ബ്രോഡ്കാസ്റ്റ്

 

 

സത്യാനന്തരകാലത്ത്
ഭൂമിയിൽ മുഴുവൻ തൊഴുത്താണ്.
അവനവനിലേക്ക്
കുടിയേറിയ ഭിന്നരൂപികളും
അടിമകളുമായ കീടങ്ങളുടെ,
അകിട് വീർത്ത
കുളമ്പ് രോഗമുള്ള
ജെഴ്സി പശുക്കളുടെ.

പ്രീണനങ്ങളിൽ ആളുകളെല്ലാം
ബഹുരൂപികളാണ്
പരസ്പരം കൊള്ളയടിച്ച്
യുക്തിയെ വെടിവെച്ചിട്ട്‌
കപ്പം പിരിച്ച് അവരിലൊരാൾ രാജാവാകുന്നു
അണികൾക്കയാൾ
സ്നേഹവായ്പ്പിന്റെ
അവസാനത്തെ അത്താഴം വിളമ്പുന്നു.

അവർ ഓരോ നുണയ്ക്കും
ഓരോ കല്ലെടുത്തു വയ്ക്കുന്നു
കുരിശേറിയൊരാൾക്ക് നേരെ
പിന്നൊരിക്കൽ ഉന്നം പിടിക്കുവാൻ.
അടിമകൾ പുഴക്കരയ്ക്കു പോയി
മേലാളരുടെ തുണിയലക്കി വെളുപ്പിക്കുന്നു,
സ്വന്തം തുണിയരിക്കുന്നു,
ജടിലഭാഷണങ്ങളിലവർ
സത്യത്തെ കൊള്ളയടിക്കുന്നു,
മറ്റൊരു ശൈലിയിൽ.
സത്യാനന്തരകാലത്ത്
ഭൂമി മുഴുവനും അരിപ്പയാണ്.

നിങ്ങൾ കീടങ്ങൾ മിടുക്കരാണ്
നിങ്ങൾ സ്വയമൊരു
ഫാക്ടറിയായിത്തീരുന്നു.
ചിലപ്പോൾ ഒരു ചേരി പോലെ
നിങ്ങൾ പുളച്ചു കൊണ്ടേയിരിക്കും.
ഗ്രൂപ്പുകളിൽ നിന്ന് ഗ്രൂപ്പിസമാകും.
അപ്പോൾ ഞങ്ങളുടെ പുരയിടങ്ങൾ
നിങ്ങൾ കുടിയേറും
സ്വാതന്ത്ര്യങ്ങൾക്കു പിറന്ന വാക്കുകൾ
നിങ്ങൾ തട്ടിപ്പറിക്കുo.
പക്ഷെ ഞങ്ങൾക്ക് മനസ്സിലാവില്ല
നിങ്ങൾ വികാരവിക്ഷോഭിതരായാണല്ലോ
വിഷയങ്ങളുടെ അവതരണം
ഞങ്ങൾ അലിവുള്ളവരും.
സത്യാനന്തരകാലത്ത് ഭൂമിയിൽ
സത്യവും മിഥ്യയും തമ്മിലുള്ള
ഗറില്ല യുദ്ധമാണ്.

അടിമൾക്ക് മുതലാളിമാരുടെ
തൊഴുത്തിലേക്ക് കയറാൻ കഴിയില്ല
കുളിക്കാൻ
അവരുടെ കുളത്തിലേക്ക് ഇറങ്ങാനും
ദാഹിച്ചാൽ വെള്ളം കോരുവാനും.
അവിടെ വിഷമഴയാണ് പെയ്യുന്നത്.
നിങ്ങളപ്പോൾ ഞങ്ങളുടെ
കുളം കലക്കും.
ഞങ്ങൾ സത്യാനന്തരലോകത്തെ
അടിമകളായ കീടങ്ങളെ,
അവരുടെ മുതലാളിമാരെ,
വിഴുപ്പുഭാണ്ഡങ്ങളെ,
വിസർജ്യങ്ങളെ,
അവരുടെ നാറ്റമുള്ള ജല്പനങ്ങളെ,
എങ്ങനെ അതിജീവിക്കുമെന്നാണ് /
അതിജീവിക്കണമെന്നാണ്
നിങ്ങൾ പറയുന്നത് ?

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English