അങ്ങനെ ഒരു അൽകുൽത്ത് യാത്രയിലെ കവിത എന്ന മുറിയക്ഷരം

 

 

 

കവിതയിലെ ഉപമയും, ഉത്പ്രേക്ഷയും, രൂപകവും, മാത്രകളും, ചന്ദസ്സുകളും ഇത്യാദി നാട്ടുനടപ്പുകളെയൊക്കെയും അങ്ങോട്ട് വലിഞ്ഞ് കയറിച്ചെന്ന് രണ്ട് ദിവസം വെറുപ്പിച്ച് അതികാലത്തെ അവിചാരിതമായി കിട്ടിയ ഭായിമാരുടെ തീവണ്ടിയിലെ ഒരു കൂപ്പയിൽ ഏക അന്യഭാഷാക്കാരനായി കൊച്ചിക്ക് നൈസ്സായി സ്ക്കൂട്ടാകുകയായിരുന്നു. ഒന്നുറങ്ങിപ്പോയാൽ തീവണ്ടി അനന്തൻകാട് എത്തുവോളം ഇരുന്നോ കിടന്നോ ഉറങ്ങുവാനുള്ള വെടിമരുന്ന് എന്റെ കണ്ണിൽ ഉണ്ടായിരുന്നതിനാൽ തോൾസഞ്ചിയിൽ ഉറക്കത്തിന് തീപിടിക്കാത്ത അലുകുൽത്ത് വസ്തുവഹകൾ വല്ലതമുണ്ടോയെന്ന് പരതി.

കെട്ടിലും മട്ടിലും ആകെ മൊത്തം അലുകുലുത്തുകൾ ആയ ഷിനോദിന്റെ ‘അൽകുൽത്തുകൾ’ എടുത്ത് പ്രയോഗിക്കുവാനെ തദവസരത്തിൽ വകുപ്പുണ്ടായിരിന്നൊള്ളു എന്നതിനാൽ ആ റിസ്ക്ക് ഞാനങ്ങേറ്റെടുത്തു.
അങ്ങനെ ഉറക്കത്തെക്കൊണ്ട് കൺപോളകളിൽ തീപിടിപ്പിക്കാതെ കവിതയും, കവിത കൊണ്ട് അലമ്പാക്കിയ മനസ്സുമായി എങ്ങനെയൊ കൊച്ചി വരെ എത്തിപ്പറ്റി.

നിങ്ങൾക്കേവർക്കും അറിയാവുന്ന പോലെ സ്വതവെ ജനമേജയനും, ജിജ്ഞാസിയുമായ ഈ ഞാൻ; പൊതുവെ പാരമ്പര്യ ധാരകളെ വ്യവഹാര മണ്ഡലങ്ങളുടെ അധികാര കേന്ദ്രങ്ങളിൽ നിന്നും ഉച്ചാടനം ചെയ്യണമെന്ന് വാദിക്കുന്ന പോ.മോനേ ദിനേശാ ടീമുകളിൽ പ്രതീക്ഷ കാണുന്നവനും, പൊളിറ്റിക്കൽ കറപടർത്തുന്ന നാട്ട് വഴക്കങ്ങളോടും ലവലേശം ഇഷ്ടി ഇല്ലാത്തവനുമായ എന്റെ കൺവെട്ടത് വന്ന് അൽകുൽത്താശൻ പറയുകയാണ്:

”ചരിത്രക്കയത്തിലെ
പോത്തയവിറക്കുന്നു.
കയത്തിൽ
തണുപ്പിന്റെ കുരുക്കിലേറെക്കാലം
കഴിഞ്ഞെന്നറിഞ്ഞ്
കരയ്ക്കുകേറുന്നു.”

‘ഒന്നും സംഭവിച്ചിട്ടില്ല’ മുതൽ ‘പോത്ത്’ വരെയുള്ള കവിതകളിലുടെ സഞ്ചരിച്ചപ്പോൾ; അഥവാ 33 പേജുകൾ മറിച്ചു വായിച്ചപ്പോൾ യഥാർത്ഥത്തിൽ ഉണ്ടായത് ഒരു തരം മിഥ്യാബോധം. ഫ്രഞ്ചന്മാർ Déjà vu എന്നൊക്കെ അങ്ങ് കാച്ചിക്കളയുന്ന അതേ സാധനം തന്നെ. കാരണം രണ്ടീസമായി പറഞ്ഞോണ്ടിരുന്ന ചില കാര്യങ്ങൾ തീർത്തും അൽകുൽത്തുകളായി ദാ! മുന്നിൽ കിടക്കുന്നു. വീണുപോയ പൂവ് പോലെ. ഇതിപ്പോ ഷിനോദ് തന്നെ പറഞ്ഞ പോലെ;

”സിനിമയായിരുന്നെങ്കി
ഒറ്റ സീനിലെ തരികിട കൊണ്ട്
ശരിപ്പെടുത്താമായിരുന്നു.
ശുഭം എന്നെഴുതി
പര്യവസാനിപ്പിക്കാമായിരുന്നു.
വേണമെങ്കിൽ
ഒരു രണ്ടാംഭാഗവും
എടുക്കാമായിരുന്നു.

ഇതിപ്പോൾ
നാം നമ്മുടെ മാത്രം ബാധ്യതയായ
ഒരെഡിറ്റിംഗിനും സാധ്യതയില്ലാത്ത
തിരക്കഥയില്ലാത്ത
തിക്കുമുട്ടലും തിരക്കുകളുമുള്ള
ജീവിതമായിപ്പോയി.”

‘വിരസതയുടെ വണ്ടി’ രണ്ട് സമാന്തരപാതകളിലൂടെ കുണ്ടി കുലുക്കി പാഞ്ഞ് പോയിക്കൊണ്ടിരിക്കുന്നു. അതിലൊന്നിൽ തലേന്നത്തെ രാത്രി പരപരാവെളുത്ത് മാഞ്ഞു പോകുന്നതു പോലും അറിയാതെ കവിതയും വായിച്ച് ഇരിക്കുന്നുണ്ട്. മറ്റൊരു പാതയിൽ എതിർദിശയിൽ കവിയുണ്ടായിരുന്നു. തമ്പി അതിലിരുന്ന് വിളിച്ച് പറയുന്നുണ്ടായിരുന്നു;

”വ്യത്യസ്തതകളുടെ സ്റ്റോപ്പ് കഴിഞ്ഞു പോയി.
അങ്ങെങ്ങും നിർത്താതെ
ആവർത്തനവിരസതകളുടെ
മന്ദാക്രാന്തയിൽ ചരിക്കും
ആക്രന്ദനങ്ങളുടെ ചരക്കുവണ്ടിയാണ് ഇത്. ”

എന്നാൽ ഞാനതൊന്നും കേട്ടുപോലുമില്ല. വായനയ്ക്കിടയിൽ പ്ലാറ്റോ മുതൽ സകല അലമ്പന്മാരെയുടെയും കൊനിഷ്ട് വ്യാഖ്യാനങ്ങൾ വെച്ച് ഒരു ടോറസ്സിൽ രണ്ട് ലോഡ് ചൊറിയൽ കൊണ്ട് വന്ന് കവിതകളുടെ മണ്ടയിലേയ്ക്ക് തട്ടുന്നതിനെക്കുറിച്ച് ചിന്തിച്ച് ആകെ മന്ദിപ്പായി ഇരിക്കുകയായിരുന്നു. തൃശ്ശിവപേരൂർ സ്റ്റേഷൻ താണ്ടിയതും സാംസ്ക്കാരിക ബോധത്തിന്റെ കാറ്റങ്ങനെ വന്ന് മോന്തായത്തിലെ നരച്ച താടിയിൽ പിടിച്ചു തുങ്ങിയാടുവാൻ തുടങ്ങി. ഒന്നും പറയേണ്ട സാറേ! ഞാനാകെ പ്രണയ പരവശനായി. സത്യം പറയാലോ അൽകുൽത്തുകൾ എന്ന പേരാണെങ്കിലും ഇതിൽ രണ്ട് കൈപിടിക്കുള്ള പ്രണയത്തിന്റെ ആമൂർത്തവും മൂർത്തവുമായ കുന്നിക്കുരുക്കളുണ്ട്. മൂന്ന് സാമ്പിളുകൾ പറയാം

”ഒരുപാട് ഞാനുണ്ട്,
നീയും.
പക്ഷേ,
വേർപാടുകൊണ്ട്
അടയാളം വച്ച നീ
ഒന്നേയുള്ളു.
ആ നീ ആരാണ്”
(അകലം)
……………………
“ഓർമ്മകളിൽനിന്നവധിയെടുത്ത്
ഉണങ്ങിത്തീരാത്തൊരു മരച്ചോട്ടിൽ
നമുക്കിത്തിരി ഒറ്റക്കിരിക്കാം. ”
(അന്യോന്യം)
……………………………………………
“മാപിനികൾ കുറിക്കാത്ത
ഏകാന്തതയുടെ അർത്ഥാന്തരങ്ങൾ
ഞാൻ പഠിച്ചത്
അയാളിൽ നിന്നാണ്…”
(അയാളും ഞാനും തമ്മിൽ )

ജിബ്രാൻ മേസിയാദയോട് കത്തുകളിലൂടെ സംവദിച്ച കണക്കെ, രമണനും ചന്ദ്രികയും തമ്മിലുള്ള അതിനാടകീയ വിലാപകാവ്യത്തിലെ വരികൾ പോലെ, ബാലചന്ദ്രബിംബശോഭയൂതി തെളിച്ച കൺഫെഷണൽ പൊയട്രിക്ക് ശൈലിയിലുള്ള ഒരു പിടി അസൽ കവിതകൾ ഇതിലുണ്ട്. ജുവതീ-ജുവാക്കളുടെ മനം കവരും എന്നതിൽ സംശയമില്ല. മറ്റൊരു ലാർജർ സ്ക്കോപ്പ് ഉണ്ട് ഇവയ്ക്ക്. ഈ കവിതകളിലെ വരികൾ തികച്ചും Fresh ആണ്. അതിനാൽ തന്നെ Ctrl C & Ctrl V അടിച്ച് നൈസ്സായി പങ്കാളികൾക്ക് പരസ്പരം ടെക്സ്റ്റാനുള്ള ഏറ്റവും പുതിയ പ്രണയ കാവ്യശകലങ്ങൾ നിത്യകാമുകനായ (ചരിത്രരേഖകൾ ഇതിനില്ല) കവി പണിതിട്ടിട്ടുണ്ട്.

ചൂണ്ടുന്നവൻ / വൾ ‘ഷിനോദ്’ എന്ന പേര് ഓർത്ത് വെയ്ക്കണമെന്ന് താഴ്മയായി അഭ്യർത്ഥിക്കുന്നു.

സംഭവം എന്തൊക്കെയാണെങ്കിലും ഈ കൃതിയിൽ എനിക്ക് ഏറെ ഇഷ്ടം തോന്നിയ ‘കിനാശ്ശേരി’ , ‘പരിവർത്തനം’ എന്നീ രണ്ട് കവിതകൾ അതിന്റെ പൊളിറ്റിക്കൽ കറകൾ ഇല്ലാത്തതിനാൽ വീണ്ടും വീണ്ടും വായിക്കപ്പെടേണ്ടതുണ്ട്. എന്നാൽ മലയാള സൈബർ കവിത ചില ഗൂഢാത്മാക്കളുടെ കൈയ്യിൽ ആയതിനാൽ ഒരുപക്ഷെ കവിക്ക് ശക്തരായ ഒരുസംഘം ചാത്തന്മാരുടെ സഹായം ഇതിനായി വേണ്ടിവരും. അത്തരം അവസരത്തിൽ ഈ രണ്ട് കവിതകളോടുള്ള ഇഷ്ടം കൊണ്ട് ഒരു ചാത്തനാവാനും ഞാൻ റെഡി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English