ബ്ലൂ റിവർ

 

 

 

 

 

 

നഗരത്തിൽ നിന്നും കുറച്ചുമാറി ഒരു പുഴയുടെ തീരത്താണ് ബ്ലൂ റിവർ എന്ന ത്രീ സ്റ്റാർ ഹോട്ടൽ സ്ഥിതിചെയ്യുന്നത് . മദ്യത്തിന്റെ ലൈസൻസ് ക്യാൻസൽ ചെയ്യുന്നതുവരെ ഇവിടെ വലിയ തിരക്കായിരുന്നു. ഇപ്പോഴാകട്ടെ ബിയറും വൈനും മാത്രമായതുകൊണ്ടും നഗരത്തിൽ വലിയ ബാറുകൾ വന്നതുകൊണ്ടും തിരക്ക് വളരെ കുറവാണ്. ഇരുപതോളം മുറികളാണ് എയർ കണ്ടീഷൻ ചെയ്തതും അല്ലാത്തതുമായി ഇവിടെയുള്ളത്. അത് മിക്കപ്പോഴും ഒഴിഞ്ഞു കിടക്കുകയായിരിക്കും. ഒരുകാലത്തു നാല്പതോളം സ്റ്റാഫുകൾ ഉണ്ടായിരുന്ന ബ്ലൂ മൗണ്ടനിൽ ഇന്നാകെ അഞ്ചു സ്റ്റാഫുകൾ മാത്രമാണുള്ളത്. മാനേജർ വിവേക്, റിസപ്‌ഷനിൽ രാധിക, ബീർ പാർലറിൽ ദേവൻ. പിന്നെ മുറികൾ നോക്കാനായി സുധീർ, ക്ലീനിങ് ചേച്ചി വത്സല. ഇത്രയും പേരടങ്ങുന്നതാണ് ബ്ലൂ റിവറിന്റെ സാരഥികൾ.

കഴുത്തിലെ വിയർപ്പു തുടച്ചുകൊണ്ടാണ് രാധിക കൗണ്ടറിലേക്ക് ഓടിക്കയറിയത്. സമയം ഒമ്പതര ആയിരിക്കുന്നു. രാത്രിയിലെ ഷിഫ്റ്റ് നോക്കുന്നത് ദേവനാണ്. അവൻ എട്ടു മണിക്ക് പോയിട്ടുണ്ട്. മുറികളിൽ മൂന്നു ഗെസ്റ്റുകളാണുള്ളത്. ആരെങ്കിലും വിളിക്കുമ്പോൾ ഫോണിനടുത്ത് ആളില്ലെങ്കിൽ പിന്നെ ആകെ പ്രശ്നമാണ്. മാത്രമല്ല ചിലപ്പോൾ മുതലാളി എന്തെങ്കിലും കാര്യത്തിന് വിളിച്ചെന്നിരിക്കും. അവൾ സാരിയുടെ തുമ്പുകൊണ്ട് വിയർപ്പു തുടച്ചു. രെജിസ്ടറിൽ നോക്കിയപ്പോൾ രണ്ടു ഗെസ്റ്റുകളും ചെക് ഔട്ട് ആയിട്ടുണ്ട്. ഇനിയിപ്പോൾ പ്രത്യേകിച്ച് പണികളൊന്നും ഉണ്ടാവില്ല. ഫാനിന്റെ സ്വിച്ച്‌ ഓൺ ചെയ്തുകൊണ്ട് അവൾ സീറ്റിൽ ചാഞ്ഞിരുന്നു.

നഗരത്തിൽനിന്നു എട്ടുകിലോമീറ്റർ അകലെയാണ് രാധികയുടെ വീട്.
മൂന്നു പെൺകുട്ടികളുടെ അമ്മയായ അവൾ ഭർത്താവു മരിച്ചപ്പോഴാണ് ഈ ജോലിയിൽ വരുന്നത്. രാധികയുടെ ഭർത്താവ് സുജിത് ഇവിടെ ബാറിലെ ജീവനക്കാരനായിരുന്നു. മൂന്നു വർഷങ്ങൾക്ക് മുൻപാണ് വിധി ഒരു ആക്‌സിഡന്റിന്റെ രൂപത്തിൽ സുജിത്തിനെ രാധികയിൽനിന്നു കവർന്നെടുത്തത്. മൂത്തമകൾ ശരണ്യ അന്ന് ഡിഗ്രിക്ക് പഠിക്കുകയായിരുന്നു. രണ്ടാമത്തവൾ പത്തിലും ചെറിയവൾ എട്ടിലും.

വാടകവീടും ഇവരുടെ അവസ്ഥയും കണ്ടിട്ടാണ് മുതലാളി അവളെ ജോലിക്കെടുക്കുന്നത്. ഇപ്പോൾ മകൾക്ക് വിവാഹാലോചനകൾ നടക്കുന്നു. ഇന്ന് രാവിലെയും ഒരുകൂട്ടർ കാണാൻ വന്നിരുന്നു. അതുകൊണ്ടാണ് അവൾ ഹോട്ടലിൽ എത്താൻ വൈകിയത് .

“ചേച്ചീ ചായ ”

സുധീറാണ്. ഇന്ന് പകൽ ഹോട്ടൽ ഡ്യൂട്ടി അവനാണ്. വല്ലപ്പോഴും ബിയറടിക്കാൻ വരുന്ന ഗെസ്റ്റുകൾക്കും മുറിയിൽ ഉള്ളവർക്കും മാത്രമാണ് ഭക്ഷണം ഉണ്ടാക്കുന്നത്. ഇന്ന് ഗെസ്റ്റുകൾ ഇല്ലാത്തതുകൊണ്ട് സുധീർ ഏറെക്കുറെ ഫ്രീ ആയിരിക്കും.

എല്ലാവർക്കും രാധിക ചേച്ചിയാണ്. സുജിത്തിന്റെ കൂടെ ജോലി ചെയ്തവർ ആയതുകൊണ്ട് പല കാര്യങ്ങളിലും അവൾക്ക് സഹായവുമാണ് ഇവരെല്ലാവരും.

“ചേച്ചി കുറച്ചു കഴിഞ്ഞാൽ ഞാനൊന്നു മുങ്ങും. ഒരു ഇന്റർവ്യൂ ഉണ്ട് .
ലീവ് ചോദിച്ചാൽ അങ്ങേരു തരില്ല .രണ്ടു മണിക്കൂർ മതി ”

” ഞാനൊറ്റക്കോ. വിവേകും ഇന്ന് വരില്ലെന്നറിയില്ലേ ”
വിവേക് ബാർ ലൈസൻസ് പുതുക്കാനുള്ള പേപ്പർ ശരിയാക്കാൻ പോയിട്ട് രണ്ടു ദിവസം കഴിഞ്ഞു.

” ദേവനോട് ഞാൻ പറഞ്ഞിട്ടുണ്ട്. അവൻ കുറച്ചു കഴിഞ്ഞാൽ എത്തും .
എന്റെ പൊന്നു ചേച്ചിയല്ലേ നിങ്ങള് രണ്ടുപേരും ഒന്ന് അഡ്ജസ്റ്റ് ചെയ്യൂ ”

“എടാ , ആ പാവം നൈറ്റ് കഴിഞ്ഞു പോയിട്ടല്ലേ ഉളളൂ”
“രാത്രിയും ഉറക്കം തന്നെ അല്ലെ ”

അവൻ ചിരിച്ചുകൊണ്ട് ഗ്ലാസ്സുമായി പോയി. കുറച്ചു കഴിഞ്ഞപ്പോൾ അവന്റെ ബൈക്ക് ചീറിപ്പായുന്ന ശബ്ദം കേട്ടു.

ശരണ്യയുടെ കല്യാണത്തിന് ഇനി അധികം സമയമെടുക്കാൻ വയ്യ.
അതിനുള്ള മാർഗങ്ങൾ ആലോചിക്കുമ്പോൾ രാധികയ്ക്ക് തലപൊളിയുന്നതുപോലെ തോന്നി . സുജിയേട്ടന് ഒരു അനിയനും അമ്മയും മാത്രമാണുള്ളത്. അവരുടെ സ്ഥിതിയും ദയനീയം. തന്റെ വീട്ടുകാരുടെ കാര്യം ആലോചിച്ചാൽ…

ഒരു കാറിന്റെ ശബ്ദമാണ് രാധികയെ ചിന്തകളിൽനിന്നു ഉണർത്തിയത്.
വിലകൂടിയ കാറാണ്. അതിൽനിന്നു ഏകദേശം അറുപതു വയസ്സ് പ്രായം തോന്നുന്ന ആജാനുബാഹുവായ ഒരു മനുഷ്യൻ ഇറങ്ങിവന്നു. വെള്ളമുണ്ടും നീല ജൂബയുമാണ് വേഷം. ബിയറിന് വല്ലതും ആണെങ്കിൽ താൻ തന്നെ എടുത്തു കൊടുക്കേണ്ടി വരും
ദേവൻ ഇതുവരെ എത്തിയിട്ടില്ല. രാധികയാണെങ്കിൽ ഇതുവരെ അവിടെ കയറുകയോ ഒന്നും ചെയ്തിട്ടുമില്ല.

അയാൾ മുന്നിൽ വന്നു നിന്നു. രാധികയെ നോക്കി പുഞ്ചിരിച്ചു .
അവൾ തിരിച്ചും പുഞ്ചിരിച്ചു.

” എനിക്ക് രണ്ടുമണിക്കൂർ നേരത്തേക്ക് ഒരു റൂം കിട്ടുമോ.ഒ ന്ന്
വിശ്രമിക്കാനാണ്. ഒരു ദീർഘയാത്രയിലായിരുന്നു. വല്ലാത്ത നടുവേദന .
അതൊന്നു മാറിയാൽ പോകാം.
ഇനിയും ഒരുപാടു ദൂരം യാത്ര ചെയ്യാനുണ്ട് …”

രാധിക കാറിലേക്ക് നോക്കി. വേറെയാരെയും കണ്ടില്ല.
ഇങ്ങനെ ഒരു മണിക്കൂർ, ഫ്രഷാവാൻ എന്നൊക്കെ പറഞ്ഞുകൊണ്ട് മുറിയെടുക്കാൻ ചിലർ വരാറുണ്ട്. കൂടെ ഏതെങ്കിലും സ്ത്രീകളും ഉണ്ടാവും
ഇതൊക്കെ ഇവിടെ വരുന്നവരുടെ സ്ഥിരം നമ്പർ ആണ്,
രാധികയുടെ നോട്ടം കണ്ടിട്ടാകണം അയാൾ പുഞ്ചിരിച്ചു .

“ഞാനൊറ്റക്കെയുള്ളൂ മാഡം ”

അവളുടെ മനസ്സ് അയാൾ മനസ്സിലാക്കിയത് കാരണം അവളൊരു നിമിഷം ഇളിഭ്യയായി. പെട്ടെന്ന് തന്നെ മനസ്സാന്നിധ്യം വീണ്ടെടുത്തുകൊണ്ട് അവൾ പറഞ്ഞു.

” മണിക്കൂർ താരിഫ് ഇല്ല സാർ. ഒരു ദിവസത്തേക്കുള്ള താരിഫ് ആണ് .”
അവൾ റൂം താരിഫ് നീട്ടിക്കൊണ്ടു പറഞ്ഞു .

“അത് കുഴപ്പമില്ല. എനിക്ക് രണ്ടുമണിക്കൂർ വിശ്രമിച്ചത് പോകണം എന്നാണ് ഞാൻ പറഞ്ഞത്. മാഡം”

അയ്യായിരം രൂപയുടെ ഡീലക്സ് മുറിയാണ് അയാൾ തെരഞ്ഞെടുത്തത് .
അലക്സ് കോശി എന്ന പേരും രാധിക ഇതുവരെ കേൾക്കാത്ത ഒരു സ്ഥലപ്പേരുമാണ് അയാൾ പറഞ്ഞത്. ആറായിരം രൂപയാണ് അയാൾ കൊടുത്തത്. ബാക്കി തിരിച്ചു കൊടുത്തപ്പോൾ അയാൾ വാങ്ങിയില്ല.
വച്ചോളൂ എന്ന് പറഞ്ഞുകൊണ്ട് അയാൾ ബാഗെടുക്കാനായി കാറിനരികിലേക്കു പോയി.

ഗെസ്റ്റുകളുടെ കയ്യിൽനിന്നും ടിപ്പുകൾ കിട്ടാറുണ്ടെങ്കിലും ഇത്ര വലിയ തുക ആദ്യമായിട്ടാണ്. രണ്ടു മണിക്കൂർ നേരത്തേക്ക് അയ്യായിരം രൂപയുടെ മുറി ബുക്ക് ചെയ്യാൻ മാത്രം കാശുണ്ടെങ്കിൽ പിന്നെ ടിപ്പ് തരുന്നതിൽ തെറ്റ് പറയാൻ വയ്യ.

ഒരു ചെറിയ തോൾസഞ്ചിയുമായാണ് അയാൾ തിരിച്ചുവന്നത് .
അവൾ മുറിയുടെ താക്കോൽ കൊടുത്തു .

“ലിഫ്റ്റ് ഉണ്ടല്ലോ അല്ലെ. ഏതു നിലയിലാണ് റൂം ?”

അയാൾ താക്കോൽ വാങ്ങി നടക്കാൻ തുടങ്ങിയപ്പോഴാണ് റൂം കാണിച്ചുകൊടുക്കാൻ ആരുമില്ലെന്നത് രാധിക ഓർത്തത് .

“റൂം ഞാൻ കാണിച്ചു തരാം സാർ ”
രാധിക താക്കോൽ വാങ്ങി മുന്നിൽ നടന്നു.

ലിഫ്റ്റിൽ കയറുമ്പോഴും മുറിയുടെ വാതിൽ തുറക്കുമ്പോഴും അവരിരുവരും ഒന്നും മിണ്ടിയില്ല. അയാൾ തോൾസഞ്ചി സെറ്റിമേൽ വച്ചുകൊണ്ട് സോഫയിൽ ഇരുന്നു. രണ്ടു മുറികളായിട്ടാണ് ഡീലക്സ് റൂമുകൾ. ആദ്യം ചെല്ലുന്ന ഇടത്തിൽ സോഫ സെറ്റിയും അലമാരയും മറ്റുമാണ്. അതിനുള്ളിൽ ആണ് ബെഡ്‌റൂം .

“താങ്ക് യു മിസ് … രാധിക ”
അവളുടെ സാരിയിൽ വച്ചിട്ടുള്ള നെയിം ബോർഡ് വായിച്ചുകൊണ്ട് അയാൾ പറഞ്ഞു. അവൾ പുഞ്ചിരിച്ചുകൊണ്ട് മുറിയിൽനിന്നു പുറത്തിറങ്ങി .
കോറിഡോറിലൂടെ നടക്കുമ്പോഴാണ് അലക്സ് കോശി വീണ്ടും വിളിച്ചത്.

“രാധികാ… റൂം ബോയോട് കുറച്ചു വെള്ളം കൊണ്ടുവരാൻ പറയാമോ,
എനിക്ക് ഒരു മെഡിസിൻ കഴിക്കാനുണ്ട് ”

“ഞാൻ കൊണ്ടുവരാം സാർ”

“so kind of you ”

ഇവിടെ റൂം ബോയ് ഇല്ലെന്നയാളോടെങ്ങനെ പറയും.
അവൾ താഴെ ഹോട്ടൽ മുറി തുറന്നുകൊണ്ട് വെള്ളവുമായി
തിരികെ മുറിയിലേക്ക് നടന്നു. സ്റ്റെപ്പ് കയറി നടന്നത് കൊണ്ടാവണം
മുറിയിലെത്തുമ്പോൾ അവൾ കിതക്കുന്നുണ്ടായിരുന്നു.
അവൾ കതകിൽ മുട്ടി.
അയാൾ വാതിൽ തുറന്നു.
ജൂബ അഴിച്ചുകൊണ്ട് മുണ്ടു മാത്രമായിരുന്നു അയാളുടെ വേഷം
അവളെ കണ്ടതും അയാൾ തെല്ലൊരു ജാള്യതയോടെ ജുബായെടുത്ത് ഇട്ടു
അവൾ വെള്ളം ടേബിളിൽ വച്ചു.

“ഞാൻ ബാക് പെയിൻ മാറാൻ വേണ്ടി ഈ മരുന്ന് പുരട്ടാൻ തുടങ്ങുകയായിരുന്നു, അതുകൊണ്ടാണ് ..”

വീണ്ടും സോഫയിൽ ഇരുന്നുകൊണ്ട് അയാൾ പറഞ്ഞു .

“രാധിക കിതക്കുന്നുണ്ടല്ലോ. എന്തുപറ്റി…
നിങ്ങൾ ചെറുപ്പക്കാർ ഇങ്ങനെയായാൽ ഞങ്ങൾ വയസ്സന്മാരുടെ കാര്യം പറയാനുണ്ടോ ”

മറുപടിയായി അവൾ പുഞ്ചിരിക്കുക മാത്രം ചെയ്തു .
തന്നെക്കാൾ ഇരുപതു വയസ്സിനടുത്തു കൂടുതൽ ഉണ്ടെന്നത് അയാളുടെ ഐ.ഡി. കാർഡ് കിട്ടിയപ്പോൾ മനസ്സിലായിരുന്നു .

“എനിക്ക് ഒരു സഹായംകൂടി ചെയ്തു തരണം.
ഏതെങ്കിലും സ്റ്റാഫിനെ ഒന്ന് വിളിക്കണം.
എനിക്ക് ഈ മരുന്ന് പുറത്തൊന്നു തേച്ചു പിടിപ്പിക്കാനാണ് .
തനിച്ചിത്‌ കഴിയുന്നില്ല”

അയാൾ മേശപ്പുറത്തിരുന്ന മരുന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു.
രാധികയ്ക്ക് തെല്ലുനേരം ഉത്തരം മുട്ടി. ഈ വലിയ ഹോട്ടലിൽ ഇപ്പോൾ രാധിക എന്ന റിസപ്‌ഷനിസ്റ്റും അലക്സ് കോശിയെന്ന ഗസ്റ്റും മാത്രമേ ഉള്ളൂ എന്നെങ്ങനെ ഇങ്ങേരോടു പറയും. ദേവനെ വിളിച്ചു നോക്കാം.
അവൾ ദേവന്റെ നമ്പർ ഡയൽ ചെയ്തു.
രണ്ടു തവണ റിങ് ചെയ്തുകൊണ്ട് കട്ടായി , ഉറങ്ങുകയായിരിക്കും.

അവൾ അയാളെ നോക്കി.

അയാൾ ഏതോ ഗുളികകൾ കഴിക്കുകയാണ്.

മരുന്ന് പുരട്ടിക്കൊടുത്തേക്കാം. ഇത്രയും പ്രായമുള്ള ആളല്ലേ. വേദന സഹിക്കാൻ കഴിയാഞ്ഞിട്ടാവും.

“ഞാൻ പുരട്ടിത്തരാം സാർ.”
അയാൾ തെല്ലൊരു അത്ഭുതത്തോടെ അവളെ നോക്കി. പിന്നീട് പുഞ്ചിരിച്ചുകൊണ്ട് പേഴ്സിൽനിന്നു അഞ്ഞൂറിന്റെ നാലു നോട്ടുകൾ എടുത്തുകൊണ്ട് അവൾക്കു നേരെ നീട്ടി .
“ഇതെന്തിനാ സാർ ” അവൾ

അത്ഭുതത്തോടെ ചോദിച്ചു.

“ഞാൻ നേഴ്‌സിങ് ഹോമിൽ പോയിരുന്നെങ്കിൽ അവർക്കു കൊടുക്കേണ്ടി വരുമായിരുന്ന തുക രാധികയ്ക്ക് തരുന്നു .അത്ര മാത്രം ”

അവൾ വാങ്ങാൻ മടിച്ചു നിൽക്കുമ്പോൾ അയാൾ ആ നോട്ടുകൾ അവളുടെ കയ്യിൽ പിടിപ്പിച്ചു .

അയാൾ ജൂബ അഴിച്ചുകൊണ്ട് ബെഡിൽ കമിഴ്ന്നു കിടന്നു.
അവൾ ആ മരുന്ന് അയാളുടെ പുറത്ത് തടവാൻ തുടങ്ങി.
വെളുത്ത ശരീരമാണ് അയാളുടേത്. തലമുടി അങ്ങിങ് നരച്ചതായി കാണുന്നതൊഴിച്ചാൽ കാഴ്ച്ചയിൽ ദൃഢഗാത്രനാണ്.

“ബുദ്ധിമുട്ടായോ കുട്ടീ ” അയാൾ തലയുയർത്താതെയാണ് ചോദിക്കുന്നത് .
“ഏയ് ..ഇല്ല സാർ ” അവൾ പറഞ്ഞു .

മൂവായിരം രൂപയാണ് ഇന്ന് ടിപ്പായി കിട്ടിയിരിക്കുന്നത്.
പുറം തടവിക്കൊടുത്തൽ എന്താണ് കുഴപ്പം
അവൾ മനസ്സിനെ ശാന്തമാക്കാൻ ശ്രമിച്ചു .
അയാളുടെ അടിവസ്ത്രം കാണുന്ന ഇടത്തെത്തിയപ്പോൾ അവളുടെ കൈകൾ പതിയെ നിന്നു.
“ഇവിടെ …” അവൾ മടിച്ചുകൊണ്ടു ചോദിച്ചു
അയാൾ തിരിഞ്ഞുകൊണ്ട് നോക്കി അവളോട് പറഞ്ഞു .
“മടിയാണെങ്കിൽ വേണ്ട മോളെ. നിർത്തിയേക്ക് ”
അവൾക്കാകെ വല്ലായ്മ തോന്നി .

അയാളുടെ അടിവസ്ത്രം തെല്ലു താഴ്ത്തി അവൾ അവിടെ മരുന്ന് തേച്ചു പിടിപ്പിച്ചു. രാധികയ്ക്ക് ശരീരം തെല്ലു വിറയ്ക്കുന്നതുപോലെ തോന്നി.
സുജിയേട്ടനല്ലാതെ ഒരു പുരുഷന്റെ ശരീരം അവൾക്കുമുന്നിൽ പാതിയായിട്ടാണെങ്കിലും അനാവൃതമാവുന്നത് ആദ്യമായാണ്.

അവളുടെ കൈകൾ പതറുന്നത് മനസ്സിലാക്കിയിട്ടാകണം അയാൾ പതിയെ കിടക്കയിൽനിന്നു എഴുന്നേറ്റു. മുണ്ടുടുത്തുകൊണ്ട് അയാൾ അവൾക്കു മുന്നിൽ നിന്നു. അവൾക്ക് എന്തുകൊണ്ടോ തല ഉയർത്താൻ കഴിഞ്ഞില്ല .

“രാധികയ്ക്ക് എത്ര വയസ്സായി ?”
“നാല്പത്തി രണ്ട്”
അവൾ തല ഉയർത്താതെ മറുപടി പറഞ്ഞു .
“നര വീണു തുടങ്ങി, അല്ലെ ”

“ഞാൻ പൊയ്ക്കോട്ടേ സാർ .എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതി ”

അവളുടെ ശബ്ദത്തിൽ ചെറുതായി വിറയുണ്ടായിരുന്നു.

“എന്തുപറ്റി ,എന്നെ പേടിയുണ്ടോ രാധികയ്ക്ക് ”
അവൾ അയാളുടെ മുഖത്തേക്ക് നോക്കി. പുഞ്ചിരി വരുത്തിക്കൊണ്ട് പറഞ്ഞു

“ഇല്ല സാർ ,ഡ്യൂട്ടി ഉണ്ട്. അതുകൊണ്ടാണ് ”

അയാൾ ബെഡിൽ ഇരുന്നു. അവളുടെ കൈയിൽ പിടിച്ചുകൊണ്ട് ബെഡിൽ ഇരുത്തിയ ശേഷം തുടർന്നു.

“ഇന്നൊരു ദിവസം അവധിയെടുത്തുകൊണ്ട് എന്റെ കൂടെ ഇവിടെ ഇരിക്കാമോ. ഇന്നത്തെ ശമ്പളം ഞാൻ തരാം. വേറൊന്നുമല്ല
എനിക്ക് കുറച്ചു സമയം കണ്ണടച്ച് കിടക്കണം. അരികിൽ ഒരാൾ ഉണർന്നിരിക്കുകയും വേണം.”

അവൾക്ക് ശരീരമാകെ വിറയൽ വരുന്നതുപോലെ തോന്നി. നാല്പതുകളിലും ശരീരത്തിന് പറയാനാവാത്ത എന്തോ അനുഭൂതി വരുന്നതായി രാധികയ്ക്ക് തോന്നി. ഈ മൂന്നുവർഷത്തെ ഹോട്ടൽ ജീവിതത്തിൽ ഒളിഞ്ഞും തെളിഞ്ഞും എത്രയോ ആളുകൾ ലൈംഗികമായി ഉദ്ദേശത്തോടെ സമീപിച്ചിട്ടുണ്ടെങ്കിലും അതിനെയെല്ലാം അവൾ നിസ്സാരമായി തരണം ചെയ്തിരുന്നു. പക്ഷെ, ഇയാൾ… ഇയാളുടെ ഉദ്ദേശം എന്താണെന്ന് ഇപ്പോഴും വ്യക്തമാകുന്നില്ല. വിചിത്രമായ എന്തോ ഒന്ന് ഇയാളുടെ ചോദ്യത്തിൽ രാധികയെ പൊതിഞ്ഞു നിന്നിരുന്നു .

“ഇല്ല സാർ. ഡ്യൂട്ടിയിൽ ഇന്ന് ഞാൻ മാത്രമേ ഉള്ളൂ…
അതുകൊണ്ട് പോകണം
ക്ഷമിക്കണം ”

” ശരി. പൊയ്ക്കോളൂ…
ആ കൈകൾ കഴുകാൻ മറക്കരുത്.
കുറെ ദൂരം യാത്ര കഴിഞ്ഞു വരികയാണ്. എന്റെ ശരീരത്തിൽ
അഴുക്കുണ്ടാകും. അത് നിങ്ങളുടെ കൈകളിൽ പുരണ്ടുകാണും ”

അവൾക്കെന്തോ നിരാശ തോന്നി.
നിങ്ങൾ എന്ന വിളിയിലൂടെ അയാൾ തന്നോടുള്ള ദൂരം വല്ലാതെ
കൂട്ടിയതുപോലെ. അവൾ എഴുന്നേറ്റു.

മുറിയിൽനിന്നു പുറത്തേക്കിറങ്ങുമ്പോൾ അയാൾ അവളോട് പറഞ്ഞു…

“ഞാൻ ചിലപ്പോൾ ഉറങ്ങിയേക്കും. രണ്ടുമണിക്കൂർ കഴിഞ്ഞാൽ
വിരോധമില്ലെങ്കിൽ ഒന്ന് വിളിച്ചുണർത്താമോ. ഈ ലാൻഡ് ലൈനിൽ വിളിച്ചാൽ മതി. പ്ളീസ് ”

“തീർച്ചയായും സാർ”

അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.

കോറിഡോറിലൂടെ നടന്നകലുമ്പോൾ അലക്സ് എന്ന അറുപതുകാരൻ തന്നെനോക്കി ആ വാതിൽക്കൽ നിൽക്കുന്നുണ്ടാവുമെന്ന് അവൾ പ്രത്യാശിച്ചു.

ആ ബെഡിൽ ഉറങ്ങിക്കിടക്കുന്ന മനുഷ്യനെ തലോടിക്കൊണ്ട് ഇരിക്കുന്ന നീല സാരിയണിഞ്ഞ റിസപ്‌ഷനിസ്റ്റിന്റെ തലമുടിയിലെ വെളുത്ത രോമങ്ങൾ അപ്രത്യക്ഷമായിരിക്കുന്നതായി മുറിയിലെ കണ്ണാടിയിലൂടെ അവൾ കണ്ടു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous article‘ഉദയ സാഹിത്യ പുരസ്‌കാരം 2023’ : കൃതികൾ ക്ഷണിച്ചു
Next articleഓർമകളുടെ ഭാരം
നിശാന്ത് .കെ മലപ്പുറം ജില്ലയിലെ ചുങ്കത്തറ എന്ന പ്രദേശത്ത് 1982 ഏപ്രിൽ 6 ന് ജനനം.പിതാവ് കൂത്രാടൻ ഉസ്മാൻ ,മാതാവ് സൗദാബി. എഴുത്തിനോട് ചെറുപ്പം മുതലേ അഭിനിവേശം. ബിരുദാനന്തര ബിരുദത്തിനു ശേഷം പാരലൽ കോളേജ് ,പ്രൈവറ് സ്‌കൂൾ തുടങ്ങിയവയിൽ അധ്യാപക ജോലി .ഇപ്പോൾ യൂണിമണി ഫിനാൻഷ്യൽ സെർവീസസിൽ ബ്രാഞ്ച് മാനേജർ ആയി ജോലി ചെയ്യുന്നു. "ഫത്തേ ദർവാസാ ,ജീവിതം മുഴങ്ങുന്നിടം" എന്ന പേരിൽ ഒരു ചെറുകഥാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട് . ഭാര്യ റൈഹാനത്ത് ,മക്കൾ അനഘ ,ആദി

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here