ഇപ്പോഴും പാലകൾക്ക്
യക്ഷിയുടെ മണമാണ്
അമ്പലങ്ങളിലെ
പെൺചിത്രങ്ങളുടെ
വടിവാണ്
മുഴുവനായും നനയാൻ
കെഞ്ചുന്ന
ഒരു കുഞ്ഞുപാലയുടെ
കുണുങ്ങാച്ചി പാലയുടെ
ദാഹമാണ്…
കാളകൾ കടിച്ചെടുത്ത
പെൺ വള്ളികളുടെ
വേലിയ്ക്കരികിൽ
യക്ഷിപ്പെണ്ണ്
ആൺ ദാഹത്തോടെയിരിക്കും
നടവഴിയിലെ
മീശ പിള്ളേരുടെയും
നെഞ്ചിലും തുടയിലും
പെൺകാടുകൾ പോലെ
രോമംവളർന്ന
അമ്മാവന്മാരുടെയും
ഉടുമുണ്ട്
അഴിക്കും
പാല പൂവിട്ട്
പൂജിച്ച
കള്ളും പൂമ്പൊടിയുടെ
കഞ്ചാവും കൊടുക്കും
അവരുടെ
നടുവൊടിഞ്ഞ തന്തമാർ
ഈറ്റപ്പുല്ലിൻ്റെ
കുടിലുകളിൽ
ചകിരിക്കട്ടിലിൽ
കിടന്ന് നിലവിളിക്കും
രാത്രിക്കുപ്പായമിട്ട്
എ പടം കണ്ട്
വരുന്നവർ
പെൺകുട്ടികളിൽനിന്ന്
തട്ടിപ്പറിച്ച കാശുകൊണ്ട്
കാട്ടിലിരുന്ന് ബീഡി വലിക്കുന്നവർ
ചാരായ പെണ്ണുങ്ങളെ
ഇടംകണ്ണിട്ടു
നോക്കുന്നവർ
കവലയിൽ
പച്ചക്കറിക്കാരൻ്റെ തള്ളയ്ക്കു
വിളിക്കുന്നവർ
ഇടവഴിയിലെത്തിയാൽ
മുകളിലെ പാലകൊമ്പുനോക്കി
തഴുകും,
അവരെയക്ഷി
പട്ടി കുഞ്ഞുങ്ങളാക്കും
കുട്ടിചിരി ചിരിപ്പിക്കും.
യക്ഷി തുടകളിൽനിന്നാണ്
നാട്ടിലേക്ക്
പകലുകൾ ഒഴുകിയിറങ്ങുന്നത്
സന്ധ്യകൾ
പടർന്നുകത്തുന്നത്
പാല മരത്തിൽ
നാട്ടിലെ പെണ്ണുങ്ങക്കായി
ചോര സൂര്യനുദിക്കുന്നത്
ആ വെളിച്ചം കൊണ്ട്
പെണ്ണുങ്ങൾ
പുഴക്കടവുകളിൽ
ഇലമറവില്ലാതെ
കുളിക്കും
ചിത്രങ്ങളിലെ
പെൺചിരി കണ്ട്
കുരുവികൾ
മരത്തിലൊരു
സ്വർഗക്കൂട് പണിയും
പെൺ ദൈവങ്ങൾ
മലമുകളിൽ
ചിലങ്ക കെട്ടിയാടും
നർത്തകരുടെ
കൽമണ്ഡപത്തിലെ
നഗ്നരായ പ്രതിമകൾക്ക്
ജീവൻ വെക്കും
അവർ പൂന്തോട്ടങ്ങ-
ളിലെ പൂമ്പാറ്റകളെ
ഉടയാടയാക്കും
അരിപ്രാവുകളിലെ
പെണ്ണിണ
ആണിണയെ
തിരിച്ചു കൊത്തും
യക്ഷി അടക്കിവാണ
നാട്ടിൽ ചെകുത്താനത്തികൾ
മാലാഖമാരുടെ
പേൻ തല നോക്കും
യക്ഷിമുടി കാറ്റടിക്കുന്ന
നേരം
പാല മര ചുവട്ടിൽ
ഒരേ പൊത്തിൽ അവർ
ഇരിക്കും.
പെണ്ണിൻ്റെ മണം മാത്രമുള്ള ഒരു പാലപ്പൂവ്
അവർക്കരികെ…
മാലാഖയും ചെകുത്താനത്തിയും
ഒരുമിച്ചത് മണക്കും
ഇപ്പോൾ
കുണുങ്ങാച്ചിപ്പാലകളിൽ
ചോരപ്പകലുദിക്കാറില്ല
നരച്ചമുടികൾ
ഈറൻകെട്ടി
ജടപിടിച്ച്
ശാഖകളിൽ തൂങ്ങി മരിക്കുന്നു.
തൂക്കണാം കുരുവി പൊത്തിൽനിന്ന് കുഞ്ഞു കുരുവികൾ
അമ്മക്കുരുവിയെ കാണാതെ
ചോര കക്കുന്നു
ഒരാൺകുട്ടിയും
പെൺകുട്ടിയും
ഇരുട്ടു വീഴാറായ
പകലിൽ
തൂക്കു പാത്രം പിടിച്ച്
മിഴിവോടെ നോക്കുന്നു.
പാലയ്ക്കരികെ
ഒരു നരച്ച പെണ്ണിൻ്റെ
ദേഹം
കത്തി തീരുന്നു.
അപ്പോഴും
യക്ഷിമണം വിടാതെ
ഇരുട്ടിൽനിഴലാകാൻ
ഒടിഞ്ഞ പാലമരം
കാത്തിരിക്കുന്നു.
നടവഴിയ്ക്കപ്പുറത്ത്
പെൺബീഡികൾ
പരസ്യമായി
പുകയുന്നു.
തല മുറിഞ്ഞ
പാലപ്പൂക്കൾ
ഇറച്ചികഷണം പോലെ
ആണുങ്ങളുടെ പൂക്കടകളിൽ ..
പെൺമുടികൾ കരി –
ക്കാനുള്ള ആർത്തിയോടെ
ഒരു ഒറ്റയാൾ ചൂട്ട്.
ഇടവഴിയുംകടന്ന്
അമ്മമാരെയും
പെങ്ങമ്മാരെയും
കത്തിക്കുന്ന
ശവപറമ്പിൽ വെച്ച്
ആൺകുട്ടിയും,
പെൺകുട്ടിയും
തൂക്കുപാത്രം തുറക്കുന്നു…
പാലപ്പൂക്കൾ….
അതിൻ്റെ മണമുള്ള
പെണ്ണിൻ്റെ
തീണ്ടാരിച്ചോര..
പാലകളും , യക്ഷികളും
ഇനിയും മരിച്ചിട്ടില്ലാത്ത
ദേശമെത്തുംവരെ
അത് കൈയ്യിൽ
കരുതലോടെ പിടിക്കണമത്രേ…
യക്ഷിപ്പാട്ടുകൾ പാടുന്ന
ഒരു ഗായിക
വഴിയിൽ വെച്ച് പാടിയതാണ്,
പാല പ്പൂ വിൻ്റെ മണ-
മുള്ള ചോരതെറിച്ചാൽ
ഇരുട്ടിൽ ഉടുമുണ്ടഴിക്കുന്ന
ആണുങ്ങൾ
പട്ടിക്കുഞ്ഞുങ്ങളാകും
കുട്ടിച്ചിരിചിരിക്കും