ബോണി തോമസിന്റെ ഡോഗ് സ്‌പെയ്‌സ്

 

dog-space-1

ചിത്രകാരനും കാര്‍ട്ടൂണിസ്റ്റും എഴുത്തുകാരനുമായ ബോണി തോമസിന്റെ ഏറ്റവും പുതിയ കഥാസമാഹാരമാണ് ഡോഗ് സ്‌പെയ്‌സ്. പുതിയ കാലത്തിന്റെ കഥപറയുന്ന കനകേട്ടനേശു, പാമരം, ഡോഗ് സ്‌പെയ്‌സ്, അമര്‍സിംഗിന്റെ വാച്ച്, ഹോര്‍ത്തൂസ് മലബാറിക്കൂസ്, റമദാന്‍ നിലാവ്, ആഗോളകമ്പോളം, സാറസാറ, നവംബര്‍ 26, അരയന്നൂതുവല്‍ തുടങ്ങി പത്തുകഥകളുടെ സമാഹാരമാണ് ഡോഗ് സ്‌പെയ്‌സ്.

ചിത്രകാരനും ചരിത്രതത്പരനും മാധ്യമപ്രവര്‍ത്തകനുമയ ഒരാളുടെ സാഹിത്യമെഴുത്തായതുകൊണ്ടുതന്നെ ഈ കഥകളിലെല്ലാം ചിത്രകലയുടെ സ്വാധീനവും ചരിത്രത്തിന്റെ സ്വാധീനവും കണ്ടെത്താനാകും. മാത്രമല്ല മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ ബോണി തോമസ് ജീവിച്ച കൊച്ചി മുതല്‍ ഡല്‍ഹിവരെയുള്ള നഗരങ്ങളിലെ അനുഭവങ്ങളുടെ സ്പര്‍ശവും കഥകളില്‍ കാണാം. ഇവയെല്ലാം ഈ കഥകളെ വ്യത്യസ്തവും സമകാലീകവുമാക്കുന്നുണ്ടുതാനും. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കഥാസമാഹാരത്തിന് പ്രഭാഷകനും എഴുത്തുകാരനുമായ സുനില്‍ പി ഇളയിടമാണ് അവതാരികയെഴുതിയിരിക്കുന്നത്.

ഡോഗ് സ്‌പെയ്‌സിലെ കഥകളെല്ലാം സത്താപരമായി സംഗ്രഹിക്കാനാവാത്ത ജീവിതത്തെക്കുറിച്ചും പങ്കുവയ്ക്കപ്പെട്ട ജീവിതത്തിന്റെ അനന്യമായ ചേരുവകളെക്കുറിച്ചുമാണ് പറയുന്നത്. അത് ഒരാളുടെ കഥമുതല്‍ ശദാബ്ദങ്ങള്‍ പിന്നിട്ടുപായുന്ന ചരിത്രത്തിന്റെ ഭേദഗതികള്‍വരെയാകാം. അവുഭവം അഥവാ ജീവിതം എന്നത് അനിവാര്യമായ പങ്കുവയ്ക്കലിന്റെ അനന്തഭേദങ്ങളാണെന്ന് ഈ കഥകള്‍ നമ്മെ പിന്നെയും പിന്നെയും ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യജീവിതത്തിലെ പലതരത്തിലുള്ള വേഷപകര്‍ച്ചകളുടെയും ഏകാന്തഭദ്രമായ കര്‍ത്തൃപദവികള്‍ ശിഥിലമാവുകയും ചിതറിയകലുകയും ചെയ്യുന്ന ജീവിതാഖ്യാനങ്ങളാണ് ഈ കഥകള്‍.

ഈ സമാഹാരത്തിലെ ആദ്യകഥയായ “കനകേട്ടനേശു” അത്തരമൊരു പകര്‍ന്നാട്ടത്തിന്റെ കഥയാണ് പറയുന്നത്. തെമ്മാടിയും, താന്തോന്നിയും ദുര്‍മ്മാഗിയുമൊക്കെയായ കനകാംബരന്‍ യേശുവിന്റെ രൂപസാദൃശ്യമുള്ളയാളാണ്.അതുകൊണ്ടുതന്നെ ദുഖവെള്ളിയാഴ്ച നടക്കുന്ന കുരിശിന്റെ വഴി യില്‍ യേശുക്രിസ്തുവിന്റെ പീഢാനുഭവങ്ങള്‍ ആവിഷ്‌കരിക്കാന്‍ അച്ചന്‍ തിരഞ്ഞെടുക്കുന്നതും അയാളെയാണ്. അതോടെ കനകാംബരന്‍ പുതിയൊരാളായി. ഭാര്യയ്ക്കും നാട്ടുകാര്‍ക്കുമെല്ലാം അയാളൊരത്ഭുതമായിത്തീരുന്നു. എന്നാല്‍ കുരിശിന്റെ വഴി അവസാനിച്ചതോടെ അയാള്‍ പഴയതാന്തോന്നിത്തരത്തിലേക്ക് തിരികെപ്പോകുന്നു. പക്ഷേ അന്നാട്ടുകാര്‍ക്കും അയാളുടെ ഭാര്യയ്ക്കും കനകേട്ടനേശുവിനെ മറക്കാനാവുന്നില്ല. അതിനാല്‍തന്നെ അയാള്‍ക്ക് പഴയജീവിതത്തിലേക്ക് പൂര്‍ണ്ണമായി കടക്കാനാകുന്നില്ല. ഇങ്ങനെ പലവേഷംകെട്ടുകളില്‍നിന്നു പുറത്തുകടക്കാനാകാത്ത കനകേട്ടനേശുവാണ് എല്ലാവരുമെന്ന് കഥാകൃത്ത് പറഞ്ഞുവയ്ക്കുന്നു.

കൊച്ചിയും മട്ടാഞ്ചേരിയും കഥാപശ്ചാത്തലമായി വരുന്ന ‘പാമരം’ എന്ന കഥ എഡ്വിന്‍ ഫെര്‍ണാണ്ടസിന്റെയും അയാളുടെ ജീവിതത്തിലേക്ക് കടന്നുകയറിയ നീരജ എന്ന പെണ്‍കുട്ടിയുടെയും കഥയാണ്. കൊച്ചിയുമായി ബന്ധപ്പെട്ട ചരിത്രവും സംസ്‌കാരവും പുതുതലമുറയിലെ ജീവിതവും എല്ലാം കടന്നുവരുന്ന കഥകളാണ് ‘ഹോര്‍ത്തൂസ് മലബാറിക്കൂസ്’, ‘റമദാന്‍ നിലാവ്’, ‘സാറസാറ’ എന്നിവ. എന്നാല്‍ മനുഷ്യബന്ധങ്ങളിലെ അന്യവത്ക്കരണവും വസ്തുവത്ക്കരണവും മറിക്കടക്കപ്പെടുന്ന പുതിയൊരു ജീവിതസ്ഥനത്തെയാണ് ‘ഡോഗ് സ്‌പെയ്‌സ്‘ എന്ന കഥ വിശേഷിപ്പിക്കുന്നത്.ചരിത്രത്തില്‍ ഇടംകിട്ടാതെപോയ മനുഷ്യരുടെ കഥയാണ് “അരയന്നത്തൂവല്‍ ”പറയുന്നത്. ഗാമയുടെ വരവിനുമുമ്പേ, കാലപ്പെരുപ്പം പോലെ കലികൊണ്ടുനിന്ന കാറ്റിനും കടലിനും കുറുകേ കപ്പലോടിച്ച ഒരു പ്രാചീന നാവികന്റെ കഥയാണിത്. ഇങ്ങനെ, മാനുഷികതയുടെ പിന്നാമ്പുറത്തെ അവസാനമില്ലാത്ത കൂടിക്കലരുകളെയും ആ കൂടിക്കലര്‍ച്ചകള്‍ അരങ്ങേറുന്ന സ്ഥലരാശികളെയും ആഖ്യാനകേന്ദ്രമാക്കിക്കൊണ്ട്, മനുഷ്യാനുഭവങ്ങളെ ഗാഢമായി അവതരിപ്പിക്കുന്ന കഥകളാണ് ഡോഗ് സ്‌പെയ്‌സിലെ എല്ലാ കഥകളും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here