ഭാഷയുടെ ഭൂമി, ജീവിതത്തിന്റെ നിമിഷങ്ങൾ, കവിതയുടെ എടുപ്പുകൾ

ടി.പി.വിനോദ്

(നിലവിളിയെക്കുറിച്ചുള്ള കടങ്കഥകളുടെ പുതിയ പതിപ്പിന് എഴുത്തുകാരന്റെ കുറിപ്പ്)

മലയാളത്തിലെ ആദ്യ തലമുറ ബ്ലോഗർമാരിലെ സാഹിത്യതൽപ്പരായ ഒരു കൂട്ടം സുഹൃത്തുക്കളുടെ കൂട്ടായ്മയായ ബുക്ക് റിപ്പബ്ലിക് ആണ് 2009 ൽ ഈ പുസ്തകത്തിന്റെ ആദ്യ പതിപ്പ് പ്രസിദ്ധീകരിച്ചത്. അക്കാലത്ത് സൗത്ത് കൊറിയയിലായിരുന്ന എന്റെ യാതൊരുവിധ പങ്കാളിത്തവും പ്രയത്നവുമില്ലാതെ തന്നെ പുസ്തകത്തിന്റെ പ്രകാശനവും വിപണനവുമൊക്കെ നടന്നു. ഇപ്പോഴാലോചിക്കുമ്പോൾ അവർക്ക് ആ കവിതകളിലുണ്ടായിരുന്ന വിശ്വാസം എനിക്ക് എന്നെക്കുറിച്ചുള്ള വിശ്വാസത്തെക്കാൾ എത്രമാത്രം ബലമുള്ളതായിരുന്നു എന്ന് ആശ്ചര്യം തോന്നുന്നു. പുസ്തകത്തിന്റെ വിപണനവുമായി ബന്ധപ്പെട്ട് രസകരമായ ഒരനുഭവം ഒരു സുഹൃത്ത് പങ്കുവെയ്ക്കുകയുണ്ടായി. അദ്ധ്യാപകനും സാംസ്ക്കാരിക പ്രവർത്തകനുമൊക്കെയായ അയൽവാസിയുടെ വീട്ടിൽ പുസ്തകവുമായി ചെന്നതായിരുന്നു അവൻ. തന്റെ ചങ്ങാതിയുടെ പുസ്തകമാണ്, നോക്കിയിട്ട് വാങ്ങൂ എന്ന് പറഞ്ഞ് പുസ്തകം കൊടുത്തപ്പോൾ, “ഓ കടങ്കഥകളാണല്ലേ, ചെറിയ കുട്ടികൾക്കൊക്കെ വായിക്കാൻ നല്ലതായിരിക്കും” എന്ന് പറഞ്ഞ് പുസ്തകം വാങ്ങി എന്നാണ് കേട്ടത്. ആ വീട്ടിലെ കുട്ടികൾ അത് വായിച്ചിരുന്നോ, അവർക്ക് അതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടായോ എന്നൊന്നും അറിയില്ല. ഏതായാലും കൊല്ലങ്ങൾക്കിപ്പുറവും ആ പുസ്തകത്തിലെ കവിതകളുടെ പേരിൽ എന്നെ പരിചയപ്പെടുന്ന ചെറുപ്രായക്കാർ ഉണ്ട് എന്നത് ഉള്ളിൽ തട്ടുന്ന സന്തോഷമാണ്. സോഷ്യൽ മീഡിയക്കും ഓൺലൈൻ പ്ലാറ്റ്ഫൊമുകൾക്കും അതുവഴി മനുഷ്യരിലേക്ക് സാധ്യമാവുന്ന അസംഖ്യം വഴികൾക്കും നന്ദി. മനുഷ്യരും മനുഷ്യരും തമ്മിലാണല്ലോ കടങ്ങളും കഥകളും കടങ്കഥകളും.

കവിത എഴുതുമെന്ന് സ്വയം തിരിച്ചറിഞ്ഞ് കഴിഞ്ഞ ഒരാൾ അതിൽപ്പിന്നെ അയാളുടെ ജീവിതത്തിലെ ഓരോ നിമിഷത്തെയും അടുത്ത നിമിഷത്തിനോട് കൂട്ടിയൊട്ടിക്കുന്ന സിമന്റുപോലെ കവിതയെ ആജീവനാന്തം ഉപയോഗിക്കുന്നു എന്ന് തോന്നിയിട്ടുണ്ട്. വേദനകളുടെ ഒരു വിശ്രമസ്ഥലമായോ, അതിജീവിനത്തിന്റെ അടയാളമായോ, ഓർമ്മയുടെ മേൽവിലാസമായോ ഭാഷയുടെ ഭൂമിയിൽ ജീവിതത്തിന്റെ നിമിഷങ്ങൾ അടുക്കി അയാൾ അയാളുടേതായ എടുപ്പുകൾ നിർമ്മിക്കുന്നു. ഈ പുസ്തകത്തിലെ പല കവിതകളുടെയും പ്രമേയം തന്നെ ഭാഷയും കവിതയുമായതിന് ഇതൊരു കാരണമാണ് എന്നും എനിക്ക് തോന്നുന്നു. ആ തോന്നലിനെയൊന്നും ഗൗനിക്കാതെ തന്നെ നിങ്ങൾ വായിച്ചു നോക്കൂ.

കവിതയിലെ എന്റെ ജീവിതത്തിന് എപ്പോഴും കൂട്ട് നിന്ന ഒരുപാട് വലിയ മനസ്സുകൾ ഉണ്ട്. നിലവിളിയെക്കുറിച്ചുള്ള കടങ്കഥകളുടെ രണ്ടാം പതിപ്പ് വരുന്ന ഈ അവസരത്തിൽ എല്ലാവരേയും കടപ്പാടുകളോടെ ഓർക്കുന്നു. രണ്ടാം പതിപ്പിന് സ്നേഹം നിറഞ്ഞ ഒരു മുഖക്കുറിപ്പ് എഴുതിത്തന്ന എൻ. ശശിധരൻ മാഷ്, ഈ പുസ്തകത്തിനോടോപ്പം എപ്പോഴും ഉണ്ടായിരുന്ന ആർ.പി. ശിവകുമാർ, ആദ്യ പതിപ്പിനെന്ന പോലെ ഇതിനും കവർ ചെയ്യാമെന്ന് സ്നേഹപൂർവ്വം സമ്മതിച്ച ഉന്മേഷ് ദസ്തക്കിർ, പുസ്തകം പ്രസിദ്ധീകരിക്കാൻ തിരഞ്ഞെടുത്ത ഗ്രീൻ പെപ്പർ പബ്ലിക്ക,  ബിനു ആനമങ്ങാട് തുടങ്ങിയവരൊടുള്ള നന്ദിയും സ്നേഹവും എടുത്ത് പറയുന്നു.

ഈ കവിതകൾ പുസ്തകമാക്കാമെന്ന്  2008 ലോ മറ്റോ എന്നോട് ആദ്യമായി പറഞ്ഞത് ബ്ലോഗറും മുതിർന്ന സഹോദരന്റെ സ്ഥാനത്തുള്ള സുഹൃത്തുമായിരുന്ന ഹരികൃഷ്ണൻ ആയിരുന്നു. ആശുപത്രി കിടക്കയിൽ നിന്ന് ടൈപ്പ് ചെയ്ത ചിയേഴ്സ് എന്ന വാക്കാണ് ഹരിയേട്ടൻ അവസാനമായി എന്നോട് പറഞ്ഞ വാക്ക്. ചിയേഴ്സ് ഹരിയേട്ടാ, എന്റെ ഈ ചെറിയ പുസ്തകത്തിന്റെ രണ്ടാം പതിപ്പ് ഞാൻ നിങ്ങൾക്കാണ് സമർപ്പിക്കുന്നത്.

——————————————————————-
“നിലവിളിയെക്കുറിച്ചുള്ള കടങ്കഥകൾ”
ടി പി വിനോദ്
വില 110 രൂപ
പോസ്റ്റേജ് 20 രൂപ
കൂടുതൽ വിവരങ്ങൾക്ക്: 9447558558

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here