കവിതകളെല്ലാം
കൂമ്പിയ
അമ്മിഞ്ഞ പോലാണെന്ന്
കാടോരത്ത്,
കുടിച്ചു വറ്റിച്ച
ചാരായ പുഴകളെണ്ണി
മാറുമറയില്ലാത്ത
ഷാപ്പു പെണ്ണുങ്ങൾ പറയുന്നു.
അവർ
ചൂരൽ കൊട്ടകളേന്തി
കാടുപെറ്റ
കവിതകുഞ്ഞുങ്ങളെ
തേടുന്നു.
തേടുന്നതിനിടയ്ക്ക്
കുമിഞ്ഞുകൂടുന്നു
ശുക്ല സഞ്ചി
കാവ്യങ്ങൾ
അവപെണ്ണുങ്ങടെ
അടിപ്പാവാട
വലിക്കുന്നു.
കാട്ടു ഗുഹകളിൽ
അടയിരിക്കുന്നു.
വെടിയൊച്ച കൊഴുപ്പുള്ള
പുരാണങ്ങൾ
അവ മണത്ത്
രാമ ചെള്ളുകൾ
കൊമ്പുകൾ
മൂർച്ഛ കൂട്ടി വെക്കുന്നു.
കട വായിൽ ചോരക്കറ
പിണഞ്ഞ,
അട്ടകൾ
യുദ്ധ ബാങ്ക് വിളിക്കുന്നു.
കുരങ്ങു വലകൾ
തന്റെ വരികൾ
കട്ടെടുത്തെന്ന്
അമ്മ മീനുകൾ.
അരുവിയുടെ കവിതാ
താളമുടച്ച്
അവർ
ചാവേറുപാടുന്നു.
പെണ്ണുങ്ങടെ
പാദസര
കിലുക്കം കേട്ട്
ദൈവകവിതകൾ
ആർത്തവ മരങ്ങളിൽ
തൂങ്ങി മരിക്കുന്നു.
കാട്ടാള കുഞ്ഞുങ്ങൾ
വേട്ടയാടിപ്പാടിച്ച
കവിതകളെ ചൊല്ലി
കുരുവികൾ
കാട്കുലുക്കുന്നു.
കൊമ്പുകളിൽ
പാറിയിരുന്ന്
തൊണ്ടക്കുഴിയിലെ
ഇരുട്ട് ചെപ്പ്
ശർദ്ദിക്കുന്നു.
പതിയെ
പതിയെ
കാട്ടു കവിതകൾ
ചൊല്ലി
കവിതയില്ലാക്കാടിറങ്ങുന്നു.
ഷാപ്പു പെണ്ണുങ്ങൾ.
അന്തിവിളക്കുകളേന്തി
കവികൾ
കവയത്രികൾ
കുടിച്ചു മറിയാൻ
ചാരായ ഷാപ്പ്ലക്കാക്കി
ബിംബ തോണികൾ തുഴയുന്നു.
അവർക്ക് തൊട്ടുകൂട്ടാൻ
മുല കണ്ണടഞ്ഞ
അമ്മിഞ്ഞ കവിതകൾ
ഇറച്ചി കുക്കറിൽ വേവുന്നു.
—– – – – – – – – – – – – – – – – – – – ആദിത്ത് കൃഷ്ണ ചെമ്പത്ത്