ചിന്തകൾ മേയുന്ന ഭ്രാന്താലയത്തിൽ
ചിന്തിച്ചു കൂട്ടുന്നു ഭ്രമിത മോഹങ്ങളെ
ചുടുചോര പൂക്കുന്നൊരഞ്ചിതൾ പൂവിനെ
ചുറ്റിനും കൂടീട്ട് ഭ്രാന്തിയാക്കുന്നുവൊ..
മണമില്ല നിറമുള്ളോരോർമ മാത്രം,
മധുരം നുണയുന്ന നാദങ്ങളില്ല
മണ്ണിലെ ശ്വാസമായി മാറിയിട്ടും
കണ്ണിൽ എന്നെ ഭ്രാന്തിയാക്കുന്നു മർത്യർ
ദൃഷ്ടിയിൽ ഞാനോ ഭ്രഷ്ടയായീടുന്നു
സൃഷ്ടിയിൽമേവും, അതുല്യയായീടുന്നു
കുഷ്ഠം പിടിച്ചോരു മാനസങ്ങൾ
കഷ്ടമാക്കീടുന്നു എന്റെ ജന്മം
ഔഷധം സേവിച്ച് പൊലിക്കുന്നുവോ
ഔചിത്യബോധം വിളമ്പുന്ന പറ്റം
ഔദാര്യമൊക്കെ ചേർത്തുവെച്ചിട്ട്
ഭ്രാന്തിയെന്നെന്നെ മുദ്രകുത്തുന്നിവർ
പ്രണയം ചുരത്തുന്ന പനിനീർപൂവ് അല്ല
പ്രണയനൈരാശ്യത്തിൻ സൂര്യകാന്തിയുമല്ല ഞാൻ
പ്രിയം വേണ്ടെനിക്കിന്ന്, നിങ്ങളെനിക്ക-
പ്രിയം മാത്രം കൽപ്പിച്ചു നൽകുന്നു
മണ്ണിൽ ഞെട്ടറ്റു വീഴുന്നു ഞാൻ
വിണ്ണിൽ നിങ്ങളാൽ ഭ്രാന്തിയായവൾ
എന്മന കദനം കൊണ്ടു ഞാൻ സൃഷ്ടിയിൽ,
എണ്ണ വറ്റാത്തൊരു ദീപമായി മാറുന്നു