കറുത്ത മറുക്

 

 

 

ഇന്ദു … ഇളയത് എത്തിയില്ലേ ഇതുവരെ…?

ഇല്ല അമ്മേ ..ഇപ്പൊ എത്തും..ഞാൻ അമ്പലത്തിൽ വച്ച് ഇപ്പൊ കണ്ടു തൊഴുതുവരാമെന്നു പറഞ്ഞു.

അഹ്..വരട്ടെ നിന്റെ അച്ഛന്റെ എട്ടാമത്തെ ശ്രാദ്ധമല്ലേ . ഇനി എത്ര എണ്ണം കുടി കാണാൻ ഞാൻ ഉണ്ടാവുമെന്നറിയില്ല. ഉണ്ണികുട്ടനോട് കുളിച്ചു റെഡിയാകാൻ പറ

അമ്മക്ക് രാവിലേ ഈശ്വര നാമംജപിച്ചു അവിടെ കിടക്കാൻ മേലെ…വെറുതെ അതുമിതും ആലോചിച്ചോണ്ടിരിക്കാതെ.

ആഹ്.. ഞാൻ ഒന്നും ആലോചിക്കുന്നില്ല കുട്ടിയേ.എനിക്കെന്തെങ്കിലും സംഭവിച്ചാൽ നിന്റെയും ഉണ്ണിക്കുട്ടന്റെയും കാര്യം എന്താവുംന്നുള്ള വിചാരമല്ലാണ്ടെന്താ പിന്നെ എനിക്കുള്ളത്. ഈ വീടിനു തുണയാവേണ്ട ചെക്കൻ ഇപ്പൊ എവിടെയോ എന്തോ.

അമ്മേ മതീട്ടോ …ഇനി ആലോചിച്ചു തലവേദന ഉണ്ടാക്കണ്ട….

ഡാ …ഉണ്ണീ നീ എവിടെയാ..ഇളയത് ഇപ്പോൾ എത്തുംട്ടോ…കുളിച്ചു ബലിയിടാൻ റെഡി ആയിക്കോ…

ചേച്ചി എനിക്കിത്തിരി ചായ തരുമോ…ചായ കുടിച്ചിട്ട് ഞാൻ കുളിക്കാൻ പൊക്കോളാം ..

അയ്യോ …ഈ ചെക്കനെന്താ ഈ പറേന്നെ…ഇന്ന് നീ ബലി കഴിഞ്ഞു മാത്രേ ചായ കുടിക്കാൻ പാടുള്ളു…വേഗം കുളത്തിൽ പോയി മുങ്ങി കുളിച്ചു വാ ..

എന്ത് തണുപ്പാ ചേച്ചി ചായ പോലും കുടിക്കാതെ എങ്ങനാ കുളിക്കുക..

ഇളയത് പടികയറി വരുന്നു…

ഹായ്…എന്താ ഉണ്ണിക്കുട്ടാ കുളിച്ചില്ലിയേ ഇതുവരേ ..പോയി മുങ്ങി കുളിച്ചു വരൂ …

ദേവകിയമ്മേ ..ഇപ്പൊ എങ്ങിനെയുണ്ട് ..നടക്കാനൊക്കെ പറ്റുവോ..ബലിച്ചോറു ഉരുട്ടി വക്കുന്നതിനിടയിൽ അയാൾ  ചോദിച്ചു.

ഇങ്ങനേ ഇരിക്കെ പിണ്ഡം പോലെ ഇരിക്കുകേം കിടക്കുകേം ചെയ്യാമെന്നല്ലാതെ ഒന്നും പറ്റില്ല ബാലകൃഷ്ണൻ ഇളയതേ ….

ആയ കാലമൊക്കെ മിഷ്യൻ ചവുട്ടിയതിന്റെയാ ഒരു ചുവടു നടക്കാൻ പറ്റില്ല.

ഉണ്ണിക്കുട്ടൻ കുളികഴിഞ്ഞു വന്നു …ഇളയത് പറഞ്ഞു കൊടുത്ത മന്ത്രങ്ങൾ അവൻ പറഞ്ഞുകൊണ്ട് കർമ്മം ചെയ്യുന്നു.

അച്ഛനെ കണ്ട ഓർമ്മ പോലും ഇല്ലാത്ത ഉണ്ണി അച്ഛന്റെ ശ്രാദ്ധം ചെയ്യുന്നത്  കണ്ടപ്പോൾ ഇന്ദുവിന്റെ കണ്ണുകൾ നിറഞ്ഞു.

എട്ടു വര്ഷം കടന്നു പോയതെത്ര വേഗമാണ്. അന്ന് ഞാൻ ഒൻപതിൽ പഠിക്കുന്നു… സ്‌കൂളിൽ നിന്ന് വന്നാലുടൻ..കുഞ്ഞു വാവയെ കളിപ്പിക്കുകയാണ് പ്രധാന ജോലി. വളരെ താമസിച്ചാണല്ലോ  തനിക്ക് ഒരു കുഞ്ഞനുജനേ കിട്ടിയത്. അച്ഛൻ സഹകരണ ബാങ്കിലെ പീയൂൺ ആയിരുന്നു…

ഉണ്ണിക്കുട്ടന് 6  മാസം തികയ്യുന്ന ദിവസം …എനിക്ക് ഒൻപതാം ക്ലാസ്സിലെ അവസാന പരീക്ഷയുടെ ദിവസം…

ഞാൻ പരീക്ഷ എഴുതുന്നതിനിടയിൽ കണ്ടു…ഹരിച്ചേട്ടൻ പ്രിസിപ്പലിന്റെ റൂമിലേക്ക് കയറുന്നു. എന്തായിരിക്കും അത് എന്ന് ഓർത്തു. പരീക്ഷ കഴിഞ്ഞു ഇറങ്ങുമ്പോൾ..ഹരിച്ചേട്ടൻ അടുത്ത് വന്നു…

ഇന്ദുട്ടി… ഞാൻ  ബൈക്കു കൊണ്ടുവന്നിട്ടുണ്ട് ..നമുക്ക് അതിൽ പോവാം.കവിളത്തെ വലിയ മറുകിലൂടെ അലസമായി വിരലൊടിച്ചുകൊണ്ട് പറഞ്ഞു.

അതെന്താ ഹരിയേട്ടാ ഇന്ന് കോളേജിൽ പോയില്ലേ ..അതോ നേരത്തേ വന്നോ…

അതൊക്കെ പറയാം..നീ കേറൂ …വഴിയിൽ ഹരിയേട്ടൻ ഒന്നും മിണ്ടിയില്ല…

വീട്ടിലേക്കു വണ്ടി ഓടുമ്പോൾ..ഞങ്ങളുടെ ഇടവഴിയിൽ കുടി പതിവില്ലാത്ത ..ആൾകൂട്ടം.

വീട്ടിലേക്കു കയറുമ്പോൾ…അമ്മയുടെ നിലവിളി കേട്ടു ..ഞാൻ തളർന്നു വീണു.

ഹരിയേട്ടൻ എന്നെ താങ്ങിയെടുതു അകത്തേക്ക് കൊണ്ടുപോയി…ഒന്നേ നോക്കിയുള്ളൂ…ചേതനയറ്റ എന്റെ അച്ഛന്റെ ശരീരം താഴെ കിടത്തിയിരിക്കുന്നു.

വാവിട്ടു കരയുന്ന..ഉണ്ണിക്കുട്ടനെ..ആരൊക്കെയോ മാറി മാറി എടുക്കുന്നു…

ആകെ തകർന്നു പോയ എന്റെ ‘അമ്മ നിലത്തുകിടന്നു അലമുറയിട്ടു കരയുന്നു.

അന്ന് തകർന്നുപോയ ഞങ്ങളുടെ കുടുംബത്തിന്….താങ്ങായത് മോഹനമാമനും മകൻ ഹരിയേട്ടനും ആയിരുന്നു…

ഹരിയേട്ടന്റെഅമ്മ മരിച്ചതിനു ശേഷം മാമനും ഹരിയേട്ടനും മാത്രമായിരുന്നു അവരുടെ വീട്ടിൽ…അച്ഛൻ മരിച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് കൂട്ടായി …മാമനും ഹരിയേട്ടനും ഇവിടെ ഞങ്ങളോടൊപ്പം ആയി  താമസം…

അമ്മ തൈയ്യൽ ജോലി ഒക്കെ ചെയ്തു ചെറിയ വരുമാനം ഉണ്ടാക്കും. ഹരിയേട്ടൻ ബികോം വരെപഠിച്ചു ടെസ്റ്റുകളൊക്കെ എഴുതി നോക്കി ഒന്നും ശരിയാകുന്നില്ല.

അങ്ങനെ ഞാൻ പത്താം ക്‌ളാസ്സു പാസ് ആയി മാമൻ പറഞ്ഞു…ഹരി..നീ ഇങ്ങനെ തെക്കു വടക്കു നടന്നിട്ടു കാര്യമില്ല..എന്തെകിലും ജോലി ചെയ്തു ഈ കുടുംബം പോറ്റേണ്ടത് നീ ആണ്. എനിക്ക് കിട്ടുന്ന നക്കാപ്പിച്ച പെൻഷനും…പിന്നെ ദേവകി മെഷ്യൻ ചവുട്ടി ഉണ്ടാക്കുന്ന പൈസേം കൊണ്ട് ഉണ്ട് ഉറങ്ങി ബൈക്കിൽ കറങ്ങി നടക്കാമെന്നു കരുതരുത്. ഇനി ഇപ്പോൾ ഇന്ദുനെ കോളേജിൽ വിടണം അതിനും പൈസ വേണം..അതുകൊണ്ട് നീ എന്തെകിലും പണിക്കു പോണം അല്ലെങ്കിൽ ബുദ്ധിമുട്ടാണ്.

അന്ന് രാത്രീ ഹരിയേട്ടൻ ഒന്നും കഴിച്ചില്ല…’അമ്മവിളിച്ചപ്പോൾ വേണ്ടെന്നു പറഞ്ഞു.

വേണ്ടെങ്കിൽ വേണ്ട ദേവകിയെ…ഒരു നേരം പട്ടിണി കിടന്നാൽ കുഴപ്പമൊന്നുമില്ല…മാമൻ പറഞ്ഞു.

പിറ്റേന്ന് വീട്ടിൽ നിന്ന് പോയ ഹരിയേട്ടൻ മടങ്ങിവന്നില്ല…ഞങ്ങൾ ഉറങ്ങാതെ കാത്തിരുന്നു ദിവസങ്ങളോളം…..വന്നില്ല

മാമൻ തകർന്നുപോയി…ആതകർച്ച  അദ്ദേഹത്തിന്റെ തളർച്ചയിലാണ് കലാശിച്ചത്…മുന്ന് വര്ഷം കിടന്ന കിടപ്പിൽ കിടന്ന മാമൻ ഒരു ദിവസം യാത്രയായി…മരിക്കുന്നതിന് മുന്നേ അദ്ദേഹത്തിന്റെ ദൃഷ്ടി…പടിക്കലേക്കു പാഞ്ഞത് ഞാൻ കണ്ടിരുന്നു…മകൻ മടങ്ങി വരുമെന്നുള്ള പ്രത്യാശയുടെ നോട്ടം.

അവസാന ആശ്രയമായ മാമനും പോയപ്പോൾ…’അമ്മ തകർന്നുപോയി…പിന്നെ അമ്മയുടെ മിഷ്യന്റെ ഉടമ ഞാനായി…അയൽ വീടുകളിലുള്ള …ബ്ലൗസും,,,ചുരിദാറും ഒക്കെ തയ്ച്ചു കൊടുത്തു കുടുംബ ഭാരം ഏറ്റെടുത്തു.

ആഹാ..ചേച്ചി ..എല്ലാം കഴിഞ്ഞു ഇളയത് പോയി…ഇനിയെങ്കിലും എനിക്ക് ഇത്തിരി ചായ തരുമോ. അവൾ കണ്ണുതുടച്ചുകൊണ്ട് എഴുന്നേറ്റു ഉണ്ണിക്കു ചായ കൊടുത്തു.

എന്താ ചേച്ചി കഴിക്കാൻ .

നല്ല ഇഡലിം ചമ്മന്തീം ഉണ്ട്…’

അമ്മ  കഴിച്ചോ ചേച്ചി…

ആഹ്…ഞാൻ അമ്മക്ക് കൊടുത്തു…മരുന്ന് കഴിക്കാനുള്ളതല്ലേ.

ചേച്ചി കഴിച്ചോ…?

അതെങ്ങനാ കുട്ടാ…നീ കഴിക്കാതെ ചേച്ചി കഴിക്കുമോ..

നീ കഴിക്കു…ഞാൻ അമ്മക്ക് മരുന്ന് കൊടുത്തിട്ടു വരം…

അമ്മേ …മരുന്ന് തീരാറായല്ലോ…ഇനി രണ്ടു ദിവസത്തേക്കുള്ള മരുന്ന് ഒള്ളു…അപ്പറത്തെ ശ്രീക്കുട്ടിക്ക് തയ്ച്ചു കൊടുത്ത ചുരിദാറിന്റെ പൈസ നാളെ കിട്ടും…നാളെ പോയി ഞാൻ മരുന്ന് വാങ്ങാം.

എന്റെ കുട്ടി…നിന്റെ കഷ്ടപ്പാട് ആലോചിക്കുമ്പോൾ ..എന്നെ വേഗം അങ്ങ് വിളിക്കണെ ഭഗവാനെ എന്ന് പ്രാര്ഥിക്കുമെങ്കിലും…പിന്നെ നീ തനിചായ് പോകുമല്ലോ എന്നോർക്കുമ്പോൾ…അയ്യോ ഭഗവാനെ വേണ്ടായേ എന്നും പ്രാർത്ഥിച്ചു പോകും…

എന്റെ അമ്മെ വെറുതെ അതുമിതും പറയാതെ ഈ മരുന്ന് കഴിച്ചേ…ആർക്കാ ഇപ്പോൾ ഇവിടെ ബുദ്ധിമുട്ടു.

മുറ്റത്തു ഒരു കാര് വന്നു നിൽക്കുന്ന ശബ്ദം ..

ഉണ്ണിക്കുട്ടൻ ഓടി അകത്തേക്ക് വന്നു…ചേച്ചി ദാ ..ആരോ വന്നിരിക്കുന്നു..

ഇന്ദു വേഗം ഉമ്മറത്തേക്കിറങ്ങി നോക്കി…കാറിൽ നിന്നിറങ്ങി നിൽക്കുന്നയാളെ കാണാൻഅവളുടെ  കണ്ണുകൾ അനുവദിച്ചില്ല….തലചുറ്റുന്നപോലെ…

അവളുടെ കണ്ണുകൾ മുടിപ്പോയി…മൂടൽ മഞ്ഞിനിടയിലൂടെ പക്ഷെ അവൾകണ്ടു അയാളുടെ  വലത്തേ കവിളിലെ ആവലിയ കറുത്ത മറുക്…തന്റെ ഹരിയേട്ടന്റെ കവിളിലെ അതേ മറുക് …!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here