പുസ്തകങ്ങൾക്ക് ജീവനുണ്ടെന്ന് ചില വായനക്കാർ വിശ്വസിക്കുന്നു, അക്ഷരങ്ങൾക്ക് ആത്മാവുണ്ടെന്ന് എഴുത്തുകാർ വിചാരിക്കുന്നത് പോലെ. അവരുടെ ഏകാന്തതയിലും, യാത്രയിലും പുസ്തകങ്ങളും ഒപ്പം കൂടുന്നു. ഒരിക്കൽ പ്രിയപ്പെട്ടതായി കണ്ടിരുന്ന പുസ്തകങ്ങൾ കാലം മാറുമ്പോൾ മാതാപിതാക്കളെ പോലെ അധികപ്പറ്റാവുന്നതിനെപ്പറ്റിയാണ് സുസ്മേഷ് ചന്ദ്രോത്ത് പറയുന്നത്. ആർക്കും വേണ്ടാതാകുമ്പോൾ വഴിയരികിലോ, വല്ലയിടത്തുമോ ഉപേക്ഷിക്കപ്പെടുന്നു. അവയിലെ കൈപ്പടയിലുള്ള എഴുത്തുകൾ അസ്വസ്ഥത ഉണ്ടാക്കുന്നു. കുറിപ്പ് വായിക്കാം:
‘തെരുവില്‍ പുസ്തകങ്ങള്‍ തേടുമ്പോള്‍ ഞാനനുഭവിക്കുന്ന ഒരു നൈതികപ്രശ്‌നമുണ്ട്. അത് ഉപേക്ഷിക്കപ്പെടുന്ന അവസ്ഥയെക്കുറിച്ചാണ്. മുമ്പും ഇതിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. ഒരിക്കല്‍ പാലക്കാട് താമസക്കാലത്ത് തെരുവില്‍ നിന്നും കിട്ടിയ പാസ്റ്റര്‍നാക്കിന്റെ ഡോ. ഷിവാഗോയിലെ കൈയൊപ്പുകളെപ്പറ്റി. ഒന്നല്ല, ഒന്നിലധികം കൈയൊപ്പുകള്‍ ഒരു പുസ്തകത്തിലുണ്ടായിരുന്നു. ഒരുകാലം ആര്‍ക്കോ ഏറെ പ്രിയപ്പെട്ടതായിരുന്ന ഒന്ന് മറ്റൊരുകാലം ആ ആളുടെ അസാന്നിദ്ധ്യത്തിലോ ആ ആളുടെ മടുപ്പിലോ അനാഥമായിത്തീരുന്ന അവസ്ഥ. അത് പുസ്തകങ്ങള്‍ക്കും വൃദ്ധജനങ്ങള്‍ക്കുമാണ് ഏറെ നേരിടേണ്ടിവരുന്നതെന്ന് തോന്നുന്നു.
വൃദ്ധര്‍ ക്ഷേത്രനടകളില്‍ വലിച്ചെറിയപ്പെടുന്നു. അനാഥാലയങ്ങളില്‍ എത്തിപ്പെടുന്നു. പുസ്തകങ്ങള്‍ രണ്ടാംകൈ വില്‍പ്പനക്കാര്‍ക്കിടയിലെത്തിച്ചേരുന്നു.
ഇന്നലെ, കൊല്‍ക്കത്തയിലെ പുസ്തകത്തെരുവുകളില്‍, കോളജ് സ്റ്റ്രീറ്റിലായിരുന്നില്ല, ഗോള്‍പാര്‍ക്കിനുസമീപം, വെറുതെ പുസ്തകങ്ങള്‍ നോക്കിനടക്കുമ്പോള്‍ എത്ര പുസ്തകങ്ങളാണ് കൈയൊപ്പോടെ കൈയില്‍ത്തടഞ്ഞത്. ചിലതൊക്കെ ഒന്നാം സമ്മാനമായി ആരോ കൊടുത്തത്. മറ്റ് ചിലത് പിറന്നാള്‍ സമ്മാനങ്ങള്‍, വേറെ ചിലത് വെറുതെ സമ്മാനിച്ചത്..
നിനക്ക് എന്നെഴുതി ആരോ കൊടുത്ത ആ സമ്മാനങ്ങളില്‍ അതെഴുതിയ നിമിഷം എത്രയധികം സ്‌നേഹം ചെന്നുചേര്‍ന്നിട്ടുണ്ടാകും. ആ സ്‌നേഹം ഇപ്പോഴും അതെഴുതിയ ആളുടെ അകത്തുണ്ടെങ്കില്‍ കിട്ടിയ ആള്‍ അത് വലിച്ചെറിയുമ്പോള്‍ ഇല്ലാതാകുന്നതെന്താണ്..
വാങ്ങാനെടുത്ത പുസ്തകങ്ങളിലും ഇത്തരത്തിലുള്ള കുറിപ്പുകളുണ്ടായിരുന്നു. എനിക്കത് കാണുന്നത് സങ്കടമാണ്. എന്നിട്ടും വാങ്ങി. ഉപേക്ഷിക്കപ്പെടുന്നതിന്റെ വ്യഥ ഉപേക്ഷിക്കപ്പെടുന്ന ഒരാള്‍ക്കെ മനസ്സിലാകൂ എന്നതാകാം കാരണം.
ആരുടെയോ ആ സ്‌നേഹം ചോര്‍ന്നുപോകാതെ എന്റെ കൈയിലിരിക്കട്ടെ.
ആര്‍ക്കൊക്കെയോ വേണ്ടി ഞാനവയെ കരുതട്ടെ’
Click this button or press Ctrl+G to toggle between Malayalam and English