എൻ്റെ അകക്കണ്ണ്
പൊട്ടിപ്പോകുന്നു.
നീർമാലീ..
അടിവാരം
ഇപ്പോൾ
സൂര്യകാന്തികളെ
പെറ്റിടുന്ന
സമയമാണ്.
നാട്ടിൽ,
സൂര്യകാന്തിപ്പൂക്കൾ
വിരിയുന്നത്
പുഴയ്ക്ക് വേണ്ടിയാകണം
കുരുവികൾക്കു വേണ്ടിയാകണം.
ഒന്നാം
കുന്നിനപ്പുറത്തെ
ടാർ റോട്ടിലൂടെ
മഴയത്ത് തൊപ്പിക്കുടപിടിച്ച്
പോകുന്ന കിന്നാരക്കുട്ടികൾക്ക് വേണ്ടിയാകണം.
അതുമല്ലെങ്കിൽ
മഴവില്ലിൻ്റെ
നിറങ്ങളേതുമുള്ള
ചായംകൊണ്ട്
ഞാൻ വരച്ച
നീർമാലിയുടെ
ദേഹത്തെ
നനഞ്ഞ മഞ്ഞ്
തുള്ളികൾക്കു
വേണ്ടിയാകണം.
അടിവാരം
എപ്പോഴും
കിരുകിരാ കരയും
അവളുടെ പാദസര
കിലുക്കങ്ങളിൽ
മൊട്ടിടുമായിരുന്നു
അവളുടെ
കവിൾച്ചോരയുടെ
നിറമുള്ള സന്ധ്യകൾ.
ഒന്നാമത്തെ
കത്ത്
അവൾ പോയ
നഗരത്തിൻ്റെ
ഒരു ഭ്രാന്തുമില്ലാതെ
വന്നു…
മുത്തശ്ശിയുടെ
മടിയിലിരുന്ന്
അവളുടെ
മുടിച്ചേലോർത്തു.
സൂര്യകാന്തി നിറമുള്ള
ഇഴകൾ….
കുളത്തിലെ
തള്ള മീനുകൾ?
അമ്മക്കരടികൾ?
അവൾ ചോദിക്കുന്നു.
കുഞ്ഞുങ്ങളെ
മൂലയൂട്ടുന്ന
സിംഹവാലൻ കുരുങ്ങത്തികൾ?
അടിവാരത്ത്
അമ്മൂമ്മത്താടികൾ
ചിരിച്ചു വീഴുന്നു..
മുത്തശ്ശി
പറഞ്ഞപോലെ
നീർമാലിക്ക്
എല്ലാമറിയണം.
പെറ്റിക്കോട്ടിട്ട്
അവളോടിയ
അടിവാര വഴികളിൽ
രാത്രിയിൽ
നക്ഷത്രങ്ങൾ
ഇപ്പോഴും
പെയ്യുന്നു
അവളുടെ
തള്ളമീനും
കുരങ്ങും
പുൽച്ചാടിയും
സുഖമായിരിക്കുന്നു
മറുപടികത്തിൽ
നീർമാലിയുടെ
കുട കമ്മലുകളെ
കൂടി വരച്ചു.
അതവൾക്കേറ്റും
ഇഷ്ടമുള്ള
സൂര്യ കാന്തി
പൂക്കളായിരുന്നു.
അടിവാരത്തെ
ഒരു നിറഞ്ഞ
പൂക്കാലത്ത്
കുന്നേലിരുന്ന്
രണ്ട് കിളികൾ
മരണഗീതം
പാടുന്നത് കേട്ടു.
സാത്തൻ നക്ഷത്രങ്ങൾ
ഉദിച്ച് വരുന്ന കാലമാണെന്ന്
മുത്തശ്ശി പറഞ്ഞു.
അങ്ങനെയിരിക്കെ
എരുമയുടെ
മേച്ചിൽ പുറങ്ങളിലാണ്
കറുത്ത ഭീമൻ
വന്ന് പൊട്ടിയത്.
അടിവാരത്തൂടെ
വെപ്രാളപ്പെട്ടോടുന്ന
എരുമകളുടെ
പേടിക്കരച്ചിൽ….
നെഞ്ചുളുക്കുന്ന
കുളമ്പൊച്ച…….
ഇവറ്റകളെൻ്റെ
നീർമാലിയുടെ
പൂക്കൾ ചവിട്ടിമെതിക്കും!
മഞ്ഞ്,
കുട്ടികളെ
പോലെ
കരയണ രാത്രിയിൽ
വീണ്ടും
കറുത്ത ഭീമൻ!
സന്ധ്യയ്ക്ക്
ഞാൻ കണ്ട
അകാശ ചുവപ്പ്
അതുരുണ്ടുരുണ്ട്
മലയമ്മകളെയുടച്ചു.
ഗർഭപാത്രം
വറ്റി പോയ
അമ്മൂമ്മത്താടികളുടെ
കാടുകൾ….
ദിശമാറിയൊഴുകി
കുഞ്ഞു പാമ്പുകളെ
ശ്വാസം മുട്ടിച്ച്
കൊല്ലുന്ന
മരണപ്പുഴകൾ…
റാന്തൽ തൂണുകളിൽ നിന്ന്
തിരി യെടുത്ത്
ഈ രാത്രിയിൽ
ഇവിടം വിടാമെന്ന്
മുത്തശ്ശി…
അടിവാരത്തെ
മുത്തശ്ശൻ്റെ
കുഴിമാടത്തിനരികെ
രണ്ട് പൂവ്
മണ്ണിടിച്ചിലിൽ
കൈകൾ കോർത്ത്
നിർഭയത്തോടെ മരണം വരിച്ച
അടിവാരത്തെ
നാട്ടുകഥയിലെ രണ്ട്
കമിതാക്കളെ പോലെ
നീർ മാലിയുടെ അടിവാരത്തെ
രണ്ട് സൂര്യകാന്തിപ്പൂവ്.
” ഇത് കുട്ടികളുടെ
നാടല്ല
നീർ മാലിയുടെ നാടല്ല ”
മുത്തശ്ശി
പറയുന്നു.
ആ സന്ധ്യയിൽ
ഉടഞ്ഞു വീഴാറായ
എൻ്റെ കുടിലിനരികെ
തല മുറിഞ്ഞുപോയ
സൂര്യകാന്തി പൂക്കളുടെ
ഇടയിൽ
നീർമാലിയുടെ കത്ത് ..?
വേര് ചൂഴ്ന്ന
മരമുത്തശ്ശൻമ്മാരുടെ
മലയരികെ ഞാൻ
വന്ന് നിന്നു.
അകലെ
പിള്ള ചത്ത
കുരങ്ങത്തികളുടെ
കരച്ചിൽ…
വറ്റിയ കുളക്കരയിൽ നിന്ന്
സ്വർണ്ണ മീനുകളുടെ
പിടച്ചിൽ
കത്തിൽ നിന്ന്
പതുക്കെ
ചോരയരിച്ചു.
അതെൻ്റ
ഉള്ളം കയ്യിലിരുന്ന്
മണക്കുന്നു
ഇന്ന് അവളുടെ
ജന്മദിനമാണല്ലോ
നീർമാലിയുടെ
ജന്മദിനം..
കറുത്ത ഭീമൻ
വീണ്ടും
നീർമാലിയുടെ
പൂന്തോപ്പുകളെ
തച്ചുടക്കുന്നു.
അന്ന് ആദ്യമായി
അടിവാരം
നീർമാലിയുടെ
രക്തം കണ്ട്
ഇരുളടയുന്നത്
ഞാനും മുത്തശ്ശിയും കണ്ടു.