ഭൂമിയും ആകാശവും ഒരു പോലെ ചുവപ്പു പടരുമ്പോൾ തെളിഞ്ഞു വരുന്ന ഒരു മരമുണ്ട്
നീല ഇലകളാൽ നിറഞ്ഞ, ഒരു തുണ്ട് പൂമൊട്ടു വിടരാത്ത, കടുത്ത കാപ്പി നിറമുള്ള വേരോടു കൂടിയ ഒരു മരം…
അതിന്റെ കീഴിൽ സൂക്ഷിച്ചു നോക്കിയാൽ
മണ്ണിനും വേരിനുമിടയിലൊരു പോതു കാണാം,
നീയതോർത്തു വെയ്ക്കണം…
കാതുകളൊഴികെ മറ്റെല്ലാം മരിച്ചുറഞ്ഞു
പോകുമ്പോൾ ഒരു ചുരുളാക്കിയെന്നെ മടക്കണം, വേരുകൾക്കിടയിൽ തിരുകണം,
പിന്നെയെനിക്കു മരണമില്ലല്ലോ…
കണ്ണിമയ്ക്കുന്നതിനു മുൻപേ അന്തർധാനം ചെയ്യുന്നയാ നീല മരത്തിന്റെ കാലിൽ തൂങ്ങി ഞാനും മറയും…
കാതു മരിക്കാൻ ഞാൻ സമ്മതിക്കുകയുമില്ല,
ചെന്നെത്തുന്ന ലോകത്തിനി കാത്തിരുന്ന കാലടികൾ അലസാഗമനം നടത്തുന്നെങ്കിൽ
അതു തിരിച്ചറിയാനെനിക്കെന്റെ കാതുകൾ
വേണം, അവർക്ക് മരണമില്ല…