‘കന്യാകുമാരി മുതല്‍ കണ്ണൂര്‍ വരെ’

 

ഡോ.ബി.പാര്‍വ്വതിയുടെ പുസ്തകത്തെപറ്റി എഴുത്തുകാരൻ എൻ. പ്രഭാകരൻ എഴുതിയ കുറിപ്പ് വായിക്കാം : 

 

 

ഡോ.ബി.പാര്‍വ്വതിയുടെ ‘കന്യാകുമാരി മുതല്‍ കണ്ണൂര്‍ വരെ’ (പ്രസാ:മംഗളോദയം,ഗ്രീന്‍ ബുക്സ് )എന്ന ഓര്‍മപ്പുസ്തകം ആരെയും ആഹ്ളാദിപ്പിക്കുന്ന ഒന്നാണ്.ഈ പുസ്തകത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത അവതാരികാകാരനായ ഡോ.പി.സോമന്‍ പറഞ്ഞതുപോലെ സ്നോഹോഷ്മളമായ പ്രതിപാദനരീതിയാണ്.ആരിലും നന്മ മാത്രം കാണുന്ന ഒരാളാണ് ഈ പുസ്തകം എഴുതിയിരിക്കുന്നത്.ഇത് നല്ല കാര്യമാണോ പരിമിതിയാണോ എന്നു ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല.പാര്‍വ്വതി ടീച്ചര്‍ അങ്ങനെയാണ്.എന്‍റെ സഹപ്രവര്‍ത്തകയും അല്പകാലത്തേക്ക് അയല്‍വാസിയുമായിരുന്ന പാര്‍വ്വതി ടീച്ചറും ഭര്‍ത്താവ് വത്സലന്‍ വാതുശ്ശേരിയും നല്ല സുഹൃത്തുക്കള്‍ കൂടിയായിരുന്നു. (അല്പകാലത്തെ തന്നെ മറ്റൊരയല്‍വാസി ഇപ്പോള്‍ മലയാളത്തിലെ പ്രശസ്ത കഥാകാരിയും നോവലിസ്റ്റുമായിത്തീര്‍ന്ന ജിസ ജോസാണ്.)

‘കന്യാകുമാരി മുതല്‍ കണ്ണൂര്‍ വരെ’ എന്ന പുസ്തകത്തിലെ ഓര്‍മകളില്‍ പലതും എന്‍റെയും ഓര്‍മകളോടു ചേര്‍ന്നു നില്‍ക്കുന്നവയാണ്. (അവതാരികാകാരനായ സോമന്‍ മാഷുമായുള്ള സൗഹൃദത്തിനു തന്നെ നാലര പതിറ്റാണ്ടിലേറെ പഴക്കമുണ്ട്).താമരക്കുളം എന്നാണ് ടീച്ചറുടെ പുസ്തകത്തിന്‍റെ ആദ്യ അധ്യായത്തിന്‍റെ ശീര്‍ഷകം.ഇത് കന്യാകുമാരി ജില്ലയിലെ ഒരു ഗ്രാമത്തിന്‍റെ പേരാണ്. കന്യാകുമാരി,നാഗര്‍കോവില്‍, ഇരണിയല്‍,തിങ്കള്‍ച്ചന്ത,നെയ്യൂര്‍,മരുത്വാമല എന്നൊക്കെയുള്ള സ്ഥലനാമങ്ങള്‍ കേള്‍ക്കുമ്പോള്‍ ഇപ്പോഴും ഞാന്‍ കോരിത്തരിക്കും.എന്‍റെ ജീവിതത്തിലെ മനോഹരമായ രണ്ടു വര്‍ഷക്കാലത്തിന്‍റെ ഓര്‍മകളാണ് അവ ഉണര്‍ത്തുന്നത്.ലക്ഷ്മിപുരം കോളേജിലെ സ്നേഹസമ്പന്നരായ മലയാളം വിദ്യാര്‍ത്ഥികള്‍,കോളേജിലെ തമിഴ്,ഇംഗ്ലീഷ് വിഭാഗങ്ങളിലെയും ബോട്ടണിയും കെമിസ്ട്രിയും ഉള്‍പ്പെടെയുള്ള മറ്റു വിഭാഗങ്ങളിലെയും അധ്യാപകര്‍,സൗമ്യപ്രകൃതിയും മൃദുഭാഷിയുമായ ലൈബ്രേറിയന്‍, കോളേജിനടുത്ത് ചെറിയൊരു ഹോട്ടല്‍ നടത്തിയിരുന്ന നായര്‍(നായര്‍ എന്നല്ലാതെ അദ്ദേഹത്തിന്‍റെ പേര് ആരും പറയുന്നത് കേട്ടിട്ടില്ല.),ഇവരെ ആരെയും ഒരിക്കലും മറക്കാനാവില്ല.ആ ഓര്‍മകളൊക്കെ പിന്നീടൊരിക്കല്‍ വിശദമായി എഴുതണം.

തമിഴ് കഷ്ടിച്ച് സംസാരിക്കാനും ഒരു വിധം നന്നായി വായിക്കാനും പഠിച്ചത് അക്കാലത്താണ്.ജയകാന്തന്‍റെ ‘കരുണയിനാലല്ലൈ’ എന്ന ചെറുനോവല്‍ വായിച്ചു തീര്‍ത്ത് കോളേജ് ലൈബ്രേറിയനെ തിരിച്ചേല്‍പ്പിച്ചത് എത്ര അഭിമാനത്തോടെയാണ് !ഡോ.പാര്‍വതിയുടെ പുസ്തകത്തിന്‍റെ ആദ്യ അധ്യായത്തിന്‍റെ വായന തന്നെ എന്നെ സംബന്ധിച്ചിടത്തോളം ഇങ്ങനെ ഒരുപാട് ഓര്‍മകളിലേക്കുള്ള വാതില്‍ തുറക്കലായിരുന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English