സൈഡ് കർട്ടൻ
ചെറു കഥകൾ
എഴുത്ത് – റഷീദ് കാറളം
പ്രസാധനം – കലിക പബ്ലിക്കേഷൻസ്
കണ്ണീരുപ്പ് പുരട്ടിയ ജീവിത പലഹാരങ്ങൾ എന്ന അനുബന്ധം തികച്ചും അന്വർത്ഥമാണ് ഈ ചെറുകഥാസമാഹാരത്തിന്. പത്തു ചെറുകഥകൾ ഉള്ള പുസ്തകത്തിൽ ജീവിതയാഥാർഥ്യങ്ങൾ മാത്രമേയുള്ളൂ.
“അമ്മ മനസ്സിന്റെ കഥ”യിലെ കഥയും ഉൾക്കഥയും മാറുന്ന കാലഘട്ടങ്ങളിൽ വിലകല്പിക്കാതിരിക്കുന്ന ബന്ധങ്ങളേയും എന്തൊക്കെ കാരണങ്ങളാൽ അമ്മ വീടുകളും വൃദ്ധസദനങ്ങളും ഉണ്ടാകുന്നു എന്നും ചൂണ്ടിക്കാട്ടുന്നു. അതിലുപരി പുരുഷൻ സ്ത്രീയെ എന്തിനൊക്കെ അടിമപ്പെട്ടായിട്ടായാലും തരം കിട്ടിയാൽ സ്വന്തബന്ധങ്ങൾ നോക്കാതെ ഉപഭോഗവസ്തുവായി കണക്കാക്കിയേക്കാം എന്ന വലിയ സത്യത്തിലേയ്ക്ക് തുറന്നു വച്ച കണ്ണ് കൂടിയാണീ കഥ. ഇത്തരം എത്രയോ അനുഭവങ്ങൾ സ്ത്രീ മനസ്സുകളിൽ ഞെരുങ്ങുന്നുണ്ടെന്നും പുറം പൂച്ചുകൾക്കും സ്റ്റാറ്റസ് സിംബൽ എന്ന പേരിലും സർവ്വോപരി സ്ത്രീയെന്നാൽ സർവ്വം സഹ, ക്ഷമാശീല എന്നൊക്കെയുള്ള പതിവ് വീക്ഷണങ്ങളിലും തളച്ചിടപ്പെടുന്ന നഗ്ന സത്യങ്ങളാണ് എന്നത് വെളിച്ചത്തിലേയ്ക്കു പകർത്തിയ കഥ.
“മെക്കോളിലെ പ്രണയം”, മിഴിനീരണിയാതെ വായിച്ചു തീർക്കാനാകാത്ത ഒരു പ്രണയ കഥ. പ്രേമബന്ധങ്ങളിൽ ഇന്ന് കാണുന്ന ആഴമില്ലായ്മകൾക്ക് അപവാദമായ ഒന്ന്.
“സൈഡ് കർട്ടൻ”, ഗൃഹാതുരത്വം തുളുമ്പുന്ന നിഷ്കളങ്ക ബാല്യം പറയുന്ന കഥ.
“ഉമ്മച്ചിക്കുട്ടി”, “ആകസ്മികം” വ്യത്യസ്ത സ്വഭാവമുള്ള സ്ത്രീകൾ കഥാപാത്രങ്ങളായുള്ള ഈ രണ്ടു കഥകളും ഏറെ ശ്രദ്ധിക്കപ്പെടുന്നവയാണ്.കടുത്ത അച്ചടക്ക നിയന്ത്രണങ്ങൾക്കുള്ളിൽ വളർന്നിട്ടും ആഗ്രഹങ്ങളിലേയ്ക്ക് എത്തിപ്പിടിക്കാനുള്ള നിശ്ചയദാർഢ്യമുള്ള ഉമ്മച്ചിക്കുട്ടിയും കെട്ടഴിഞ്ഞ പ്രേമത്തിൽ നിന്നും നാമ്പെടുത്ത കുരുന്നിനെ തിരികെപ്പിടിക്കുന്ന അമ്മയുള്ള ആകസ്മികവും.
“വെള്ളിക്കാശ് വിതറിയ ഇടങ്ങൾ”,ബാല്യത്തിലൂടെയുള്ള ഓട്ട പ്രദക്ഷിണമാണ്.ഓലക്കീറിലൂടെ മണ്ണ് മെഴുകിയ നിലത്ത് വീഴുന്ന ആ വെള്ളിക്കാശുകൾ പെറുക്കാൻ ആഗ്രഹിക്കുന്ന ബാല്യ കൗതുകവും ധനം ബന്ധങ്ങളിൽ ഉണ്ടാക്കുന്ന അകൽച്ചയും അടുപ്പവുമൊക്കെ വരച്ചിട്ടിരിക്കുന്നു. “പൊട്ടിയ ഓടിന് പകരം ഓട് ചോദിക്കുമ്പോൾ എറിഞ്ഞ കല്ല് കിട്ടിയാലേ തരാനാകുള്ളൂ എന്ന കുട്ടി ന്യായം രസകരമായ എഴുത്തായിട്ടുണ്ട്.
നല്ലൊരു വായന സമ്മാനിച്ച കഥകൾ.