എത്രയോ ജന്മമായി ഈ മരച്ചോട്ടിൽ ഞാൻ
നിൻ നാമമുരുവിട്ട് ഇരുന്നിടുന്നു
ഓടക്കുഴലുമായി ആൽമരക്കൊമ്പത്ത്
നീ വന്നിരിക്കാത്തതെന്തേ..
ആ നീലമേനിയിൽ ഒട്ടിക്കിടക്കുന്ന
മാലയിൽ ഒന്നാകാൻ മോഹം
ചുണ്ടനക്കുമ്പോൾ വരുന്നൊരേ നാമം
ആലില കണ്ണാ നിന്റെ നാമം
കൈക്കൂപ്പി നിൽക്കുമീ ഭക്ത തൻ-
മാനസ ചിന്തകൾ നീയറിയുന്നോ ?
രാധയായ് ധ്യാനിച്ച് നിന്നിടുമ്പോൾ
നീ മാധവനായെന്റെ മുന്നിൽ
ദൂരെയിരുന്നു ഞാൻ മീരയാകുമ്പോളെൻ
മാനസവീണയിൽ തന്ത്രിയാകുന്നു നീ !
മായാവിയായെന്റെ ചുറ്റിലും നിൽക്കുന്ന
മാധവാ ദർശനം നൽകു വേഗം.
കാണുന്നു നിന്റെയാ മോഹനരൂപമെൻ
മാനസദർപ്പണം കാട്ടും വിധം
മൂളി പറക്കുന്നേൻ മാനസപുഷ്പത്തിൽ
പ്രണയോന്മാദിയായ് നീ നിത്യം
ആനന്ദദായകമാത്രകൾ നൽകുവാൻ
പുഞ്ചിരിച്ചെന്നും നീ എത്തുകില്ലേ
മിഴിചിമ്മി നിന്ന് ഞാൻ കേണിടുമ്പോൾ
ഒരു ദിവ്യ ദീപമായ് നീ നിറയും
ആലില കൂട്ടങ്ങൾക്കിടയിലൂടെ
ഒളിയമ്പെയ്ത് നീ മിന്നിടുന്നു
കാണാമറയത്ത് നിൽക്കുകിലും
എന്തിനദൃശ്യനായ് നിന്നിടുന്നു
വൈകുന്നതെന്തിന് എന്റെ കണ്ണാ..
എൻ മുന്നിൽ പ്രത്യക്ഷനായിടുവാൻ
നിൻ പുണ്യദർശനം കിട്ടുവോളം
പൂർണ്ണമാകില്ലല്ലോ എന്റെ ജന്മം