ഒളികണ്ണാലങ്ങനെ മൂളി മൂളി
ചെറു ചിറകൊന്നങ്ങിളക്കിയതാ
വരവായി മധു നുകർന്നങ്ങു രസിക്കാൻ
വരിവണ്ടതെന്റെയരികിലേക്കായ്
തഴുകിത്തലോടി കടന്നു പോയി
വീണ്ടും മൃദുഗാനശകലമുതിർത്തിടുന്നു
ചിരിതൂകി ഞാനെന്റെ കരതലം നീട്ടി
വരികെന്നതോതിയെൻ മിഴികളാലെ
പലവിധ കഥകൾ പറഞ്ഞു കാതിൽ
പതിവുപോലെയെന്റെയീ കവിളിൽ നുള്ളി
ചിറകുവിടർത്തിപ്പറന്നകന്നു
അഴകെന്നിലേറെയുള്ളൊരാപ്പൂവിനെ
തഴുകി തലോടി നടന്നിടുന്നു
ഹൃദയം നുറുങ്ങുന്നു വേദനയാൽ
മിഴിനീരതൊഴുക്കിയോ നിന്നു ഞാനും
ചതിയനാണാനരികിൽ വരേണ്ട നീയും
ചിതയിലേക്കങ്ങു ഞാൻ പോകും വരെ