‘കമോൺട്രാ മങ്കിണീസ്’ ഒരു വായനാനുഭവം; ദിവ്യ ബോസ് അശ്വനി

 

 

 

 

 

എച്ച്മുക്കുട്ടി എന്ന എഴുത്തുകാരി മലയാളി വായനക്കാർക്ക് ചിരപരിചിതയാണ്. എച്ചുമിക്കുട്ടിയുടെ ഇരുപത്തിയൊന്ന് ഓർമ്മക്കുറിപ്പുകളുടെ ഒരു പുസ്തകമാണ് ബുക്കർ മീഡിയ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച കമോൺട്രാ മങ്കിണീസ്. നർമ്മത്തിൽ ചാലിച്ചെടുത്തതാണ് ഓരോ അദ്ധ്യായവും. സാധാരണ ജീവിതത്തിലെ അത്യതിസാധാരണമായ നുറുങ്ങുകളെ തന്മയത്വത്തോടെ ഹാസ്യവും ആക്ഷേപഹാസ്യവും ചേർത്തെഴുതിയ ഈ കുറിപ്പുകൾ ആസ്വാദകർക്ക് ഒരു നവ്യ അനുഭവമായിരിക്കും.

ചെറുപ്രായത്തിൽ പാട്ടുപാടാനായി സ്റ്റേജിൽ കയറുകയും പാടി പകുതിയായപ്പോൾ വരി മറന്നുപോയ അവസ്ഥയിൽ നിന്നുമാണ് കുറിപ്പുകളുടെ തുടക്കം.

പുസ്തകത്തിന്റെ പേരിലെ പുതുമ രണ്ടാം അധ്യായത്തിലെ കുറച്ചു ആൺകാഴ്ചകളിലേയ്ക്കും ലിംഗഭേദങ്ങൾ മനസ്സുകളിൽ അതാത് പ്രായത്തിലുണ്ടാക്കുന്ന കൗതുകങ്ങളിലേയ്ക്കുമാണ് വായനക്കാരെ എത്തിക്കുക.  പാദ രക്ഷകൾ, പാദങ്ങളെ രക്ഷിക്കുക എന്ന സാമാന്യ ഉപയോഗത്തിൽ നിന്നും ആഡംബരത്തിനും  സ്റ്റാറ്റസ് സിംബലിനും ഉള്ള വിലയേറിയ ഉപഭോഗ വസ്തുവാകുന്ന ഈ കാലത്തിൽ ഹവായ് ചപ്പലിനെക്കുറിച്ചുള്ള “പാദുക പുരാണവും”, അതിൻ്റെ തുടർച്ചയായുള്ള കുറിപ്പായ “ഒരു ഫൈവ് സ്റ്റാർ വിശേഷങ്ങളും”….ഒരു വ്യക്തിയുടെ ബാഹ്യതയിൽ നിന്നും, എങ്ങിനെ; അയാളുടെ വ്യക്തിത്വം അന്യരാൽ, സമൂഹത്താൽ അളക്കപ്പെടുന്നു എന്നുള്ളതിന്റെ കാഴ്ചയാണ്.

വർണവിവേചനം ലോകസമൂഹത്തിൽ നിലനിൽക്കാൻ തുടങ്ങിയിട്ട് കാലങ്ങളേറെ ആയി.നമ്മുടെ കൊച്ചു കേരളത്തിലും തൊലിനിറം വിവേചനാത്മക ചിന്തകൾക്ക് നിദാനമാണെങ്കിലും അത് പൊതുവെ സ്ത്രീകളെയാണ് ബാധിക്കുക. വർണവിവേചനത്തെ ആസ്പദമാക്കിയുള്ള ഹാസ്യവും ആക്ഷേപഹാസ്യവും മേമ്പൊടി ചേർത്ത കുറിപ്പാണ് “ഈ വെളുപ്പിന് എന്തൊരു വെളുപ്പ്”.

സ്വന്തം നാട്ടിൽ നിന്നും, ഇഷ്ടമേറിയവരുടെ ഇടയിൽ നിന്നും, പറിച്ചു നടപ്പെട്ട ഒരു കൊച്ചു കുട്ടിയുടെ വ്യഥകളാണ്, നിഷ്കളങ്കത ഒട്ടും ചോർന്നുപോകാതെ കുട്ടിത്തത്തോടെ അവതരിപ്പിച്ചിരിക്കുന്ന “മുജേ ഹിന്ദി നഹീം മാലൂം”. വളർത്തുമൃഗവും യജമാനനും തമ്മിലുള്ള അടുപ്പവും, വീട്ടിലെ മറ്റു അംഗങ്ങൾക്ക് അത് മനസ്സിലാവായ്കയും അതിനാൽ യജമാനൻ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും രസകരമായി അവതരിപ്പിച്ചിരിക്കുന്നു തവിടു നിറമുള്ള “ബാബു” എന്ന അൾസേഷനിലൂടെ.കണക്കു വിഷയത്തിന്റെ പ്രസക്തി ജീവിതത്തിൽ എത്രമാത്രം വലുതെന്നത് മറക്കാതെ തന്നെ ആ വിഷയത്തിൽ സാമാന്യം മാർക്ക് നേടുക എന്ന വിദ്യാർത്ഥിയുടെ ആത്മാഭിമാനപ്രശ്‌നം നേർമ്മയേറിയ നർമ്മത്തോടെ അവതരിപ്പിച്ചിരിക്കുന്നു ഈ “മാത്തമാറ്റിക്സ്  മാത്തമാറ്റിക്സ്”  എന്ന അധ്യായത്തിൽ. പാചകപരീക്ഷണങ്ങളും, പാചക സമയത്തെ അമളികളും രസകരമായി അവതരിപ്പിച്ചിരിക്കുന്നു “എൻ്റെ പാചകപരീക്ഷണങ്ങൾ, അമളി” എന്നീ കുറിപ്പുകളിൽ.

ബിരിയാണിക്കല്യാണം കഴിച്ച കുട്ടിയും,ഒന്തപ്പീന കല്ലഗ്ളി ,തുയിച്ചത്തലെയും കണ്ടാ സങ്കടാവും എന്നീ കുറിപ്പുകളിലൊക്കെ തന്നെ രസകരമായ രീതിയിൽ കുട്ടികളുടെ ചിന്താരീതികളും ക്രിയാത്മകതയും വരികളിലൂടെ വായനക്കാരുടെ മനസ്സിൽ കോറിയിടാൻ എഴുത്തുകാരിയ്ക്ക് സാധിച്ചിട്ടുണ്ട്. ഒരു പള്ളിവേട്ടയുടെ ഓർമ്മയിലെ അമ്മീമ്മയെന്ന കഥാപാത്രം ജീവിതത്തിൽ ഒറ്റപ്പെട്ടു പോയിട്ടും യാതൊരു പരിഭവവും പരാതിയും ഇല്ലാതെ ജീവിച്ചു വിജയിക്കുന്ന സ്ത്രീകളുടെ ഒരു നിശബ്ദ പ്രതീകം ആണ്.

ഓരോ കുറിപ്പുകളിലും, ഓരോ സംഭവങ്ങളിലും, എഴുത്തുകാരി ചാലിച്ചിരിക്കുന്ന നർമ്മ രസം തന്നെയാണ് പുസ്തകത്തിന്റെ പ്രത്യേകത. ചിരിക്കാനും, ചിരിയിലൂടെ ചിന്തിക്കാനും, ആശ്വസിക്കാനുമായി കുറച്ചു സമയമാണ് ഈ പുസ്തകം സമ്മാനിക്കുക.

 

പബ്ലിഷർ: ബുക്കർ മീഡിയ

എഡിറ്റർ: സനിത അനൂപ്

കവർ ഡിസൈനർ: അനൂപ് ചാലിശ്ശേരി

കവർ ഫോട്ടോ: അരുൺ ചന്ദ്രബോസ്

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English