കറുത്ത മഞ്ഞ്

 

സ്കൂളിലെ ലാബിലാണ് അവൻ ആദ്യമായി അസ്ഥികൂടംകാണുന്നത്
പ്ലാസ്റ്ററുകൊണ്ടുണ്ടാക്കിയവ, അതിൽ നോക്കി നിന്നപ്പോൾ അവന് ഭയമൊന്നും തോന്നിയില്ല. .
പ്രത്യേകിച്ച് തലയോട്ടിയിലെ കൺ കുഴികളിലെ ഇരുട്ട് , തന്നെ നോക്കി ചിരിക്കുകയാണെതെന്ന് അന്നവന് തോന്നിയിരുന്നു. എന്നാൽ മറ്റു കുട്ടികൾക്ക് അതിനോട് പേടിയായിരുന്നു.
നമ്മുടെയെല്ലാം തലയോടുകൾ ഇങ്ങനെയാണെന്ന് പറഞ്ഞപ്പോൾ അവനാശ്ചര്യം കൊണ്ടു.
അന്ന് വീട്ടിൽ കണ്ണാടിയിൽ നോക്കി ഏറെ നേരമിരുന്നവൻ ,കുറേ കഴിഞ്ഞ് മുഖത്തും കൺകുഴിയിലും കൈയ്യമർത്തി നോക്കിയപ്പോൾ തന്റെ യുള്ളിലുള്ള തലയോട്ടിയെ അവന് ഊഹിക്കാനായി,
പതിയെ അവന്റെ മുഖത്തിൽ തലയോടിന്റെതായ രേഖകൾ തെളിഞ്ഞു വരുന്നതായി തോന്നിത്തുടങ്ങി. മാംസ മെല്ലാം ഉതിർന്ന് വെളുത്ത തലയോട്ടി

ക്യാമ്പിന്റെ മൂലയിൽ മഞ്ഞിൽ പുതഞ്ഞു കിടന്ന തലയോട്ടികളാണ് അവനിത്രയും ഓർക്കുവാൻ കാരണം. അവയുടെ കൺ കുഴികളിൽ അവൻ കുറച്ചു നേരം നോക്കി നിന്നു . പ്ലാസ്റ്ററിന്റെ നേർത്ത ചുവപ്പ് നിറമില്ലാത്ത
മഞ്ഞിന്റെ നിറമുള്ള തലയോട്ടി. ഇന്ന് രാവിലെ അതവിടെ കണ്ടില്ല. മഞ്ഞ് മൂടിയ നേർത്ത കൂമ്പാരം മാത്രം.

രാത്രികളിൽ ഏതോ ഒരറ്റത്ത് കേൾക്കുന്ന മണിയടിയിൽ വിശപ്പിന്റെയും ഉറക്കത്തിന്റെയും ഭയത്തിന്റെയും മധ്യ അവൻ കണ്ണു തുറക്കും

വരി നിൽക്കാനായി മുതിർന്നവരും കുട്ടികളും എല്ലാവരും പുറത്തിറങ്ങും ,മരവിച്ച കാലിൽ വേച്ച് വേച്ച് പുറത്തെ തടിവാതിൽ നോക്കി നടക്കുമ്പോൾ നക്ഷത്രങ്ങളുടെ നേർത്ത വെളിച്ചത്തിൽ ഇഴയുന്ന തലയോട്ടികൾ അവൻ കണ്ടു. മൂടൽമഞ്ഞിൽ അധ്യാരോപം ചെയ്യുന്ന സ്വപ്നവും യാഥാർത്ഥ്യങ്ങളും.

ക്യാമ്പിന്റെ മൂലക്ക് ഇപ്പോൾ വീണ്ടും കൂമ്പാരം കാണാനായി
പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്ന , വാരിയെല്ലുകളിൽ കുരുങ്ങിയ കൈയ്യസ്ഥികൾ , കുഴിയിലേക്ക്
കരുമ്പിച്ച ശബ്ദത്തോടെ അവയെ ട്രാക്ടർ തള്ളിയിട്ടപ്പോഴുണ്ടായ കരുമ്പൻ ശബ്ദം താൻ കട്ടിലിനടിയിൽ ഇടക്ക് കേൾക്കാറുണ്ടല്ലോ എന്നവനോർത്തു.

രാത്രികളിൽ അവന്റെ സ്വപ്നത്തിൽ തലയോട്ടികൾ പുഞ്ചിരിച്ചു കൊണ്ടു നിന്നു.

ക്യാമ്പിന്റെ രണ്ടാമത്തെ ബ്ലോക്കിൽ ഒരു പെൺകുട്ടി ഒറ്റക്ക് പൂന്തോട്ടത്തിൽ ജോലി ചെയ്യുന്നത് അവൻ ശ്രദ്ധിച്ചിരുന്നു. ചെമ്പിച്ച അവളുടെ മുടി നേർത്ത കാറ്റിൽ തീനാളം പോലെ തോന്നിച്ചവന്,

ഉച്ചക്ക് കിട്ടിയ കുറച്ചു ബ്രഡുമായി
അവൻ അവൾക്കരികിലേക്ക് ചെന്നു. അവൾ ചിരിച്ചു. അവനും ചിരിച്ചു. എത്ര നാളായി അവനൊരു ചിരി കണ്ടിട്ട് ,
അവളുടെ പേര് അവൻ ചോദിച്ചു.
ആൻ അവൾ പറഞ്ഞു.

വൈകിട്ട് തിരിച്ചു പോരുന്നതിനിടെ ആൻ അവനൊരു കണ്ണാടി ചീള് സമ്മാനമായി കൊടുത്തു. അവൻ അവളുടെ കൈയ്യിൽ മഞ്ഞു പെയ്യുന്ന പോലെ ചുംബിച്ചു. അത്രമാത്രം, അവൾ ഒരു നേർത്ത തീ നാളം പോലെ പാറിപോയി.

ഈ ലോകത്ത് ജീവിച്ചിരിക്കുന്നവരേക്കാൾ മരിച്ചു പോയവരാണ് കൂടുതൽ.

അന്ന് രാവിലെ പൂന്തോട്ടത്തിൽ അങ്ങിങ്ങായി ചാരത്തിന്റെ കറുത്ത പുള്ളികൾ അവൻ കണ്ടു.
ഇന്നലെ രാത്രി പരന്ന മുടി കത്തുന്ന ഗന്ധം അവന്റെ മനസിൽ തികട്ടി വന്നു. ആനും അവളും ആ തീനാളങ്ങളെ പോലെ പാറി ഉയർന്നു പോയ്ക്കാണുമോ?

പൂന്തോട്ടത്തെ ഉലച്ചു കൊണ്ട് ഒരു കാറ്റു വീശി , ചാര പുള്ളികളിൽ നിന്ന് നേർത്ത ആത്മാക്കൾ ഫീനിക്സുകളെ പോലെ പടർന്നുയർന്നു.

അന്ന് രാത്രി അവൻ ആനിനെ സ്വപ്നം കണ്ടു. ചെമ്പിച്ച മുടിയിൽ നിന്നും തീയാളുന്നു..
അവൻ ഞെട്ടിയുണർന്നപ്പോഴാണ് അവൾ തന്ന കണ്ണാടി ചീളിന്റെ കാര്യമോർത്തത്
അവനതുമായി പുറത്തിറങ്ങി
നേർത്ത മഞ്ഞുകണങ്ങളിൽ നക്ഷത്രം തെളിയുന്നു.
അവന്റെ മുഖം കണ്ടപ്പോൾ അവൻ
ലാബിലെ തലയോട്ടികളെ യൊർത്തു..
അതെ എല്ലാവരുടെയും തലയോട്ടി ഒരു പോലെ തന്നെ.

മരവിച്ച രാത്രികളിൽ അവന്റെ മനസിൽ നെരിപ്പോടു പോലെ അവളുടെ ഓർമകൾ എരിഞ്ഞു കൊണ്ടിരുന്നു.

നാല് മണിക്കുള്ള മണിയടിച്ച പ്പോഴും അവനുറങ്ങാതെയിരുന്നു.

എല്ലുന്തിയിരുന്നു. മാറിടം വറ്റിയ
അവളുടെ മുടി ചെമ്പിച്ച് നേർത്ത് പാറി നടന്നിരുന്നു. കണ്ണുകളിലെ മഞ്ഞിന്റെ മരവിപ്പ്

അവളുമായി കിട്ടുന്ന നിമിഷങ്ങളിൽ അവന്റെ ദുർബലമായ ഹൃദയം ഏറെ മിടിച്ചിരുന്നു.

അവൾ ഒന്നും മിണ്ടിയിരുന്നില്ല. പരസ്പരം കൈകോർത്ത്
ഇനിയും വിരിയാത്ത പുഷ്പങ്ങളെ നോക്കി അവരിരിക്കുമ്പോൾ
ക്രമ റ്റോറിയത്തിൽ നിന്നും കരിയുന്ന മാംസത്തിന്റെ ഗന്ധം എവിടെയും നിറയും.

തന്റെ വിധി എന്താണെന്ന് യോനോവിന് വ്യക്തമാണെങ്കിലും അതിൽ അവന് ഭയമോ ദു:ഖമോ ഒന്നുമുണ്ടായിരുന്നില്ല. കാരണം ആ വികാരങ്ങൾ മരവിച്ചമർന്നിരുന്നു.
ഒരു പ്രവാചകർക്കും കിട്ടാത്ത മോക്ഷം പോലെ

അവനിപ്പോൾ പാതി മരിച്ചിരുന്നു.
മരണത്തിന്റെ തണുപ്പ് ഇപ്പോഴെ അവന്റെ കൈയ്യിലുണ്ട്.
എന്നിരുന്നാലും
രാവിലത്തെ കണക്കെടുപ്പിനു ശേഷം കിട്ടുന്ന ചെറിയ ഇടവേളകളിൽ പൈൻ മരങ്ങളിലെ ഉരുക്കുന്ന മഞ്ഞിൻ തുള്ളികളും
പ്രഭാതവുമെല്ലാം അവൻ ആസ്വദിച്ചിരുന്നു.

കണ്ണാടി ചീളിൽ ഇപ്പോൾ അവന്റെ തലയോട്ടി കൂടുതൽ വ്യക്തമായി കാണാം
കുഴിച്ച് കുഴിച്ച് അവസാനം വെള്ളം കാണുന്ന പോലെ.

ബാരക്കുകളിൽ ആരും സ്വപ്നം കാണാറില്ല. ദുഃസ്വപ്നങ്ങൾ പോലും ,
ഉറക്കം അതിന്റെ എല്ലാ അഗാധതയോടു കൂടിയും അവർ ആസ്വദിക്കുന്നു.

ഇന്നാണ് അവസാനത്തെ രാത്രിയെന്ന് അവർക്കെല്ലാം അറിയുമായിരുന്നു. അപ്പുറത്തെ ബാരക്കുകൾ എല്ലാം ഒഴിഞ്ഞു.
മൂകം.
മരണം എങ്ങോട്ടാണ് തന്നെ നയിക്കുക ,
ക്രമറ്റോറിയത്തിലെ പുകക്കുഴലിലൂടെ കടന്ന്, അങ്ങനെ….

മാംസത്തിന്റെ ചവർപ്പുള്ള ഗന്ധം ചുറ്റും പരന്നു.
മഞ്ഞിന്റെ കൂമ്പാരങ്ങൾക്കിടയിൽ
ഒരു ചെറിയ തലയോട്ടി പുഞ്ചിരിക്കുന്നു.

(ഓഷ് വിറ്റ് സ് ക്യാമ്പിൽ രക്തസാക്ഷികളായ നിഷ്കളങ്കരായ കുട്ടികളുടെ സ്വപ്നങ്ങൾക്ക്)

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English