“ തുരങ്കത്തിലേക്ക് കയറിപ്പോയ ക്യാമറ, ഒരു ശവവാഹനമായി തിരികെവരുന്നു”

 

 

നിഷാനാരായണന്റെ ‘ നശാ’ എന്ന കവിതാസമാഹാരത്തിന് ശ്രീകുമാർ കരിയാട് എഴുതിയ ആമുഖക്കുറിപ്പ്

 

 

വൈവിദ്ധ്യത്തെ ഉള്ളിൽക്കൊണ്ട് ഉപയോഗിക്കുന്ന കാവ്യമാതൃകകളുടെയും, അതീവവിചിത്രങ്ങളായ മനോനിലകളുടേയും വിന്യാസം കൊണ്ട് ശ്രദ്ധേയയാകുന്ന കവിയാണ് നിഷാ നാരായണൻ. ഒരർത്ഥത്തിൽ, ഏകതാനരൂപഭാവങ്ങൾ കൊണ്ട് ചെടിപ്പിച്ചെഴുതുന്ന ഇന്നത്തെ ഭൂരിപക്ഷം കവികളിൽ / പെൺ കവികളിൽ നിന്നൊക്കെ മാറിനിന്നെഴുതാനുളള ആന്തരികമായ തയ്യാറെടുപ്പും പാണ്ഡിത്യവും കരവിരുതുമെല്ലാം ഈ കവി ഏറെ പുലർത്തിക്കാണുന്നു. കേവലം കേരളീയമെന്ന പ്രാദേശികഭൂമികയിലല്ല നിഷയുടെ നിൽപ്പ് എന്നത് വളരെ സുപ്രധാനമായ ഒരു കാര്യമാണ്. ശക്തമായ പാരമ്പര്യാവബോധവും ( അതാകട്ടെ, തനതിനൊപ്പംതന്നെ ആഗോളകവിതയുമായുളള ഗാഢപരിചയം കൊണ്ട് ബലപ്പെട്ടതും) , വാക്കുകളുടെ തിരഞ്ഞെടുപ്പിലുളള ഉദാരമായ സമീപനവും ഒക്കെത്തന്നെ ഈ കവിയുടെ എഴുത്തിനെ വഴിതെളിക്കുന്നു. ഭുജംഗപ്രയാതവും വിയോഗിനിയുമെല്ലാം ഇത്രയും തന്റേടത്തോടെ ഉപയോഗിക്കുന്ന ഒരു ‘സ്ത്രീകവി’ വിജയലക്ഷ്മിക്കുശേഷം ഇല്ലെന്നുതന്നെ പറയാം. ഫേസ് ബുക്കിലും മറ്റും കാണുന്ന ശ്ലോകനിർമ്മാതാക്കളെയല്ല ഞാൻ ഉദ്ദേശിച്ചത്. മുഴുസമയം കവിതയിൽ വ്യാപരിച്ച് പൊരുതിയെഴുതുന്ന എഴുത്തുകാരെയെക്കുറിച്ചാണ്.

ഏകതാനവും വിരസവുമായ ഒരുതരം ‘ഗദ്യത’യുടെ ആവർത്തനം ഏറെ സ്ത്രീകവികളുടെ എഴുത്തിനെ ബാധിച്ചിട്ടുണ്ടെന്നതിൽ തർക്കമില്ല. പുറം ലോകം വിടർന്നുവിപുലമാകുന്നതറിയാതെ അടുക്കളയെപ്പറ്റിയും അടക്കിപ്പിടിച്ച വികാരങ്ങളെപ്പറ്റിയും വാചാലമാകുന്നതിന് ഈ ഗദ്യം കൂട്ടുനിന്നു.മദ്ധ്യവർഗ്ഗമെന്നോ, അതിലും മേലെന്നോ വിശേഷിപ്പിക്കാവുന്ന ഏതോ കുലസ്ത്രീയുടെ ശരണാഗതികലർന്ന പ്രലപനങ്ങളിൽ കുരുങ്ങുകയും ദുർബ്ബലമായ നിലവിളികളായി മാറുകയും ചെയ്തു ആധുനികോത്തരമുഖ്യധാരാ സ്ത്രീകവിത. ചെടിച്ചുവഷളായ ഈ വ്യവസ്ഥയെ തകിടം മറിക്കുകയാണ് ഇക്കവിതകളിലൂടെ നിഷാ നാരായണൻ ചെയ്യുന്നത്.

മലയാളത്തിലെ സ്ത്രീകവിതക്ക് അപരിചിതമായ ശക്തിക്ഷോഭങ്ങളുടെ നീണ്ടനിരതന്നെയുണ്ട് ഈ കവിതകളിൽ. ഇവയിലെ രാഷ്ട്രീയത്തിനും പ്രണയത്തിനുമെല്ലാം അപകടകാരിയായ ഒരാക്രമണത്തിന്റെ ഹിംസാചാരുതയുണ്ട്. പരീക്ഷണചതുരതകൊണ്ടും ,
താൻപോരിമയുളള ഇമേജറികൾ കൊണ്ടും ( ഉദാഹരണം :
-“തുരങ്കത്തിലേയ്ക്ക് കയറിപ്പോയ ക്യാമറ
ഒരു ശവവാഹനമായി തിരികെവരുന്നു”.( കവിത- അവൾ)-) വീറേറിയ കവിതകൾ. “കാട്ടിൽ ഒറ്റയ്ക്കൊരു ഷേക്സ്പീയറെ” വിഭാവനം ചെയ്യാൻ കഴിഞ്ഞതിൽ നിന്നുതന്നെ , ഈ കവിയുടെ കാവ്യഭൂപടത്തിന്റെ അതിരുകൾ സമകാലികതയിൽ മാത്രമല്ലെന്നു തെളിയിക്കുന്നു. ഇംഗ്ലീഷ്, സംസ്കൃതവാക്കുകളെല്ലാം കവിതകളിൽ ധാരാളം കടന്നുവരുന്നു. പദനിഷ്ഠയുടെ കാര്യത്തിൽ പരിമിതമല്ല കവിയുടെ മനസ്സ്. പച്ചമലയാളപദങ്ങളേ ഉപയോഗിക്കൂ എന്ന നിർബന്ധവും കാണുന്നില്ല.
മറ്റ് സ്ത്രീകവികളിൽ നിന്നും നിഷയെ വേർതിരിച്ചുനിർത്തുന്ന മറ്റൊന്ന് ബൌദ്ധികതയുടേതായ ഒരു വ്യവഹാരപരിസരം അവയിൽ സജീവമാകുന്നു എന്നതാണ് .എങ്കിലും നിർമ്മലതനിറഞ്ഞ ഒരടിയൊഴുക്കിനെക്കൂടി നിഷയുടെ കവിതകൾ സ്വാംശീകരിക്കുന്നുണ്ട്. ചങ്ങമ്പുഴമുതൽ മലയാളകവികൾ കൈക്കൊണ്ട പാശ്ചാത്യകാൽപ്പനികകവിതകളുടെ തരള സാന്നിദ്ധ്യം എന്ന് ആ ഭാവലോകത്തെ വിശേഷിപ്പിക്കാം.( ഉദാഹരണം :

“അന്ന് നിങ്ങളിരുവരും ആ പൂന്തോട്ടത്തില്‍
പൂക്കളിറുക്കുകയായിരുന്നു.
വസന്തര്ത്തുകവില്‍ തെക്കോട്ടും വടക്കോട്ടും
വീശുന്ന രണ്ട് ചെല്ലക്കാറ്റുകളെ പോലെ
നിങ്ങള്‍ ചില്ലകളുലച്ചു”- കവിത- മായികമെന്നാൽ)

കാൽപ്പനികാനന്തരകാലപുരുഷനായ ടി എസ് എലിയട്ട് ചമച്ച ശിഥിലസൌന്ദര്യലോകവും അസ്വസ്ഥതയും മടുപ്പിന്റെ ഉടുപ്പുകളുമെല്ലാം ഈ കവിയെയും പ്രചോദിപ്പിച്ചുകാണണം. കെട്ടസമയത്തെ, ‘ഈഥറിൽ മുങ്ങിയ ആ സായാഹ്നശരീരത്തെ’ , അതിന്റെ നാഗരികമായ അസംബന്ധതയോടെതന്നെ നിഷയും ആവിഷ്കരിക്കുന്നു. ഇതൊന്നും ബോധപൂർവ്വം ചെയ്യുന്നതല്ലെന്ന് ഇക്കവിതകളിലെല്ലാം തെളിഞ്ഞുനിൽക്കുന്ന നിഷയുടേതുമാത്രമായ പ്രചോദനലോകങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ഓരോ കവിതയിലും മൌലികമായ ഒരു സാഹസികതയെ നാം അഭിമുഖീകരിക്കുന്നു.

“ഉറങ്ങുമ്പോളയാള്‍ ഒരു കണ്ണ് തുറന്നുവെച്ചാണുറങ്ങുക.
അര്ധനിദ്ര. തലച്ചോറിന്റെ ഒരു ഭാഗത്തുമാത്രമായിരിക്കും
അയാള്‍ സ്വപ്നവും കാണുക” ( കവിത- ജീവിതം)

നിഷാനാരായണന്റെ കവിതകളിലെ സ്ഥിതപ്രജ്ഞയെ വിളംബരം ചെയ്യാൻ ഈ ഒറ്റ ഇമേജ് ധാരാളം.

 

(C)

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here