ദളിത് ബ്രാഹ്മണൻ; പുസ്തക പരിചയം

 

ശരൺ കുമാർ ലിംബാളെയുടെ മറ്റൊരു ഉജ്ജ്വല സൃഷ്ടിയായ ദളിത് ബ്രാഹ്മണന്റെ മലയാള പരിഭാഷ നടത്തിയിരിക്കുന്നത് ഡോ. എൻ. എം. സണ്ണിയാണ്. “ഭഗവാന്റെ പോരാട്ടം”, “ദളിത് ബ്രാഹ്മണൻ”, “ജാതി ചോദിക്കരുത്”, എന്നീ പത്ത് കഥകളാണ് ഈ പുസ്തകം ഉൾക്കൊള്ളുന്നത്. ഇന്ത്യയിൽ പലയിടത്തും ഇപ്പോഴും നില നിന്ന് വരുന്ന ജാതി  വ്യവസ്ഥയുടെ ദുർമുഖങ്ങളാണ് ഓരോ കഥയിലും എടുത്തു കാണിക്കപ്പെടുന്നത്. ഓരോ കഥയുടെയും അന്തസത്ത മതത്തിനും ജാതിക്കും അപ്പുറം മനുഷ്യനെ മനുഷ്യനായി കാണണം എന്ന് തന്നെയാണ്. സഹവർത്തിത്വവും സമാധാനവും ആണ് ജീവിതത്തിലും രാജ്യത്തിലും പരമ പ്രധാനം എന്ന എഴുത്തുകാരന്റെ ചിന്ത തന്നെയാണ് പുസ്തകത്തിലുടനീളം ദർശനീയമായത്. ജാതീയ ചിന്തകൾ ഓരോ മുക്കിലും മൂലയിലും കാണാൻ കഴിയുന്ന ഒരു കഥയാണ് “ഭഗവാന്റെ പോരാട്ടം”. ഒറ്റയാൾ പോരാട്ടത്തിന്റെ കഥയായ ഭഗവാന്റെ പോരാട്ടത്തിലെ അവസാനം വേദനാജനകമെങ്കിലും യുവതലമുറയിലൂടെ ഭഗവാൻ വിജയിക്കുക തന്നെ ചെയ്യും എന്ന പ്രതീക്ഷാനിർഭരതയാണ് കഥാ തന്തു.
മതവിശ്വാസങ്ങൾ ഒരുക്കുന്ന ചെറിയ ചെറിയ അസ്വാരസ്യങ്ങളും അത് മൂലം മനുഷ്യമനസ്സുകളിൽ ജനിക്കുന്ന അരക്ഷിതാവസ്ഥയും സാമൂഹിക അരക്ഷിതാവസ്ഥയും എല്ലാം തക്കതായ കാരണങ്ങളിലൂടെ “ദളിത് ബ്രാഹ്മണൻ” എന്ന കഥയിലൂടെ, “ജാതി ചോദിക്കരുത്” എന്ന കഥയിലൂടെ വിവരിച്ചു എഴുത്തുകാരൻ നടന്നു നീങ്ങുമ്പോൾ കണ്ണിൽ നിന്നും മായാത്ത രണ്ടു വരികൾ ഇവിടെ കുറിക്കട്ടെ.
“മതവികാരം വ്രണപ്പെടുമ്പോൾ ഒരു മതത്തിന്റെയും സമ്പത്തിന് നഷ്ടം സംഭവിക്കുന്നില്ല, പക്ഷെ രാഷ്ട്രത്തിന്റെ സമ്പത്തിന് നാശം സംഭവിക്കും.” ഈ വരികളിലൂടെ എഴുത്തുകാരൻ മതേതരത്വവും ദേശസ്നേഹവും ഒരുമിച്ചാണ് വായനക്കാർക്ക് വിളമ്പുന്നത്.
സമൂഹത്തിൽ ഏറ്റവും  മുൻ‌തൂക്കം മാനുഷികതയ്ക്കും മതേതരത്വത്തിനും ആണ് എന്നത് ഈ വരികളേക്കാൾ ലളിതമായി സാധാരണ ജനങ്ങളെ പറഞ്ഞു മനസ്സിലാക്കാനാവില്ല.
ഒരു മനുഷ്യന്റെ പ്രവൃത്തിയേക്കാൾ, സ്വഭാവത്തെക്കാൾ ജാതി മുഴച്ചു നിൽക്കുന്ന “ജാതി ചോദിക്കരുത്” എന്ന കഥ ജാതിവ്യവസ്ഥയുടെ കടുത്ത കാഴ്ചകളും തരം താഴ്ന്ന ചിന്താഗതികളും തന്നെയാണ് പ്രതിപാദിച്ചിരിക്കുന്നത്.
നൂറ്റാണ്ടു മുൻപ് നവോത്ഥാനത്തിലൂടെ ചട്ടമ്പി സ്വാമികളും ശ്രീ നാരായണ ഗുരുദേവനും മറ്റു പല നവോത്ഥാന സാരഥികളും കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരവും മാനസിക നിലവാരവും എങ്ങിനെ ഉയർത്തിക്കൊണ്ട് വന്നു എന്ന് കൂടുതൽ മനസ്സിലാക്കാൻ ഉതകുന്ന കഥകൾ. അംബേദ്ക്കറും അദ്ദേഹത്തിന്റെ പ്രവർത്തനവും ജാതിവ്യവസ്ഥയുടെ കാഠിന്യം എത്ര കണ്ടു കുറച്ചു എന്നതും ഈ കഥകളിലൂടെ മനസ്സിലാക്കാൻ സാധിക്കും. അതിനാലാണ് ദൈവങ്ങളുടെ സ്ഥാനത്ത് അംബേദ്ക്കറുടെ ചിത്രം വച്ച് ആരാധിക്കുന്നത്. ഗോവധവും ഗോമാംസഭോജനവും ഇന്ത്യയിൽ ഇളക്കിവിട്ടു എല്ലാ കോളിളക്കവും “ഗോവധം” എന്ന ഒരൊറ്റക്കഥയിലൂടെ മനസ്സിലേക്കേറും. അവിടെയും ചിലർക്ക് ഗോവ് എന്നാൽ മാതാവും മറ്റു ചിലർക്ക് ഗോവ് എന്നാൽ വിശിഷ്ടഭോജ്യവും എന്നത് ഒരു മൂന്നാമനായി കാണുന്ന എഴുത്തുകാരനേയും നമുക്ക് കാണാം. “ആത്മകഥ”   ഒരു കഥയുടെ ഉദയവും അത് അച്ചടിക്കാനുള്ള പെടാപ്പാടും വിവരിക്കുന്നുവെങ്കിൽ “നീചജാതി” പിന്നെയും ജാതിവ്യവസ്ഥയിൽ നിന്നുയിർ കൊള്ളുന്ന ലൈംഗിക ചൂഷണങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു. ഇതേ വിഷയം ഭഗവാന്റെ പോരാട്ടം എന്ന കഥയിലും കാണാൻ സാധിക്കും. ചുരുക്കത്തിൽ മാനുഷിക പരിഗണനയ്ക്ക് സമൂഹത്തിൽ ദേശത്തിൽ രാജ്യത്തിൽ ജാതിയേക്കാൾ എത്ര മുൻ‌തൂക്കം ഉണ്ടെന്ന് മനസ്സിലാക്കാൻ ഉതകുന്ന ശക്തമായ കഥകളാണ് ദളിത് ബ്രാഹ്മണൻ എന്ന പുസ്തകത്തിലേത്. ഡോ സണ്ണിയുടെ കിടയറ്റ പരിഭാഷ വായനക്കാരുടെ മനസ്സിൽ പതിയുന്നതാണ്.

ദളിത് ബ്രാഹ്മണൻ
എഴുത്ത് : ശരൺ കുമാർ ലിംബാളെ
പരിഭാഷ : ഡോ. എൻ എം സണ്ണി
എഡിറ്റർ : സനിത അനൂപ്
കവർ ഡിസൈനർ : അനൂപ് ചാലിശ്ശേരി
പബ്ലിക്കേഷൻ: ബുക്കർ മീഡിയ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous article‘കൈയൊപ്പിട്ട വഴികള്‍’; പുസ്തക പ്രകാശനം
Next articleഎഴുത്തുകാരനും പേനയും തമ്മിലൊരു കശപിശ
യു ഏ യിൽ താമസമാക്കിയ ഒരു ഇരിങ്ങാലക്കുടക്കാരി....കുഞ്ഞിലിക്കാട്ടിൽ ഉണ്ണിച്ചെക്കൻറെയും പദ്മിനിയുടേയും മകൾ, അശ്വനിയുടെ വാമഭാഗം. ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയിൽനിന്നും ഹിന്ദി പ്രവീൺ, കമ്പ്യൂട്ടർ ആപ്പ്ളിക്കേഷനിൽ പ്രൊഫഷണൽ ബിരുദം,പ്രകൃതി സ്‌നേഹി.... ഓർമകളും,നൊമ്പരങ്ങളും, മറവിയിൽനിന്നു കണ്ണുപൊത്തിക്കളിക്കുമ്പോൾ....... സംവേദനം നേരിട്ടാകാൻ കഴിയാത്ത സന്ദർഭങ്ങളിൽ..... അപ്പോഴൊക്കെ വിരിയുന്നവയാണ് ഈ ചെറിയ ശീലുകൾ,വാക്കുകൾ,വാക്യങ്ങൾ.... അവ കാതോർക്കുന്നവർ, കണ്ണോടിക്കുന്നവർ നിങ്ങളാണ്. നിങ്ങളോട് ഞാൻ എന്നെക്കുറിച്ചു മറ്റെന്തു പറയാൻ..... എഴുത്ത് ഇതുവരെ:- "അച്ഛൻ ഓർമ്മകൾ " എന്ന പുസ്തകത്തിൽ ഒരു ചെറു ഓർമ്മക്കുറിപ്പ്. "56 പെൺകവിതകൾ","സൈക്കിൾ റാലി പോലൊരു ലോറി റാലി " എന്ന കവിതാസമാഹാരങ്ങളിൽ കവിത പ്രസിദ്ധീകരിച്ചു. കഥയോളം, അക്കഥയിക്കഥ എന്ന കഥാസമാഹാരങ്ങളിൽ കഥ പ്രസിദ്ധീകരിച്ചു "Loneliness Love Musings and Me എന്ന ഇംഗ്ലീഷ് കവിതാസമാഹാരം. ഇദം പ്രഥമം ദ്വയം എന്ന കഥാസമാഹാരം, അമേയം എന്ന കവിതാസമാഹാരം.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English