ഇളനീർ മിഴികൾ പറയുന്നത്

 

 

വേനൽക്കാലരാത്രിയിലെ ചാറ്റൽമഴയുടെ താളവും രാഗവും ഇണചേർത്തെഴുതിയ മധുരവിഷാദഗീതങ്ങൾ എന്ന് ഒറ്റ വായനയിൽ പറയാവുന്നതാണ് ശ്രീ രഞ്ജിത് നടവയൽ എന്ന കവിയുടെ പുതിയ കവിതാസമാഹാരം.

കാല്പനീകകവിതകൾ ഏതു സഹൃദയമനസ്സിനെയും തരളമാക്കും. ആ ഒരു രസതന്ത്രം കൃത്യമായി മനസ്സിലാക്കി പല വികാരവിചാരങ്ങളെ അക്ഷരക്കൂട്ടിൽ ഒതുക്കുകയും സന്ദർഭത്തിനൊത്ത് ആകാശത്തേക്കു പറത്തിവിടുകയും ചെയ്യുന്ന കവിതകളുടെ വസന്തവുമാണ് രഞ്ജിത്തിന്റെ “ഇളനീർ മിഴികൾ” എന്ന കവിതാസമാഹാരം.

സാമൂഹിക സാമ്പത്തിക രാഷ്ട്രീയ കാഴ്ചപ്പാടുകളിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ പാശ്ചാത്യനാടുകളിൽ സംഭവിച്ചപ്പോൾ വ്യക്തികൾക്കും രാഷ്ട്രങ്ങൾക്കും സമൂഹത്തിനും മാറ്റം അനിവാര്യമായി. സ്വത്വം, സ്വാതന്ത്ര്യം തുടങ്ങിയ ആശയങ്ങൾക്കും പുതിയ മാനം കൈവന്നു. അതോടെ സാഹിത്യലോകത്തും അതിന്റെ അനുരണനം അനിവാര്യമായി. ഇതിന്റെ ഫലമായി പുരാണേതിഹാസചരിത്രവിഷയങ്ങളെ കൈവിട്ടു യാഥാർഥ്യവുമായി ബന്ധമുള്ള മണ്ണിന്റെ മണമുള്ള കാവ്യവിഷയങ്ങളെ അവതരിപ്പിച്ചു തുടങ്ങി കവികൾ.
ഇതിന്റെ പ്രതിഫലനം ഭാരതത്തിലും കേരളത്തിലും വന്നത് പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലും ആണ്. ഭാഷാകാല്പനീക കവികളിൽ അഗ്രഗണ്യനാണല്ലോ കുമാരനാശാൻ. പിന്നാലെ വന്നവരിൽ ഇടപ്പള്ളിക്കവികളും പീയുമെല്ലാം പുതിയ കാൽപ്പാടുകൾ കാല്പനീകഭാവങ്ങളിൽ തീർത്തു.

വൈകാരികതയിലുള്ള ഊന്നൽ, പ്രകൃതിയുടെ സങ്കൽപ്പത്തിലെ ആദർശവൽക്കരണം, ഗതകാലങ്ങളിലൂടെയുള്ള യാത്ര ഇങ്ങനെ പല പ്രത്യേകതകളും കാല്പനീകകവിതകളിൽ കാണാം.

ആധുനിക കവികളിൽ ഈ പ്രവണത കൂടുതലുമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഞാൻ രഞ്ജിത്തിന്റെ ഇളനീർ മിഴികളിലൂടെ കണ്ണോടിക്കുന്നത്.

രണ്ടുവരികവിതകൾ മുതൽ രണ്ടു താൾ കവിതകൾ വരെയുണ്ട് ഇതിൽ. കല്പനയുടെ മായികവലയത്തിൽ വികാരവിചാരങ്ങളുടെ വിവിധ ഭാവങ്ങളിലൂടെ ചിന്തകൾ അഭിരമിക്കുമ്പോൾ കാലികമായ അസ്വസ്ഥതകളും ആശങ്കകളും നിരാശയും പ്രതീക്ഷയും പങ്കുവയ്ക്കുന്നുണ്ട് ഈ കവിതകൾ. “അക്ഷരത്തെറ്റാവും അമാവാസിയുടെ ഭാഷ” എന്ന ഇരുട്ടുവാക്യങ്ങളിലെ നാലുവരിക്കവിതയിലെ ദിവസവും എന്ന പദത്തെ “ദിസവും” എന്നു തെറ്റായി വിവക്ഷിച്ചത് മനപ്പൂർവമോ എന്ന് അറിയില്ല പക്ഷേ, കവിത പറയുന്ന അക്ഷരത്തെറ്റുകളും കവിതയായിമാറി.

ഇരുട്ടുവാക്യങ്ങൾ കടന്നുചെന്നാലോ പ്രതീക്ഷയാണ് നിറയെ. സ്മൃതിയിൽ, വെയിലായി, മഴയായി മഞ്ഞിൻ മൗനപ്പുതപ്പുമായി നീ വന്നു എന്നു പറയുമ്പോൾ ഗതകാലത്തിനൊപ്പം ഭാവിയിലേക്ക് ആശ്വാസവചനങ്ങളുമായി കവി സഞ്ചരിക്കുന്നുവല്ലോ.

നേർരേഖയിലൂടെയും സമയനൂലിലൂടെയും സഞ്ചരിക്കുന്ന കവിതകൾ കാലത്തിലൂടെ, ഋതുവസന്തങ്ങളിലൂടെ രസഭാവങ്ങളിലൂടെയും കടന്നുപോകുമ്പോൾ വായന കല്പനാജാലമാകുന്നു.
നോക്കുക,
വസന്തം ഒളിപ്പിച്ചുവച്ച
ഒരു സ്വപ്നം മതി
എനിക്കു ഇരുപത്തെട്ടു ദിവസവും ഓർക്കാൻ…” (ഫെബ്രുവരി),
പൊള്ളി ഉരുകുന്ന ഭൂമിക്ക്
കണ്ണീർചുംബനമായി വരുന്ന” ജൂൺ,
ഓരോ സിരകളിലും എനിക്കു നുരഞ്ഞുപൊന്തണം…”, എന്നു കൊതിക്കുന്ന ഒക്ടോബർ!
ഇങ്ങനെ, ചേതോഹരമായ കല്പനകൾ കാലഭേദങ്ങളിലൂടെ, ഋതുഭേദങ്ങളിലൂടെ കവിത തീർക്കുമ്പോൾ കവി ഒരു ചൂണ്ടുപലകയാകുന്നു.

ഇതുകൂടാതെയുള്ള കാഴ്ചകളും കാണാം (ചന്ത, കുപ്പ, തെരുവ്…), മനുഷ്യന്റെ ദുരന്തങ്ങളും അനുഭൂതികളും അനുഭവഭേദ്യമാകാം (അതിജീവിത, പലായനം, മൗന നൂലുകൾ). ദുരന്തങ്ങളെ, പ്രതീക്ഷയെ, നോവിനെ വരയ്ക്കുമ്പോൾ പ്രകൃതിയെ കൂട്ടുപിടിക്കുന്നതും കാണുക,
മഞ്ഞിൻ പ്രഭാതമുദിക്കുന്ന നേരത്ത് മനസ്സിൽ
തണുപ്പുള്ളൊരാക്ഷരമാവണം“,
മായിച്ചിട്ടുണ്ട് വിശപ്പിനെ മഷിപ്പച്ചയാൽ, സ്ലേറ്റിലെ അക്ഷരമെന്നപോൽ “.

ഒരുപാട് ഉദാഹരണങ്ങൾ നിരത്തി രഞ്ജിത്തിന്റെ എഴുത്തുശൈലിയെ, കാവ്യവിഷയങ്ങളെ, വാക്ചാതുരിയെല്ലാം എടുത്തുകാട്ടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.
ചുരുക്കിപ്പറഞ്ഞാൽ, “കലയും സാഹിത്യവും കടവുൾവരമാകുമ്പോൾ കൈകൂപ്പാൻ മടിക്കുന്നോ” എന്നൊരു ചോദ്യം കവി മുന്നോട്ടുവയ്ക്കുമ്പോൾ “അറിവരങ്ങ്”ന്റെ കൂത്തമ്പലമായി മാറുന്നു ഈ കവിതാസമാഹാരം എന്ന് ഉറപ്പിച്ചുപറയാം.

കവിത എന്ത് എന്നതിനുള്ള മറുപടികൂടി കവി പറയുന്നത് ഞാനും ചേർത്തുവയ്ക്കുന്നു ഇവിടെ, “ഇന്നലെയെപ്പോഴോ ആണ്
കരിഞ്ഞുപോയ
ഒരക്ഷരച്ചീള്
മനസ്സിന്റെ കോണിൽ
പുകഞ്ഞുതുടങ്ങിയത്,
ഒരു ശർക്കരത്തുണ്ടു വേണം
കയ്പ്പറിയാതെ
തലച്ചോറിനു ചവയ്ക്കാൻ…”.

ഇതിലും ഭംഗിയോടെ തൃപ്തിയോടെ ഒരു കവിക്ക് സ്വന്തം കാവ്യസങ്കല്പത്തെ ചേർത്തുവയ്ക്കുവാൻ കഴിയില്ല എന്നുറപ്പുണ്ട്.
രഞ്ജിത്തിന്റെ കവിതകൾ കാല്പനീകലോകവും കടന്നു ഒരു യാഥാർഥ്യ ഭാവവും വരയ്ക്കുന്നുണ്ട്. ഒരു സ്വപ്നജീവിയാകുവാനും സ്വപ്നത്തിൽനിന്നുണരുമ്പോൾ ചുറ്റുമുള്ള നോവു കാഴ്‌ചകളിൽ ആർദ്രമാകുവാനും കവിക്കു കഴിയുന്നു എന്നതാണ് ഇളനീർ മിഴികൾ എന്ന കാവ്യസമാഹാരത്തിന്റെ വിജയം.

ഈ കാവ്യപുസ്തകം രഞ്ജിത്തിനും വായനക്കാർക്കും തികച്ചും അഭിമാനം നൽകുന്ന കൃതിയെന്ന് പറയുവാൻ ഒരു സംശയവും വേണ്ട. കൃതി പ്രസിദ്ധീകരിച്ചത് പായൽ ബുക്സ് ആണ്.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleമുരിങ്ങ , വാഴ , കറിവേപ്പ് – അനിത തമ്പി
Next articleകേരള സാഹിത്യ അക്കാദമി തുഞ്ചൻ സ്മാരക പ്രബന്ധ മത്സരം : തീയതി നീട്ടി
ഡോ. അജയ് നാരായണൻ: എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ ശ്രീ നാരായണന്റെയും ശ്രീമതി സുന്ദരത്തിന്റെയും മകൻ. സെയിന്റ് പോൾസ് കോളേജ് (കളമശ്ശേരി) ഭാരതമാതാ കോളേജ് (തൃക്കാക്കര), സെയിന്റ് ആൽബെർട്സ് കോളേജ് (എറണാകുളം) എന്നിവിടങ്ങളിൽ വിദ്യാഭ്യാസം കഴിഞ്ഞ് 1988 ൽ കെന്യയിൽ അധ്യാപകനായി ജോലി തുടങ്ങി. 1991ൽ ല്സോത്തോയിൽ കുടിയേറി, അധ്യാപകനായി ജോലി നോക്കി. സെയിന്റ് ഓഗസ്റ്റിൻ യൂണിവേഴ്സിറ്റി (സൗത്ത് ആഫ്രിക്ക) യിൽ നിന്നും എംഫിൽ, റോഡ്‌സ് യൂണിവേഴ്സിറ്റി (സൗത്ത് ആഫ്രിക്ക) യിൽ നിന്നും പി എച്ഡി. 2019ൽ ജോലിയിൽ നിന്നും വിരമിച്ച ശേഷം പ്രൈമറി വിദ്യാഭ്യാസത്തിൽ ദർഹം യൂണിവേഴ്സിറ്റി (യൂ കെ) യുമായി ഗവേഷണം (ipips ). താമസം മസേറു വിൽ (തലസ്ഥാനം നഗരി). ഭാര്യ, ഉമാദേവി, അധ്യാപിക. മകൾ ഭാവന, മെഡിക്കൽ ഡോക്ടർ (സൗത്ത് ആഫ്രിക്ക).

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here