പുസ്തക പരിചയം: നൂറ്റാണ്ടുകളെ ധന്യമാക്കിയ നൈനാമാർ

 

നൂറ്റാണ്ടുകളിലൂടെ ചരിത്രത്തിൽ ഇടം പിടിച്ച നൈനാമാർ എന്ന സമൂഹത്തിന്റെ സമഗ്ര ചരിത്രം കണ്ടെത്താനുള്ള അന്വേഷണമാണ് മൺസൂർ നൈനയുടെ ‘’നൈനാ ചരിത്രം നൂറ്റാണ്ടുകളിലൂടെ’’ എന്ന പുസ്തകം.മുസ്ലിം സമുദായത്തിലെ പ്രബലമായ കുടുംബമാണ് നൈനാമാർ. മറുനാട്ടിൽ നിന്നും കടന്നുവന്ന .മറ്റ് പല കുടുംബങ്ങളെയും നമുക്ക് കാണാൻ കഴിയുമെങ്കിലും നൈനാമാരെപ്പോലെ അറബ് നാട്ടിൽ നിന്നും കടന്നു വന്ന് ഇന്ത്യയുടെ വിവിധ സ്ഥലങ്ങളിൽ മാത്രമല്ല ലോക രാജ്യങ്ങളിൽ തന്നെ വേരുകളുറപ്പിച്ച വിസ്തൃതമായ കുടുംബം എന്നതു തന്നെയാണ് ഈ സമൂഹത്തിന്റെ പ്രസക്തി.

കായൽ പട്ടണത്തു നിന്നും കൊച്ചിയിലേക്ക്..

കൊങ്ങിണി സമൂഹം ഉൾപ്പെടെ പല സമൂഹങ്ങൾക്കും ഉള്ളതു പോലെ പ്രാദേശികമായ അല്ലെങ്കിൽ അവരുടെ സ്വന്തമായ ഒരു ഭാഷ ഇല്ല എന്നതാണ് നൈനാമാരെ വ്യത്യസ്തമാക്കുന്നത്.ഏതു നാട്ടിലാണോ ജീവിക്കുന്നത് അവിടുത്തെ ജീവിതവും സംസ്കാരവും അവർ പിന്തുടർന്നു, തനതായ വേഷവും ഭക്ഷണവും ആചാരങ്ങളും നഷ്ടപ്പെടുത്താതെ തന്നെ. കച്ചി മേമൻ,ദഖിനി,ഹലായികൾ,റാവുത്തർമാർ,നൈനമാർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ നിന്നും നൈനാമാർ മുസ്ലിംകളിൽ എങ്ങനെ ഉരുത്തിരിഞ്ഞുവെന്ന് ഗ്രന്ഥകർത്താവ് പരിശോധിക്കുന്നു.രാജാവ് ഒന്നു കുറെ ആയിരം തുടങ്ങിയ ബഹുമതികൾ നൈനാമാർക്ക് നൽകിയിരുന്നു.രാജാവ് നൽകിയ നൈനാർ എന്ന സ്ഥാനപ്പേര് ലോപിച്ചാണല്ലോ നൈനാ എന്നായത്.അറബി നാടുകളിൽ നിന്നും കായൽ പട്ടണത്തെത്തുന്നതോടെ ഇന്ത്യയിലെയും ,അവിടെ നിന്നും കൊച്ചിയിലെത്തുന്നതോടെ കേരളത്തിലെയും നൈനാമാരുടെ ചരിത്രം തുടങ്ങുന്നു.കൊച്ചിയിൽനിന്നുമാണ് ആലുവ,മണ്ണഞ്ചേരി,വടുതല തുടങ്ങിയ വിവിധ പ്രദേശങളിലേക്ക് നൈനാമാർ പടർന്നു പന്തലിച്ചത്.കേരളത്തിലേക്ക് കുടിയേറിയ മറ്റ് വിഭാഗങ്ങൾ ഹനഫി മദ്‍ഹബ് പിന്തുടരുമ്പോൾ നൈനാമാർ എല്ലായിടത്തും ഷാഫി മദ്‍ഹബാണ് പിന്തുടരുന്നത്.

സുൽത്താൻ ജമാലുദ്ദീന്റെ പിൻ‍ഗാമികൾ

പേർഷ്യൻ ഗൽഫ് രാജ്യങളുടെ ആസ്ഥാനമായ സിറുജിൽ വച്ച് ഏ.ഡി.1306ൽ മരണപ്പെട്ട സുൽത്താൻ ജമാലുദ്ദീന്റെ പിഗാമികളാണ് നൈനാമാർ.കായൽപട്ടണത്തുണ്ടായിരുന്ന അദ്ദേഹത്തിന്റെ പിൻഗാമികൾ പാണ്ഡ്യരാജാക്കൻമാരുടെയും മറ്റും കൈകളിൽ നിന്നും സ്ഥാനമാനങ്ങളും നേടി.ഈ വിഭാഗത്തിലെ അവസാന ഭരണാധികാരി സയ്യിദ് അബ്ദുറഹ്‍മാനായിരുന്നു.അദ്ദേഹത്തിന്റെ പിൻ‍ഗാമികൾ രത്ന വ്യാപാരികളായി ഇപ്പോഴും കായൽപട്ടണത്ത് ഉണ്ട്.നൈനാഹൗസും നൈനാസ്ട്രീറ്റും കായൽ പട്ടണത്ത് സുലഭം.

നൈനാമാരുടെ ഏതു ചരിത്രം തിരയുമ്പോഴും അത് കായൽപട്ടണത്തേക്ക് എത്തിച്ചേരുന്നു എന്നതു തന്നെ നൈനാമാരുടെ തറവാട് കായൽപട്ടണമായിരുന്നു എന്നതിന്റെ തെളിവാണ്.അതിന്റെ ചരിത്രരേഖകളും ഗ്രന്ഥകാരൻ രേഖപ്പെടുത്തുന്നുണ്ട്.പറങ്കികൾക്കെതിരെ ആദ്യവിപ്ളവകാഹളമൊരുക്കിയ മഖ്ദൂമുകളും കുഞ്ഞാലി മരയ്ക്കാർമാരും കായൽ പട്ടണത്തു നിന്നാണ് കൊച്ചിയിലെത്തിയത്.കൊച്ചിയിലെ നൈനാ തറവാടുകളിൽ പണ്ടു നിലനിന്നിരുന്ന മരുമക്കത്തായം കായൽപട്ടണത്ത് ഇപ്പോഴും നിലനിൽക്കുന്നു.പുതിയാപ്ളമാർ ഭാര്യവീടുകളിലാണ് താമസിക്കുന്നത്

കൊച്ചിയിലേക്ക് വന്ന നൈനാമാർ

യുദ്ധതിന് വേണ്ടി കൊച്ചിയിലെത്തിയ പാലിയത്തച്ഛന്റെ സേനാധിപതിയായിരുന്ന കുഞ്ഞാലി നൈനയും മൂന്ന് സഹോദരനമാരും പ്രാർഥനയ്ക്ക് പള്ളിയില്ലാത്തതു കൊണ്ട് കോഴിക്കോട്ടേയ്ക്ക് തിരിച്ചു പോകാൻ തുടങ്ങിയപ്പോൾ കൊച്ചിയിൽ തന്നെ തുടരാൻ അവരോട് കൊച്ചി രാജാവ് ആവശ്യപ്പെടുകയും അവർക്ക് പള്ളിക്കായി സ്ഥലം ദാനം ചെയ്യുകയും ചെയ്തു.കൊച്ചി രാജാക്കൻമാരുടെ പ്രധാന ചടങ്ങായിരുന്ന അരിയിട്ടു വാഴ്ചയിൽ നൈനാമാർ പ്രധാന ക്ഷണിതാക്കളായിരുന്നു,.പുതിയ രാജാവിനെ വാഴിക്കുമ്പോൾ നൈനാമാർ മംഗള പത്രം നൽകുമായിരുന്നു

കൊച്ചങ്ങാടിയിലായിരുന്നു നൈനാമാർ പ്രധാനമായും താമസിച്ചിരുന്നത്. കുഞ്ഞാലി നൈനയുടെ നേതൃത്തത്തിൽ നാല് സഹോദരൻമാർ ചേർന്നു നിർമ്മിച്ച പള്ളിയാണ് ഇന്നത്തെ ചെമ്പിട്ടപള്ളി.അകത്തെ പള്ളിയിൽ കാണുന്നത് പ്രാചീന തമിഴ് ലിപിയും ശൈലിയുമാണ്.സദൃശ്യമായ ലിപികൾ കാണാൻ കഴിയുന്നത് കായൽപട്ടണത്തും കീളേകരയിലുമാണ്.നൈനാമാരുടെ ചരിത്രബന്ധങ്ങൾക്ക് ഏറ്റവും വലിയ തെളിവാണ് ഈ ലിഖിതങ്ങൾ.

ഒന്നുകുറെ ആയിരം

ഈ പേരിലാണ് നൈനാമാർ പണ്ട് അറിയപ്പെട്ടിരുന്നത്.രാജാവിന് കൊടുത്ത മംഗളപത്രത്തിലും മറ്റും ഈ പേര് കാണാം.നൈനാമാരിലെ സ്ത്രീകളെ പേരിനൊപ്പം താച്ചി എന്ന് ചേർത്താണ് വിളിച്ചിരുന്നത്കായൽപട്ടണത്തെ നാച്ചിയാർ ലോപിച്ച് നാച്ചിയും കൊച്ചിയിൽ വന്നപ്പോൾ താച്ചിയുമായി കുടുബത്തിലെ തലൈവി എന്നാണ് ഇതിന്റെ അർഥം, .വേഷത്തിലും തനതായ ശൈലിയുണ്ടായിരുന്നു.കാച്ചിമുണ്ടും ഇറക്കമുള്ള കുപ്പായവും തട്ടവുമായിരുന്നു അവർ പൊതുവായി ധരിച്ചിരുന്നത്.

നൈനാമാരുടെ സൽക്കാരപ്രിയതയെക്കുറിച്ചും നൈനാമാർക്ക് മാത്രം സ്വന്തമായ വിവിധ ഭക്ഷണ രീതികളെക്കുറിച്ചും ഗ്രന്ഥകർത്താവ് വിശദീകരിക്കുന്നു.പുരാതന അറേബ്യയിലെ വിഭവങ്ങളാണ് നൈനാമാരുടെ തീൻമേശകളിൽ ഇടം പിടിച്ചിരുന്നത്.മറ്റുള്ളവരെ സൽക്കരിക്കാനും രുചികരമായ ഭക്ഷണം നൽകാനും തൽപ്പരരായിരുന്നു ഏതു ദേശത്തെയും നൈനാമാർ.

സ്വാതന്ത്ര്യത്തിന്റെ പാതയിൽ..

സൈനുദ്ദീൻ നൈന,ബഷീർ നൈന തുടങ്ങിയ സ്വാതന്ത്ര്യ സമരപോരാളികളും നൈനാമാരിലുണ്ടായിരുന്നു.സൈനുദ്ദീൻ നൈനായുടെ പേരിൽ കൊച്ചി കോർപ്പറേഷൻ റോഡ് നിർമ്മിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ മകനാണ് പ്രശസ്ത മാധ്യമ പ്രവർത്തകനായ ജമാൽ കൊച്ചങ്ങാടി..വൈക്കം മുഹമ്മദ് ബഷീറും പി..കേശവദേവും സൈനുദ്ദീൻ നൈനയുടെ പ്രിയമിത്രങ്ങളായിരുന്നു.ബഷീറിന്റെ പത്രാധിപത്യത്തിൽ ഉജ്ജീവനം പത്രം പ്രസിദ്ധീകരിച്ചത് അദ്ദേഹമാണ്..യമൻ,തുർക്കി തൊപ്പി ധരിക്കുന്നവരായിരുന്നു നൈനാമാർ.കൊച്ചിയിലെ തെരുവുകളിലൂടെ റിക്ഷകളിലെ അവരുടെ യാത്ര പ്രൗഡിയോടെയായിരുന്നു.40 ദിവസം വരെ നീണ്ടുനിൽക്കുന്നതായിരുന്നു അവരുടെ കല്യാണചടങ്ങുകൾ.

പ്രസിദ്ധ ചരിത്രകാരനായ ഡോ.കെ.കെ.എൻ.കുറുപ്പിന്റെ അവതാരിക ഈ ചരിത്രാന്വേഷണത്തിന് ഒരു മുതൽക്കൂട്ടു തന്നെയാണ്.അതേപോലെ പ്രൊഫസർ കെ.എം.മീരാൻ പിള്ളയുടെയും ഡോ.ഹുസൈൻ രണ്ടത്താണിയുടെയും പ്രൊഫസർ കെ.എം.മാത്യുവിന്റെയും ആമുഖവും കൊച്ചി രാജകുടുംബത്തിന്റെ പ്രതിനിധി രാജൻ.എസ്സിന്റെ ആശംസയുമുണ്ട്..ഭരണകർത്താക്കൾ,കുതിര വജ്രവ്യാപാരികൾ,കപ്പൽ ഉടമകൾ എന്നീ നിലകളിൽ പ്രസിദ്ധരായിരുന്നു നൈനാമാർ എന്ന് മീരാപിള്ള പറയുന്നു.പ്രാചീന തമിഴ് സാഹിത്യകൃതികളിൽ പലതിലും അന്നത്തെ പല പ്രശസ്ത നൈനാമാരെയും പരാമർശിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു, പണ്ഡിതൻമാരും കവികളും സിദ്ധൻമാരുമൊക്കെ ഇക്കൂട്ടത്തിലുണ്ടായിരുന്നുവത്രേ.

മുത്ത്,രത്നക്കല്ലുകൾ,തുണി,കടൽ വിഭവങ്ങൾ,അരി തുടങ്ങിയ വ്യാപാര മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരായിരുന്നു നൈനാമാർ എന്ന് ഡോ.രണ്ടത്താണി വ്യക്തമാക്കുന്നു.പള്ളികൾ നിർമ്മിക്കുകയും പണ്ഡിതൻമാരെ പ്രോൽസാഹിപ്പിക്കുകയും ചെയ്തതോടൊപ്പം അവർ ജാതിമത ഭേദമന്യെ എല്ലാവരെയും സഹായിക്കുകയും ചെയ്തു.നൈനാമാരെ മാറ്റി നിർത്തി കൊച്ചിയുടെ ചരിത്രം എഴുതാൻ ആവില്ലെന്ന ഹുസൈൻ രണ്ടത്താണിയുടെ അഭിപ്രായം അക്ഷരം പ്രതി ശരിയാണെന്ന് മൺസൂർ നൈനയുടെ ഈ ചരിത്ര ഗ്രന്ഥം നമ്മെ ബോദ്ധ്യപ്പെടുത്തും.

. കൊച്ചിലെ നൈനാ അസോസിയേഷനാണ് ഈ പുസ്തകത്തിന്റെ പ്രസാധകർ.കായൽ പട്ടണം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ നൈനാമാരെ വിളിച്ചു ചേർത്തു കൊണ്ട് ഈയിടെ മട്ടാഞ്ചേരി ടൗൺ ഹാളിൽ നടത്തിയ വിപുലമയ നൈനാ സംഗമത്തിൽ വെച്ചാണ് ഈ ചരിത്രഗ്രന്ഥം പ്രകാശനം ചെയ്യപ്പെട്ടത്. തമിഴ്നാട്ടിലെ നൈനാമാരുടെ ചരിത്രം പലഗ്രന്ഥങ്ങളിലും രേഖപ്പെട്ടു കിടക്കുന്നു.എന്നാൽ കേരളത്തിലെ നൈനാമാരുടെ ചരിത്രം അങ്ങനെ വിശദമായി എങ്ങും രേഖപ്പെട്ടുത്തിയതായി കാണുന്നില്ല.അതിനുള്ള തുടക്കമാകട്ടെ ’’നൈനാ ചരിത്രം നൂറ്റാണ്ടുകളിലൂടെ’’ എന്ന മൺസൂർ നൈനയുടെ ഈ ഗ്രന്ഥം എന്ന് ആഗ്രഹിക്കുന്നു.

 

 

(NAINA MANNANCHERY
NAINAS
ERAMALLOOR.P.O.
ALAPPUZHA.DT
PIN 688537
PH 9446054809

 

(mirazjnaina miraz

mirazjnaina@yahoo.co.in
+91 94460 54809)

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഉത്തരം താങ്ങുന്ന പല്ലി
Next articleഡി വിനയചന്ദ്രൻ ഓർമദിനം
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here