ബോഗൺവില്ല(ൻ)

ഭർത്താവിൻ്റെ കാമുകിക്ക്
ബോഗൺ വില്ലപ്പൂക്കൾ
ഏറെ ഇഷ്ടമായിരുന്നു
അവളുടെ വീട്
പല നിറത്തിലുള്ള
ബോഗൺ പൂക്കളാൽ
നിറഞ്ഞിരുന്നു

വീടിൻ്റെ ടെറസ്സിലും
മതിലിലും പടർന്നു കയറിയ
ബോഗൻ വില്ലകൾ കാണുമ്പോൾ
അവനിലുമതുപോലെ
പടർന്നതോർത്ത്
സ്വാർത്ഥതയുടെ ഒരു കാട്
എന്നിൽ വന്നുതിങ്ങും

അവരെ ചുറ്റിവരിഞ്ഞ പ്രണയത്തിൻ്റെ
ശംഖുവരയൻ
രാത്രികളെ ഓർത്ത്
ഞാൻ നീലിച്ച് കിടക്കും

അന്ന് മുതലാണ്
ഞാന്‍ രാത്രിയും പകലും
ഇല്ലാത്ത സഞ്ചാരിയായത്

പ്രണയത്തിൻ്റെ രസതന്ത്രം
മടുപ്പിൻ്റെ പ്രബന്ധം
എന്ന പേരിലൊക്കെ കവിതകൾ എഴുതാൻ തുടങ്ങിയത്

ഞാൻ കണ്ട
നഗരങ്ങൾക്കൊക്കെ
നരച്ച മഞ്ഞനിറമായിരുന്നു
അവിടമാകെ
എൻ്റെ വേദനയുടെ ചക്രങ്ങൾ ഉരുണ്ടുരുണ്ട് നടന്നു

ഹേ..
ഭ്രാന്തിയേ
കവിയെ
നീ ഇത്രേയുള്ളൂ
എന്നുപറഞ്ഞ്
തന്നത്താന്‍
തലയ്ക്കുകിഴുക്കും

അവൻ
അവൾക്ക് കൊടുത്ത
ഉമ്മകളെ കുറിച്ച്
ഓർക്കുമ്പോൾ
കാലങ്ങളായി
തരിശായി കിടന്ന
എൻ്റെ ചുണ്ടുകളിലേക്ക്
മറ്റൊരാളുടെ
ഓർമകളെ നട്ടുവയ്ക്കും

എന്നിട്ടും ഫലം കാണാതെ
എൻ്റെ കവിതകളുടെ
കാഞ്ഞിരക്കാടുകളിലേക്ക്
ഞാൻ നൂണ്ടിറങ്ങും

കടും ചുവപ്പുനിറമുള്ള
ബോഗൺ വില്ലകൾക്ക്
അവളുടെ മുഖം
വരച്ചു ചേർത്ത്
അവൻ എനിക്കരികിൽ
ഉറങ്ങാൻ കിടക്കുമ്പോൾ

ഞാൻ മറ്റൊരു
കാലത്തിലിരുന്ന്
പ്രണയം എന്നുതന്നെ പേരിട്ട്
എനിക്കായി
ഒരു മൾബറി ചെടിനടും
ഇറങ്ങിപ്പോയവരാരും
തിരിച്ചു കയറിയിട്ടില്ലാത്ത
കാത്തിരിപ്പുകേന്ദ്രത്തെ കുറിച്ച് ഞാനിനിയും കവിതകൾ
എഴുതുമായിരിക്കും…

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here