2022 ലെ ബുക്കര്‍ പ്രൈസ് ഇന്ത്യന്‍ എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക്. ഹിന്ദിയിൽ നിന്നുള്ള പരിഭാഷയ്ക്ക് ഇതാദ്യമായാണ് ബുക്കർ സമ്മാനം (Booker Prize) ലഭിക്കുന്നത്. ഗീതാഞ്ജലിയുടെ ‘രേത് സമാധി’ (Ret Samadhi) എന്ന ഹിന്ദി നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ ‘ടോമ്പ് ഓഫ് സാന്‍ഡ്’ (Tomb of sand) എന്ന പുസ്തകമാണ് പുരസ്കാരത്തിന് അര്‍ഹമായത്. ഡെയ്സി റോക്ക് വെല്‍ ആണ് പുസ്തകം പരിഭാഷ ചെയ്തത്. സമ്മാനത്തുകയായ $63,000 ഗീതാജ്ഞലിയും ഡെയ്സി റോക്ക്വെല്ലും പങ്കിടും.
ഇന്ത്യ വിഭജനത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട നോവലാണ് ടോമ്പ് ഓഫ് സാന്‍ഡ്. ഒരു 80കാരിയുടെ ജീവതമാണ് നോവലിന്റെ പ്രമേയം. 2018ൽ പ്രസിദ്ധീകരിച്ച രേത് സമാധിയാണ് ഇംഗ്ലീഷിലേക്ക് തർജമ ചെയ്തത്. ലണ്ടനില്‍ നടന്ന ചടങ്ങിലാണ് ബുക്കർ പുരസ്കാരം പ്രഖ്യാപിച്ചത്. യുപിയിലെ മെയിന്‍പുരിയില്‍ ജനിച്ച അറുപത്തിനാലുകാരിയായ ഗീതാഞ്ജലി ശ്രീ ഇതുവരെ നാല് നോവലുകളും നിരവധി കഥകളും എഴുതിയിട്ടുണ്ട്.