മലയാളത്തിൽ സമാന്തര പുസ്തക പ്രസാധന സംരംഭങ്ങളുടെ എണ്ണം ദിനം പ്രതി വർധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കോവിഡ് കാലത്തിനു ശേഷം ഇതിൽ ഗണ്യമായ കുതിച്ചുചാട്ടവും ഉണ്ടായി. ഒരുപരിധിവരെ എഴുത്തുകാർക്ക് പ്രതീക്ഷ നൽകുന്ന കണക്കുകൾ ആണിത്. മുൻനിര പ്രസാധകരുടെ വിപണിയിലെ കടുംപിടുത്തം കുറക്കാനും കൂടുതൽ എഴുത്തുകാർക്ക് അവരുടെ പുസ്തകങ്ങൾ വായനക്കാരിലേക്ക് എത്തിക്കാനും ഇതിലൂടെ കഴിയേണ്ടതാണ്. അടുത്ത കാലത്ത് സമാന്തര പുസ്തക പ്രസാധകർ വഴി ഇറങ്ങിയ ശ്രദ്ധേയമായ ചില പുസ്തകങ്ങൾ പരിചയപ്പെടാം.
1.വല്ലാത്തൊരു കഥ
ബാബു രാമചന്ദ്രൻ
പ്രസാധകർ : പ്രവദ ബുക്സ്
മലയാളിയെ ചരിത്രത്തെ സ്നേഹിക്കാൻ പഠിപ്പിച്ച പരിപാടികളിൽ ഒന്നാണ് ഏഷ്യാനെറ്റിലെ ‘വല്ലാത്തൊരു കഥ’. നിഷ്പക്ഷവും സത്യസന്ധവും ഗഹനവുമായ ചരിത്രത്തിന്റെ അവതരണത്തിലൂടെ കേരള സർക്കാരിന്റെ മികച്ച അവതാരകനുള്ള അവാർഡും വല്ലാത്തൊരു കഥയുടെ അവതാരകൻ ശ്രീ ബാബു രാമചന്ദ്രൻ നേടി. മലയാളത്തിൽ അടുത്തിടെ പുറത്തിറങ്ങിയ ഏറ്റവും മികച്ച റഫറൻസ് പുസ്തകങ്ങളിൽ ഒന്നാണ് ‘വല്ലാത്തൊരു കഥ’
2.ഫ്രോയിഡും ഞാനും ‘-
നസീർ കടിക്കാട്
ലോഗോസ്
പട്ടാമ്പി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ലോഗോസ് ഏറെ നാളായി മികച്ച പുസ്തകങ്ങൾ പുറത്തിറക്കുന്ന പ്രസാധക സ്ഥാപനമാണ്. ലോഗോസ് ഈ വർഷം പുറത്തിറക്കിയ നസീർ കടിക്കാടിന്റെ ‘ഫ്രോയിഡും ഞാനും ‘ എന്ന സമാഹാരം കവിയുടെ നീണ്ട ഒരു കാലഘട്ടത്തിലെ കവിതകൾ സമഹരിച്ചവയാണ്. 2001 മുതൽ 2021 വരെയുള്ള കാലഘട്ടത്തിൽ എഴുതപ്പെട്ടവയാണ് ഇതിലുള്ളത്.
“പരോക്ഷത, സൂക്ഷ്മത, അപ്രതീക്ഷിതത്വം, ഭാവനയുടെയും ഭാഷയുടെയും മൗലികത, ശൈലിയുടെ സമകാലീനത, വസ്തുക്കളിലേക്കും സംഭവങ്ങളിലേക്കും ഉള്ള ഉൾക്കാഴ്ച, സ്വരം, ബിംബം, രൂപകം ഇവയിലേക്കുള്ള ശ്രദ്ധ: ഇവയൊക്കെ ഈ കവിതകളെ സാമാന്യതലത്തിൽനിന്ന് ഉയർത്തിനിർത്തുന്നു.”
-സച്ചിദാനന്ദൻ.
3.കടപ്പെറ പാസ’-
ഡി. അനിൽകുമാർ
മൈത്രി ബുക്സ്
തിരുവനന്തപുരം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മൈത്രി ബുക്സ് പുറത്തിറക്കിയ ‘കടപ്പെറ പാസ’ എന്ന പുസ്തകമാണ് ഈ വർഷം പുരത്തിറങ്ങിയവയിൽ ശ്രദ്ധേയമായ മറ്റൊന്ന്. കവിയും പ്രഭാഷകനുമായ ഡി. അനിൽകുമാർ രചിച്ച ഈ പുസ്തകം കടലോര മേഖലയിലെ ഭാഷയുടെ ചേർത്തുവെപ്പെന്ന നിലയിലാണ് ശ്രദ്ധേയമാകുന്നത്.
പൊഴിയൂർ മുതൽ അഞ്ചുതെങ്ങ് വരെയുള്ള തീരദേശഭാഷയുടെ നിഘണ്ടുവാണിത്. ഭാഷാപരമായി ഒറ്റപ്പെട്ടു പോയ തീരദേശ അനുഭവമൊഴികളെ സൂക്ഷ്മമായി രേഖപ്പെടുത്തി വയ്ക്കാനാണ് ഇതിൽ അനിൽകുമാർ ശ്രമിച്ചിട്ടുള്ളത്.
4.കവിതയിലേക്കുള്ള വണ്ടിയിൽ:
ശ്രീകുമാർ കരിയാട്
വീ.സീ.ബുക്സ്
ശ്രീകുമാർ കരിയാട് തൊണ്ണൂറുകൾ മുതൽ മലയാളത്തിൽ എഴുതുന്ന ഒരാളാണ്. അന്ന് നിലവിലുണ്ടായിരുന്ന കാവ്യരീതികളെ വെല്ലുവിളിച്ചു കവിതയിൽ ഇടപെട്ട കരിയാട് ഈ പുതിയ സമാഹാരത്തിലും ആ ശീലം തുടരുന്നുണ്ട്. അടിമുടി വ്യത്യസ്തമായി ഓരോ കവിതയും എഴുതാനുള്ള ശ്രമം ഈ കവിയെ 2021-ലും ശ്രദ്ധേനാക്കുന്നു. വീ.സീ.ബുക്സാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.
5. ഒരു യുവ കവിക്കയച്ച കത്തുകൾ: റിൽകെ
പരിഭാഷ: വി.രവികുമാർ
ഐവറി ബുക്സ്
“എനിക്കു ശരിക്കു പിടി കിട്ടാത്ത ഒരു കാര്യമുണ്ട്. നിങ്ങൾക്കതറിയാമോ? ഒരു ചെറുപ്പക്കാരന്, ഒരു ചെറുപ്പക്കാരിക്ക് തനിക്കൊരു പരിചയവുമില്ലാത്ത രോഗികളെ പരിചരിക്കാൻ തയ്യാറായിട്ടിറങ്ങാൻ എങ്ങനെ കഴിയുന്നു? അങ്ങനെയുള്ള പെരുമാറ്റത്തെ ബഹുമാനിക്കാൻ എനിക്കൊരിഷ്ടക്കേടുമില്ല; ആ ബഹുമാനം എത്ര കൂടിയാലും അത്ര കൂടുതലല്ല എന്ന ബോധവും എനിക്കുണ്ട്. എന്നാൽ ആ ബോദ്ധ്യത്തിലും എന്തോ ഒന്ന് എന്നെ അലോസരപ്പെടുത്തുന്നു. അനുപാതഹീനമായ അത്തരം തീരുമാനങ്ങളെടുക്കാൻ കാരണം നമ്മുടെ കാലഘട്ടമാണെന്നാണ് എനിക്കു തോന്നുന്നത്. ഉദാരവും പ്രബലവുമായ ഉദ്ദേശ്യങ്ങളെ അവ സ്വാഭാവികമായി പ്രയോഗത്തിൽ വരേണ്ട ഇടങ്ങളിൽ വച്ചു ചിതറിക്കുന്നതെന്തോ അതിലില്ലേ? ഏറ്റവും മഹത്തായ എല്ലാ ചിത്രങ്ങളും കലാവസ്തുക്കളും ഇപ്പോൾ മ്യൂസിയങ്ങളിലാണെന്നും അവിടെ അവ ആർക്കും സ്വന്തമല്ലെന്നുമുള്ള വസ്തുതയോടു ബന്ധപ്പെടുത്തിയാണ് ഞാൻ ഇതിനെ കാണുന്നതെന്ന് നിങ്ങൾ മനസ്സിലാക്കണം. ശരി തന്നെ, അവർ പറയുകയാണ്: ഇവിടെയാണ് അവ എല്ലാവരുടേതുമാകുന്നത്. എന്നാൽ ആ സാധാരണത എന്തോ എനിക്കൊട്ടും ഹിതമാകുന്നില്ല; എനിക്കതിൽ ഇന്നേവരെ വിശ്വാസം വന്നിട്ടില്ല. നമ്മുടെ ഏറ്റവും മൂല്യവത്തായ കാര്യങ്ങളെല്ലാം ഇങ്ങനെ സാധാരണതയിൽ ചെന്നടിയാനുള്ളതാണോ? പനിനീർപ്പൂത്തൈലത്തിന്റെ ചെറിയൊരു ചിമിഴ് തുറന്നുവച്ചിട്ട് പിന്നെയത് അടയ്ക്കാൻ മറന്നുപോകുന്നതുപോലെയാണ് സംഗതി എന്നെനിക്കു തോന്നുന്നു. അതെ, അതിന്റെ സൗരഭ്യം ഇപ്പോൾ തുറന്ന അന്തരീക്ഷത്തിലെവിടെയോ ആണ്; എന്നാൽ സൗരഭ്യങ്ങളിൽ വച്ചേറ്റവും തീക്ഷ്ണമായ ആ പരിമളം നമ്മുടെ ഇന്ദ്രിയങ്ങളിലേക്കെത്താത്ത വിധം അത്രയ്ക്ക് ചിതറിയും പരന്നും പോയിരിക്കുന്നു. ഞാൻ എന്താണർത്ഥമാക്കുന്നതെന്ന് നിങ്ങൾ തിരിച്ചറിഞ്ഞോ എന്നെനിക്കു തീർച്ചയില്ല.”
(റിൽക്കെ)
രവികുമാർ വാസുദേവൻ ബ്ലോഗിന്റെ തുടക്ക കാലം മുതൽ തന്നെ പരിഭാഷകളിലൂടെ മലയാളിക്ക് അന്യഭാഷാ കവിതകളുടെ വിരുന്നൊരുക്കിയ ഒരാളാണ്. പാശ്ചാത്യ കവിതകളുടെയും ചെറുകഥകളുടെയും ഒരു വമ്പൻ ശേഖരം തന്നെ അദ്ദേഹത്തിന്റെ ബ്ലോഗിലുണ്ട്. റിൽകെയുടെ പ്രശസ്തമായ പുസ്തകം ‘ ഒരു യുവ കവിക്കയച്ച കത്തുകൾ’ എന്ന പേരിൽ വി.രവികുമാർ വിവർത്തനം ചെയ്തിരിക്കുന്നു. കാലങ്ങളായുള്ള വിവർത്തനങ്ങൾ വിവർത്തകന്റെ ഭാഷയിലും വാക്കുകളുടെ തിരഞ്ഞെടുപ്പിലും കൊണ്ടുവന്ന കൃത്യതയുടെ ഉദാഹരണം കൂടിയാണ് ഈ പുസ്തകം. ഐറിസ് ബുക്സാണ് പ്രസാധകർ.
‘