കവിതയിൽ ഒഴുകുമ്പോൾ പുഴ ശാന്തമല്ല

 

 

 

പി.എൻ.ഗോപീകൃഷ്ണൻ

പുഴകൾ ഇല്ലായിരുന്നെങ്കിൽ
കവികൾ എന്ത് ചെയ്യുമായിരുന്നു എന്ന ചോദ്യം ലോകത്ത് എവിടെയും സംഗതമാണ്. പുഴകൾ ഒഴുകുന്ന ഒരു വഴി കവിതയുടേതാണ്.

“തുഞ്ചത്തെഴുത്തച്ഛനും ഞാനുമായ് നാലഞ്ചു നൂറ്റാണ്ടു ദൂരം”
എന്ന് ആറ്റൂർ രവിവർമ്മ .

ഇന്നലെപ്പോലും, അപരിചിതമായിത്തീരുന്ന നാളുകളിൽ അത് എത്തിപ്പിടിക്കാൻ ആകുന്നില്ല എന്നുകൂടി സങ്കടത്തിലോ സന്തോഷത്തിലോ കവി
പറഞ്ഞുവെയ്ക്കുന്നുണ്ട്.

പക്ഷെ അത്ര ദൂരം എഴുത്തച്ഛൻറെ സരയൂവും ആറ്റൂരിൻറെ പേരാറും

തമ്മിൽ ഇല്ല. ഇടപ്പള്ളിയിലെ കാട്ടാറിൻറെ കരച്ചിലിലും എലിയറ്റിൻ്റെ തെംസിൻ്റെ തേങ്ങലിലും നമുക്ക് പരിചയമുള്ള ഒരു പൊതുഘടകം ഉണ്ട്.

ജോവോ കബ്രാൾ ഡി മെലോ നെറ്റോ എന്ന ബ്രസീലിയൻ കവിയുടെ കാപ്പിബ്രയാബ് നദി ഒഴുകുന്നത് നൊണ്ടിനായ് റോഡ് മുറിച്ചുകടക്കും

പോലെയാണെങ്കിൽ പി.കുഞ്ഞിരാമൻ നായരുടെ നിള ഒഴുകുന്നത് അടി കൊണ്ട ചേര പോലെയാണ്.

കവിതയിൽ ഏ കെ രാമാനുജൻ്റെ വറ്റിയ വൈഗയുടെ തീരത്ത് നാം ഇരുന്നു. കെ.ജി.എസിൻ്റെ അഗ്നിശമനത്തിൽ പുഴയ്ക്ക് സമാന്തരമായി

തീവണ്ടിയിൽ സഞ്ചരിച്ചു. മദിരയെ നദിയാക്കുന്നു ബാലചന്ദ്രൻ ചുള്ളിക്കാട് . “മദിരയിൽ മനം മുങ്ങി മരിച്ചൊരു നഗരരാത്രികൾ ”

കേരളത്തിൽ ഏറ്റവും കൂടുതൽ നദികളെ ഉൾക്കൊള്ളുന്ന ജില്ലയാണ് കാസർകോട് . ഭൂമിശ്ശാസ്ത്രത്തെ രാഷ്ട്രീയത്തിൽ നിന്ന് വേർതിരിച്ചാൽ

കാസർകോടും ദക്ഷിണ കനറയും ഉൾക്കൊള്ളുന്ന ഭൂപ്രദേശം പോലെ നദീ സമൃദ്ധമായ പ്രദേശങ്ങൾ കുറവ്.

ഉഡുപ്പി ജില്ലയും കൂടിപ്പെടുത്തിയാൽ ജോറായി. ചന്ദ്രഗിരിയും മധുവാഹിനിയും കാര്യങ്കോട് പുഴയും ഷിറിയപ്പുഴയും ബേക്കൽപ്പുഴയും

സൗപർണ്ണികയും നേത്രാവതിയും നന്ദിനിയും സാംബവിയും കുമാരധാരയും ഒക്കെച്ചേർന്നൊരു സ്ഥല ജലവിഭ്രാന്തിയിൽ ആയിരുന്നു ആ പ്രദേശം.

പക്ഷെ , പാലങ്ങളുടെ കൺകെട്ട് അവയുടെ സാന്നിദ്ധ്യത്തെ തന്നെ സഞ്ചാരിയുടെ കണ്ണിൽ നിന്ന് മായ്ച്ചു കളയുന്നു.

മനുഷ്യജന്മത്തിൻ്റെ ആവാസവ്യവസ്ഥകൾ ഉരുവം കൊണ്ട ഓരോ നദീതടവും യഥാർത്ഥത്തിൽ നമ്മുടെ ചരിത്ര ദൈവങ്ങളാണ് . നൈലും

സിന്ധുവും യൂഫ്രട്ടീസും ടൈഗ്രീസും യാങ്ങ്ടിസിയും മിസിസ്സിപ്പിയും ഉത്പാദിപ്പിച്ചത് ജലം മാത്രമല്ല. കടലാസും എഴുത്തും കൃഷിയും യുദ്ധവും
കൂടിയാണ്.
സ്നാപക യോഹന്നാനെ ജയിലിലടച്ചപ്പോൾ ജോർദ്ദാൻ നദി കടന്ന് യേശു ദൂരെപ്പോയി. നീതിമാൻ്റെ രക്തം തന്നെ
ജ്ഞാനസ്നാനപ്പെടുത്തിയ അതേ നദിയിൽ കലരുന്നത് കാണാനാകാതെ .

ഓരോ നദിയും ആദ്യവും അന്ത്യവുമാണ്. അയോദ്ധ്യയെ നനച്ചു തഴപ്പിച്ച അതേ സരയുവിൽ മുങ്ങിയാണ് രാമൻ പ്രാണനൊടുക്കുന്നത്.

രേവയേയും ഹിമാചല നദികളേയും മലയാളത്തിലേയ്ക്കൊഴുക്കിയ കുമാരനാശാൻ എന്ന ഭാഷയെ എന്നന്നേയ്ക്കുമായി അവസാനിപ്പിച്ചത്

പല്ലനയാറാണ്. ( ഇപ്പോൾ ചെന്ന് കാണുമ്പോൾ അതിന് ഒരു തോടിൻ്റെ വീതിയേ ഉള്ളു ) .അങ്ങനെ ജീവൻ്റേയും ജീവനത്തിൻ്റേയും
മരണത്തിൻ്റേയും നിരന്തരം മാറിക്കൊണ്ടിരിക്കുന്ന യാഥാർത്ഥ്യവും പ്രതീകവുമായി പുഴ ഒഴുകിക്കൊണ്ടേയിരിക്കുന്നു. പി.പി.രാമചന്ദ്രൻ്റെ
കവിതയിൽ പറയും പോലെ, കണക്കിനോ എഞ്ചിനീയറിംഗിനോ ഇടം കൊടുക്കാതെ.

കാസർകോട് ജില്ലയിലെ ഏറ്റവും വലിയ പുഴ , ചന്ദ്രഗിരിപ്പുഴയ്ക്കുള്ള ഒരു വലിയ അഭിവാദനമാണ് രാധാകൃഷ്ണൻ പെരുമ്പളയുടെ ഈ കവിത.

ഓരോ പുഴയേയും പേരിട്ട് സ്വന്തമാക്കുന്ന രീതി ഇന്ത്യയിൽ എമ്പാടുമുണ്ട്. പെരുമ്പളയിലെത്തുമ്പോൾ സ്വാഭാവികമായും ചന്ദ്രഗിരിപ്പുഴ
പെരുമ്പളപ്പുഴ ആയിത്തീരുന്നു.

അറബിക്കടലിലെത്തുന്നതിന് തൊട്ടുമുമ്പ് തൻ്റെ ഗ്രാമം പിടിച്ചു വെച്ച പുഴയെപ്പറ്റിയുള്ള ഒരു നീണ്ട
ആത്മഭാഷണമാണ് ഈ കവിത. തീർച്ചയായും അത് ആത്മകഥയാണ്. ഓർമ്മക്കുറിപ്പാണ്. സ്വന്തം ഓർമ്മക്കുറിപ്പല്ല. പൊതുസ്മരണയുടെ
മുറിക്കഷണം കൂടിയാണത്. ഫ്ലോറയാണ്. ഫോണയാണ്. മലിനയാഥാർത്ഥ്യമാണ്. ആളലും കെടലുമാണ്.

കേരളത്തിൻ്റെ ചരിത്രം എന്നത് അതിൻ്റെ ഗ്രാമങ്ങളുടെ ചരിത്രമാണ്. നവോത്ഥാന കാലം മുതൽ സാമൂഹികമായ ഉണർവ്വിൻ്റെ ചരിത്രം
കേരളത്തിലെ ഓരോ ഗ്രാമത്തിനും പറയാനുണ്ട്. കൊച്ചി, തിരുവിതാംകൂർ ഗ്രാമങ്ങൾക്ക് ജാതിവിരുദ്ധ പോരാട്ടത്തിൻ്റെ ചരിത്രമാണെങ്കിൽ
വടക്കൻ മലബാർ ഗ്രാമങ്ങൾക്ക് കർഷക മുന്നേറ്റത്തിന്റെ കഥയാണ് പറയാനുള്ളത്. കാര്യങ്കോട്ട് പുഴ തന്നെ കയ്യൂർ സമരത്തിലെ പ്രധാന

കഥാപാത്രമാണ്.( ആ കഥ പറഞ്ഞ നിരഞ്ജന ആ പുഴയുടെ പേര് തേജസ്വിനി എന്നാക്കി മാറ്റിയത് മറ്റൊരു ചരിത്രം ) . അതേ സമയം സമൂഹ
ചരിത്രം കുറേയൊക്കെ പുരോഗമാത്മകമായിരിക്കുമ്പോൾ പാരിസ്ഥിതിക ചരിത്രം നേരെ തിരിച്ചാണ്. മനുഷ്യർ മുന്നോട്ടു വരുന്നതും മറ്റ്
ആവാസവ്യവസ്ഥകൾ നിരന്തരം പുറന്തള്ളപ്പെടുന്നതുമായ ആ ചരിത്രം , ഇപ്പോൾ മനുഷ്യരിലെ തന്നെ ദുർബലരെ പുറന്തള്ളാൻ
തുടങ്ങിയിരിക്കുന്നു.
കൈമാറ്റപ്പെടുന്ന മാലിന്യങ്ങൾ അവസാനം എത്തിച്ചേരുന്നത് ദുർബലരുടെ ആവാസവ്യവസ്ഥയിലാണ്. മലിനീകരിക്കപ്പെട്ട
പുഴയും മലിനീകരിക്കപ്പെട്ട മനുഷ്യരും വികസന ചർച്ചകളുടെ ദൃശ്യതയിൽ വരാത്തതെന്ത് കൊണ്ട്?

നമ്മുടെ കാലത്തെ ഏറ്റവും വലിയ വൈരുദ്ധ്യങ്ങളിൽ ഒന്ന്

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ