അങ്കമാലിയിൽ മലയാളഭാഷാവാരാചരണവും പുസ്തകോത്സവും

അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സ്‌കില്‍സ് എക്‌സലന്‍സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ബ്ലോക്ക് റൈറ്റേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ മലയാളഭാഷാവാരാചരണവും പുസ്തകോത്സവും തുടങ്ങി . ഇന്നലെ  രാവിലെ 10.30 ന് റോജി എം.ജോണ്‍ എം.എല്‍.എ മലയാളഭാഷാവാരാചരണം ഉദ്ഘാടനം ചെയ്തു  . പി.എസ്.സി മുന്‍ ചെയര്‍മാന്‍ ഡോ.കെ.എസ് രാധാകൃഷ്ണന്‍ അങ്കമാലി പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു . ഫിസാറ്റ്‌ചെയര്‍മാന്‍ പോള്‍ മുണ്ടാടന്‍ മുഖ്യപ്രഭാഷണം നടത്തി. റൈറ്റേഴ്‌സ് ഫോറം ഡയറക്ടര്‍ ടോം ജോസ് വായനയുടെ തെരഞ്ഞെടുപ്പ് എന്ന വിഷയത്തെക്കുറിച്ച് പ്രബന്ധം അവതരിപ്പിച്ചു .

പുസ്തകോത്സവത്തിനോടനുബന്ധിച്ച് ഇന്നലെ  വൈകീട്ട് 5.30 ന് കവിയരങ്ങ് നടന്നു. കവി മഞ്ഞപ്ര ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു . നാടകകൃത്ത് മോഹന്‍ ചെറായി അദ്ധ്യക്ഷത വഹിച്ചു . 2 ന് വൈകീട്ട് നടക്കുന്ന സെമിനാര്‍ സംസ്‌കൃത സര്‍വ്വകലാശാല മലയാളവിഭാഗം മേധാവി ഡോ.വത്സലന്‍ വാതുശ്ശേരി ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി പോള്‍ അദ്ധ്യക്ഷത വഹിക്കും. എ. സെബാസ്റ്റിയന്‍ രചിച്ച അവര്‍ നടന്നു കയറുമ്പോള്‍ എന്ന നോവല്‍ ഡോ.വത്സലന്‍ വാതുശ്ശേരി പ്രകാശനം ചെയ്യും. ജോംജി ജോസ് പുസ്തകം പരിചയപ്പെടുത്തും.

മൂന്നിന് രാവിലെ 10.30 ന് നടക്കുന്ന സെമിനാര്‍ സംസ്‌കൃതസര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ. ടി.പി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സാ സേവ്യര്‍ അദ്ധ്യക്ഷത വഹിക്കും. ഭവനങ്ങള്‍ എങ്ങനെ വായനശാലകളാക്കാം എന്ന വിഷയത്തേക്കുറിച്ച് പ്രൊഫ. സിസിലി ജോയി പ്രസംഗിക്കും. മൂന്നു ദിവസത്തെ പുസ്തകോത്സവത്തില്‍ മലയാളത്തിലെ വിവിധ പ്രസിദ്ധീകരണ സ്ഥാപനങ്ങള്‍ പങ്കെടുക്കും. അങ്കമാലി മേഖലയിലെ എഴുത്തുകാരുടെ പുസ്തകങ്ങളുടെ പ്രദര്‍ശനവും ഇതോടൊപ്പം പ്രത്യേകമായി സംഘടിപ്പിച്ചിട്ടുണ്ടെന്ന് റൈറ്റേഴ്‌സ് ഫോറം കണ്‍വീനര്‍ ടി.എം വര്‍ഗ്ഗീസ് അറിയിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here