ശ്രീ സുധീർ പണിക്കവീട്ടിലിന്റെ “അക്ഷരക്കൊയ്ത്ത് ” എന്ന കവിതാ സമാഹാരം ഇയ്യിടെ വായിക്കാൻ അവസരം ലഭിച്ചു. ആധുനികതയുടെ അതിപ്രസരത്തിലൂടെ ഇന്ന് കാവ്യലോകം കടന്നുപോകുമ്പോൾ, അതിൽ നിന്നും വ്യത്യസ്ഥമായി രചിക്കപ്പെട്ട ഇതിലെ കവിതകൾ ഒരു എളിയ വായനക്കാരിയുടെ മനസ്സിൽ സൃഷ്ടിച്ച വികാരങ്ങളെ ഇവിടെ അക്ഷരങ്ങളിലൂടെ പ്രകടിപ്പിയ്ക്കുന്നു. ഇതിനെ ഒരു നിരൂപണം എന്ന് വിളിയ്ക്കാമോ എന്നറിയില്ല.വൃത്ത നിബദ്ധമായി അലങ്കാരങ്ങളും ഉപമങ്ങളും ചേർത്ത് വ്യാകരണം തെറ്റിക്കാതെ എഴുതിയ ലക്ഷണമൊത്ത കവിതകൾ ഒരു കാലത്ത് മലയാളത്തിൽ ഉണ്ടായിരുന്നു. അങ്ങനെ നിയമങ്ങൾ അനുസരിച്ച് ചിട്ടപ്പെടുത്തുന്ന കവിതകൾ, താളലയത്തോടെ ആലപിയ്ക്കാനും കഴിയുന്നു. ഇന്നും അവക്കുള്ള പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. എന്നാൽ ശ്രീ സുധീർ തന്റെ കവിതകളിൽ ഇത്തരം ലക്ഷണങ്ങൾക്കൊന്നുംത്തന്നെ വളരെയധികം പ്രാധാന്യം നൽകാതെതന്നെ വായനക്കാർക്ക് മതിയായ ലയവും, താളവും ചേർന്ന വായനാസുഖം നൽകികൊണ്ട് തന്റെ മനസ്സിൽ ഓരോസാഹചര്യത്തിലും ഓടിവന്ന കവി ഭാവനകൾ പെറുക്കിയെടുത്ത്, ഈ കവിതാസമാഹാരത്തിന്റെ പേരിൽ (“അക്ഷരക്കൊയ്ത്ത്”) നിന്നും വ്യക്തമാകുന്നതുപോലെ കൊയ്തു വച്ചിരിക്കുന്നു..
കവിതയുടെ ലക്ഷണങ്ങളെ കുറിച്ചൊന്നും ബോധവാന്മാരല്ലാത്ത സാധാരണ മനുഷ്യന്, അവന്റെ ഭാഷയിൽ എഴുതപ്പെട്ടിരിക്കുന്നു എന്നതുകൊണ്ടുതന്നെ അവർക്ക് വളരെ രുചിയേറുന്ന വിഭവം തന്നെയാണ് “അക്ഷരക്കൊയ്ത്ത്”. വിവിധ വിഷയങ്ങളെക്കുറിച്ച് അദ്ദേഹത്തിന്റെ മനസ്സിൽ സുലഭമായി ഓടിവരുന്ന കവിതാ ശകലങ്ങൾ പാറക്കെട്ടുകൾ താണ്ടി ആർത്തുല്ലസിച്ച് വരുന്ന വെള്ളച്ചാട്ടം പോലെ അനസ്യൂതം ഒഴുകുമ്പോൾ അതിന്റെ കുളിർമ അനുഭവിച്ച് കൊണ്ട് വായനക്കാർ അതിലെ വരികൾ മൂളാൻ ശ്രമിക്കുന്നു. പ്രകൃതിയുടെ, സമൂഹത്തിന്റെ മുഖഭാവങ്ങൾ കടലാസിൽ ലളിതമായി പകർത്തപ്പെട്ടപ്പോൾ അവിടെ ഒരു കാവ്യസ്പർശം നമുക്ക് അനുഭവപ്പെടുന്നു.
“മാൺപെഴും ആൺകുയിൽ പാടുന്ന പാട്ടിലും..” എന്ന് തുടങ്ങുന്ന മനോഹരമായ വരികൾ എഴുതിയ അദ്ദേഹത്തിന്റെ “ഉപാസന” എന്ന കാവ്യത്തിൽ തന്നെ അദ്ദേഹം ഇത് സ്പഷ്ടമാക്കുന്നു പ്രകൃതി സൗന്ദര്യത്തെ ഒരു കൊച്ചു കുട്ടിയെപ്പോലെ ആസ്വദിയ്ക്കുവാനുള്ള അദ്ദേഹത്തിന്റെ അഭിരുചിയും, ഓരോ മനുഷ്യനും ഇനിയും തിരിച്ചുകിട്ടിയുരുന്നെങ്കിൽ എന്നാഗ്രഹിയ്ക്കുന്ന ബാല്യകാല സ്മരണകളും, കുസൃതിയും, ചെപ്പിൽ കാത്തുവച്ച വളപ്പൊട്ടുകൾപ്പോലെ അദ്ദേഹം “കുട്ടിക്കാല സ്മരണകൾ” “ഓർമ്മയിൽ ഒരു ബാല്യം” എന്ന കവിതകളിലൂടെ നമ്മെ നിരത്തികാണിയ്ക്കുന്നു. മുത്തശ്ശി കഥകളും, പഴങ്കഥകളും പഴയകാലത്തെക്കുറിച്ച് നമുക്ക് പറഞ്ഞുതരാറുള്ള നമ്മുടെ മുത്തശ്ശിമാരും, പഴയ ആളുകളും നമ്മുടെ മനസ്സിൽ ഓരോ സന്ദർഭത്തിലും ഒരു താരതമ്യം പോലെ ഓടിവരാറുണ്ട്. ഇവിടെ “ഞങ്ങളുടെ കോമളം വല്യമ്മ” പഴയ ആളുകളെ കുറിച്ചുള്ള, അവരുടെ കാലത്തെകുറിച്ചുള്ള ഓർമ്മ നാമറിയാതെ തുളുമ്പുന്നു.
ജീവിത യാഥാർഥ്യത്തിന്റെ കറുത്ത നിഴൽ വീഴുന്ന പല സാഹചര്യങ്ങളും എടുത്തുകാണിയ്ക്കുമ്പോൾ പലർക്കും അത് കയ്പ്പായി അനുഭവപ്പെടുന്നു. സമൂഹത്തിൽ നടന്നുകൊണ്ടിരിയ്ക്കുന്ന അസമത്വങ്ങൾ, ആളുകളെ വിഡ്ഡികളാക്കുന്ന ചില മനുഷ്യ കോമാളികൾ എന്നിവരെ ഹാസ്യത്തിൽ, നർമ്മത്തിൽ പൊതിഞ്ഞു ഓരോ മനുഷ്യന്റെയും ശ്രദ്ധയിൽ കൊണ്ടുവരുന്ന കുഞ്ചൻ നമ്പ്യാരുടെ ‘ഓട്ടൻതുള്ളൽ” പോലെ ഇവിടെ കവി നമ്മുടെ ചുറ്റിലും നടക്കുന്ന അന്യായങ്ങളെയും അസമത്വങ്ങളെയും ഹാസ്യത്തിൽ മുക്കി മനുഷ്യ മനസ്സിൽ നിറയ്ക്കാൻ നടത്തിയ ശ്രമവും പല കവിതകളിലും വ്യക്തമാണ്. ഒരു “മണ്ണാങ്കട്ട പറഞ്ഞ കഥ” എന്ന കാവ്യത്തിലൂടെ മനുഷ്യന്റെ അനുകരണ സ്വഭാവത്തെ എടുത്തതുകാണിയ്ക്കുന്നു. ഒന്നിനും വ്യക്തമായ അഭിപ്രായങ്ങളില്ലാത്ത മലയാളിയ്ക്കുതന്നെ പാരയാകുന്ന മലയാളിയെ
“മലയാളി” എന്ന കാവ്യത്തിലൂടെ
‘എല്ലാവർക്കുമൊപ്പം മൂളാമോ …
.നേരിൽ കണ്ടാൽ മുത്താമോ…
കാണാത്തപ്പോൾ കുത്താമോ..’
തുടങ്ങിയ വരികളിലൂടെ തൊലിയുരിഞ്ഞു കാണിയ്ക്കുന്നു. വാഴ്ത്തിപ്പാടി കാര്യം നേടുന്ന സമൂഹത്തെപ്പറ്റി “ദുരവസ്ഥ” എന്ന കാവ്യത്തിൽ
മുഖസ്തുതി പാടുന്നോർ……
കണ്ടാലോ കാലിലും വീഴുന്നവർ..
സ്വന്തം അഭിപ്രായമില്ല്ലാത്തോർ …….”
എന്നീ വരികളിലൂടെ എടുത്ത് കാണിയ്ക്കപ്പെടുന്നു. സാഹിത്യമോഷണം എന്ന കലയുമായി മുന്നോട്ട് കുതിച്ചുകയറുന്ന പ്രശസ്ത സാഹിത്യകാരന്മാരെ “കവിത അമേരിക്കയിൽ”, അക്ഷരക്കൊയ്ത്ത്, മോഷണം എന്നീ കാവ്യത്തിലൂടെ പൊളിച്ചടക്കുന്നു “ഈച്ച”, “സുരാസുര മത്സരം ഓണമെന്നദിവസം”, “ഞാൻ പാലാക്കാരൻ”, “ഉണ്ണുണ്ണിയുടെ പഴക്കുല” എന്നി നിരവധി ഹാസ്യ കവിതകളും നമുക്ക് ഈ പുസ്തകത്തിലൂടെ ആസ്വദിയ്ക്കാം. അതും കൂടാതെ പ്രവാസി മലയാളികളുടെ ചില സാഹിത്യ സംഘടനകളുടെ വികാസങ്ങളെക്കുറിച്ചും നർമ്മം കലർത്തി “പ്രിയ സഖി ലാനേ കേൾക്കു”, “ഫൊക്കാനയോട്” വായനക്കാർക്കായി കാഴ്ച്ച വച്ചിരിയ്ക്കുന്നത് ശ്രദ്ധേയമാണ്.
വാർദ്ധക്യം മനസ്സാൽ വരിയ്ക്കുന്ന അറുപതാം പിറന്നാൾ ആഘോഷിയ്ക്കുന്നവർക്ക് കഴിഞ്ഞ ജീവിതത്തിലേയ്ക്ക് ഒരു മനോഹരമായ തിരിഞ്ഞു നോട്ടവും, മനസ്സുനിറയെ ആശംസകളുമായി “അർദ്ധവിരാമം” എന്ന കവിതയിലൂടെ എത്തുന്ന കവി, കവികൾക്കും, കലാകാരന്മാർക്കും പ്രായമൊരു വിലങ്ങുതടിയല്ല എന്ന വ്യത്യസ്ത ചിന്തയുമായി എത്തുന്നു. “ചന്ദ്രക്കല തൊടും വാനവീഥിയിൽ ഓരോ -താരവും, ഭൂമിക്കായി വെളിച്ചം വീശും രാവിൽ, തങ്ങളിൽ അവരെന്തോ മിണ്ടുകയാണോ, മിഴി ചിമ്മുന്നു അവരും ഈ ദിവസം ഓർക്കുന്നുണ്ടോ? എന്ന് കവി ചോദിച്ചുപോകുന്നു.
പ്രണയം ഇത് ഒരു ആണിനോട് പെണ്ണിനോ മറിച്ചോ മാത്രം തോന്നുന്ന വികാരമല്ല. ഒരു കലാകാരന്, ഒരു കവി ഹൃദയത്തിനു തന്റെ ചുറ്റിലും കാണുന്ന സൗന്ദര്യത്തിനോട് പ്രണയമെന്ന വികാരം തോന്നാം. ഇവിടെ കവി കാഴ്ച്ച വയ്ക്കുന്ന പ്രണയ കാവ്യങ്ങളും, താൻ ആസ്വദിയ്ക്കാൻ ഇടയായ, തന്റെ കണ്ണിനാനന്ദം പകർന്ന ചുറ്റിലുമുള്ള സൗന്ദര്യം തന്നെ. കവി പാടുന്നു. . ഇതിൽ നിന്നും വ്യത്യസ്തമായി കവിതയോടു തനിയ്ക്ക് തോന്നുന്ന പ്രണയം തന്റെ യൗവനത്തെ തന്നെ വാടികൊഴിയാതെ നിലനിർത്തുന്നു എന്ന പുതിയ ഒരു അനുഭൂതിയും “കവിതേ, കന്യകേ” എന്ന കവിതയിലെ
“കവിതാനുരാഗിയെന്നരികിലുണ്ടെങ്കിൽ ഞാൻ
പ്രേമിച്ച് പ്രേമിച്ച് ഞാനുംഅവളുമീ ലോകം
പറുദീസയാക്കി മറിച്ചിടും
ചുംബനലോല നീ കാവ്യാംഗനയെന്റെ
ചാരത്ത് വന്നിരുന്നൊന്നു ചിരിയ്ക്കുക”
എന്ന വരികളിലൂടെ നമ്മിലെ ഓരോ കവികൾക്കുമായി സമ്മാനിയ്ക്കുന്നു. അക്ഷരക്കൊയ്ത്തിൽ നമ്മൾ പ്രണയാക്ഷരങ്ങളുടെ കൊയ്ത്തുകാരനായ കവിയെ കാണുന്നു.“അനുഭൂതി”, “സ്നേഹ ദീപ്തി”, “കൂടിക്കാഴ്ച”, “തിരുവോണ രാത്രിയിൽ”, “പ്രിയമാനസാ നീ വാ” എന്നീ മറ്റു പല കാവ്യങ്ങളും മനുഷ്യനിലെ പ്രണയ ദാഹത്തെ ഉത്തേജിപ്പിയ്ക്കുന്നവയാണ്.
വാക്കുകളാകുന്ന കുർത്ത ശരങ്ങൾ കൊണ്ട് ജീവിത സത്യങ്ങളെ മനുഷ്യന് മുന്നിൽ നിരത്തപ്പെട്ട കാവ്യങ്ങളും ഈ കവിതാ സമാഹാരത്തിന്റെ പ്രത്യേകതയാണ്. “കൊതിയോടെ കാത്തിരിപ്പു” എന്ന കവിതയിൽ കൗമാരത്തിൽ തന്റെ ജീവിത പങ്കാളിയെ കുറിച്ചോരോ സ്വപനം കാണുന്ന മനുഷ്യന്, പ്രത്യേകിച്ചും ഒരു പെണ്ണിന് സാഹചര്യത്തിന്റെ സമ്മർദ്ദത്താൽ തന്റെ ചട്ടകൂട്ടിൽ വരാത്ത ഒരു ജീവിത പങ്കാളിയുമായി ജീവിതം പങ്കിടേണ്ടിവരികയും, പിന്നീട് താൻ ആഗ്രഹിച്ച സ്വഭാവത്തെ കണ്ടുമുട്ടുമ്പോൾ ബന്ധങ്ങളാകുന്ന ബന്ധനകളിൽ തളയ്ക്കപ്പെട്ടു വിലപിയ്ക്കുന്ന നൊമ്പരത്തെ അതേ വികാരത്തോടെ തന്നെ എടുത്തുകാണിയ്ക്കുന്നു. ജാതികോമരങ്ങൾ തമ്മിൽ കടിപിടി കൂടുമ്പോൾ അതിന്റെ പേരിൽ നിസ്സഹായമായി മരണം കൈവരിയ്ക്കുന്ന മനുഷ്യജന്മങ്ങളുടെ വിലാപം “ഒരു വെളിച്ചപ്പാടിന്റെ മരണം” എന്ന കാവ്യത്തിലൂടെ നമ്മെ ചിന്തിപ്പിയ്ക്കുന്നു. സ്ത്രീ സമത്വം, സ്ത്രീകൾക്ക് മുൻഗണന എന്നെല്ലാം പ്രസംഗിച്ചു നടക്കുന്ന സമൂഹത്തിന്റെ നാലുകെട്ടിൽ ഇന്നും ചിലർ സ്ത്രീത്വത്തോട് കാണിയ്ക്കുന്ന അവഗണന
“വിറ്റഴിയുന്നോർ ഞങ്ങൾ ജീവിത കമ്പോളത്തിൽ
ഭാര്യയായും മാംസദാഹശമനിയായും
പുത്രനെ പ്രസവിയ്ക്കും അമ്മമാരാണെങ്കിലും
സംശയ നിഴലിൽ നിന്നനങ്ങാൻ വയ്യാത്തവർ
കർഷകർ പൂട്ടും ഏറു കാളയെപ്പോലെ ഞങ്ങൾ
ചാട്ട വാറടി കൊണ്ട് നിലങ്ങൾ ഉഴുന്നവർ ”
“സ്ത്രീ” എന്ന കാവ്യത്തിലെ ശക്തമായ ഈ വരികളിലൂടെ പ്രതികരിയ്ക്കുന്നു.
ആഘോഷ തിമർപ്പിൽ മതിമർന്നു തന്റെ കടമ മറന്നു ആഹ്ളാദിക്കുന്ന മനുഷ്യന് ഒരു വീണ്ടുവിചാരമാണ് “പിറന്നാൾ സന്ദേശം” എന്ന കാവ്യം.
ചരിത്രത്തിലെ അനശ്വരമായ ചില വ്യക്തിത്വത്തെ വരും തലമുറയ്ക്ക് സ്മരിയ്ക്കാൻ തന്റെ കാവ്യങ്ങളെ ഒരു ഉപകാരണമാക്കിയതായും “ഓർമ്മകളിൽ ശ്രീ തകഴി” , “അമ്മ തെരേസ്സ” എന്നീ കാവ്യങ്ങളിൽ നിന്നും വ്യക്തമാണ്.വേണ്ടപ്പെട്ടവർ എന്നും നമ്മുടെ അരികിൽ ഉള്ളപ്പോൾ മനസ്സിലായില്ലെങ്കിലും അവർ അരികിലില്ല എന്ന് തോന്നുമ്പോൾ, ചില പ്രത്യേക സാഹചര്യങ്ങളിൽ അവര്ക്കായുള്ള നൊമ്പരം “ഒരു നെഞ്ചുവേദനയുടെ കഥ” എന്ന കാവ്യത്തിൽ വാക്കുകളിലൂടെ എടുത്തുകാണിയ്ക്കുന്നു.
ചില സമയങ്ങൾ, ചില സാഹചര്യങ്ങൾ നമ്മളിൽ പകരുന്ന നിരാശ, വിരക്തി എന്നീ വികാരങ്ങളെ എടുത്തുകാണിയ്ക്കാൻ “അവതാരലക്ഷ്യം”, “ഏകാന്തത”, “പ്രേമവ്യഥ” എന്നീ കാവ്യ ശകലങ്ങൾ കവി ഉപയോഗപ്പെടുത്തിയിരിയ്ക്കുന്നു
ചുരുക്കത്തിൽ, 76 കാവ്യങ്ങൾ അടങ്ങുന്ന “അക്ഷരക്കൊയ്ത്ത്” എന്ന ഈ കാവ്യസമാഹാരത്തിലെ ഓരോ കാവ്യങ്ങൾക്കും അതിന്റേതായ സൗരഭ്യവും, രുചിയും ഉണ്ട്. വളരെ ചുരുങ്ങിയ എന്റെ ഈ അക്ഷരങ്ങളിലൂടെ അക്ഷരക്കൊയ്ത്ത് എന്ന കാവ്യസമാഹാരത്തിന്റെ ആസ്വാദന സുഖം, അല്ലെങ്കിൽ അതിന്റെ വിശാലമായ ഭാവനാലോകം പൂർണ്ണമായി പകരാൻ വാക്കുകൾ അപര്യാപ്തങ്ങളാണ്. ശ്രീ സുധീർ പണിക്കവീട്ടിലിന്റെ ഈ കാവ്യ സമാഹാരത്തിലൂടെയുള്ള ഏതാനും മണിക്കൂറുകളുടെ യാത്ര ഓരോ വായന പ്രേമികൾക്കും വ്യത്യസ്ഥമായ ഒരു അനുഭൂതി തന്നെയാകുമെന്ന വാഗ്ദാനത്താൽ ഞാനീ വരികൾ സഹൃദയസമക്ഷം സമർപ്പിക്കുന്നു. പ്രണയാക്ഷരങ്ങളുടെ കൊയ്ത്തുകാരന് കാവ്യാംഗനയോടുള്ള ഈ പ്രണയം തുടരാനും, ഇനിയും ഒരുപാട് കാവ്യസമാഹാരങ്ങൾക്കു ജന്മം നൽകാനും എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
കോപ്പികൾക്ക് : sudhirpanikkaveetil@gmail.com
Click this button or press Ctrl+G to toggle between Malayalam and English