലാതെ,
കണ്ണീരില്ലാതെ,
ശബ്ദങ്ങളില്ലാതെ,
ആരാച്ചാരുടെ കൊലക്കത്തിയിൽ
മരണം കാത്തിരിക്കുന്നു.
തന്റെ തണുത്ത രക്തം കൊണ്ട്
അറവുകത്തിയിൽ
പൂക്കൾ വരച്ച്,
ഒന്ന് പിടയാൻ പോലും നിൽക്കാതെ
കണ്ണടച്ച് നടന്നു പോകുന്നു.
എങ്കിലും അവർ
രാജ്യസ്നേഹികളായിരുന്നു.