നിഴലാഴങ്ങളുടെ പൊക്കുവെയിൽ: ബിജു ഇ.കെ.

 

 

ഒരേ ആകാശവും ഒരേ ഭൂമിയും തേടി സ്വയമാർന്ന യാനപാത്രത്തിൽ ഇരുളിന്റെ ഇരുളും കടന്ന് വെളിച്ചത്തിന്റെ വെളിച്ചം തേടിയുള്ള അനുസ്യൂതമായ യാത്ര. കഥകൾ പറഞ്ഞു പറഞ്ഞ് നടന്നു പോയ ഈ വഴികൾക്ക് ഓർമ്മകളുടെ സുഗന്ധമാണ്. ജീവിതം അവനെ വല്ലാതെ മോഹിപ്പിക്കുകയും പരിഭ്രമിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഒറ്റ ഒഴുക്കുകൊണ്ട് ജീവിതം മുറിയുമ്പോൾ, ഇരുൾക്കാടുകൾ വന്യതയാൽ ഇറുക്കെ പുണരുമ്പോൾ ഒക്കെ നിശ്ശബ്ദമായവൻ ഞരങ്ങുന്നുണ്ട്. പൊള്ളുന്ന ജീവിതവേദനകളുടെ കടലാഴങ്ങൾ മുറിച്ചു കടക്കാനൊരു മരക്കലം തേടിയായിരുന്നു അവന്റെ യാത്രകളത്രയും. എഴുതി തോറ്റ ജീവിതപാഠങ്ങളുടെ തരിശുനിലങ്ങൾക്കു മേൽ ജലത്തുള്ളികൾ നഖചിത്രങ്ങളെഴുതുന്നുണ്ടിപ്പോൾ. പറഞ്ഞു പറഞ്ഞ് ജീവിതത്തെ തോൽപ്പിച്ചും സ്വയം തോറ്റും മുന്നേറുന്നതിന്റെ ആഹ്ലാദം.

ജീവിതത്തിന്റെ നീണ്ട വഴികളിലൊക്കെയും വീണു ചിതറുന്ന പ്രകാശത്തിന്റെ പൊൻകിരണങ്ങളുണ്ട്. നാമറിയാതെ നമ്മെ തൊട്ടും തലോടിയും കടന്നു പോകുന്നവ. സ്വച്ഛമായ നീല ജലാശയത്തിൽ മുഖം നോക്കി ആമഗ്നമാകുന്നവന്റെ ഉള്ളംപോലെ തെളിമയാർന്ന മറ്റൊന്നുമില്ല ഈ മണ്ണിൽ. മേഘങ്ങൾ മുഖംനോക്കുന്ന ഭൂമിയുടെ ഛായാപടങ്ങളിലവൻ ജീവിതം കൊത്തിവെയ്ക്കുന്നു.

കഥയെഴുത്തിന്റെ മാന്ത്രികതയുമായി പുതിയൊരാൾക്കൂടി ഈ പടി കടന്നു വരുന്നുണ്ട്. പ്രതിഷേധത്തിന്റെ കടലിരമ്പങ്ങളെ വാക്കുകളിൽ അടുക്കി ഒരുക്കി കഥയുടെ പാനപാത്രമാക്കുന്ന വിദ്യ അവന്റെതു മാത്രമാണ്. ജീവിതം കനിഞ്ഞു നൽകിയ അത്ഭുതങ്ങളുടെ നിധി പോലെയുള്ള തുറന്നെഴുത്തുകൾ.

സായാഹ്നങ്ങൾക്കുമപ്പുറം പോക്കുവെയിൽ തീർത്ത നിഴലാഴങ്ങളെ ഹൃദയത്തിൽ ആവഹിച്ച് ശംഭു പ്രസാദ് ഒരുക്കിയ മുഖപടം.

പ്രസാധകർ: നിയതം

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here