അരനാഴികയോളം
ഇരുന്നൂറ്റിപ്പത്താംനമ്പറിലെ
അടഞ്ഞ വാതിൽപ്പടിയിൽ
അടയിരുന്നു.
അവിടെ ഏകാകിയായ മധ്യവയസ്‌കൻ
ഞരമ്പ് മുറിച്ചത്
കഴിഞ്ഞ വെള്ളിയാഴ്ച.
ചോരപ്പുഴ വരാന്തയോളം എത്തിയിരുന്നു.
പ്ലാസ്റ്റർ അടർന്ന
ഭിത്തിയിലെ ദ്വാരത്തിലതാ
ആകർഷണവുമായി
മുനകൾ ഉന്തിനിൽക്കുന്ന ഒരു പഞ്ഞിസഞ്ചി!
വയറ്റിലെ തീയുമായി
അങ്ങോട്ടേക്ക് ചെരിഞ്ഞു കുതിച്ചു.
ഏതോ അപ്പാർട്മെന്റിൽ നിന്നും
ഡോർ ബെല്ലിന്റെ…………..!
നിമിഷങ്ങൾക്കുളിൽ അത് ധനാശി പാടി
ഒരു കിളിന്തു വിമ്മിപൊട്ടലിൽ.
ഇളംനീല രക്തത്തിൽ കുളിച്ച നൊണ്ണുമായി
മീതേക്ക് ഒറ്റക്കുതിപ്പ്!
ഒരു മുട്ടക്കുള്ളിൽ കിട്ടി രണ്ടു കുഞ്ഞൻ ചിലന്തികളെ.
വയറിനോടൊപ്പം ക്രൗര്യവും തന്ന
തമ്പുരാന് സ്വസ്തി!
വാതിൽപ്പടിയിലെ പിച്ചളയുടെ സ്വസ്‌തികത്തിൽ
ഇനി പൂര്ണവിശ്രാന്തി!
ച്ലിം ച്ലിം
പരേതന്റെ ബാൽക്കണിയിലെ
പതിവ് സന്ദർശകൻ,
രോമക്കാടനണ്ണാൻ !
നോക്കണേ, അവന്റെയൊരു ഉല്ലാസപ്രസരിപ്പ് …..
ഒരുനുള്ളുതുളസിയരികൊണ്ടാണവനോണമെന്നുതോന്നുന്നു.
ച്ലിം …. ച്ലിം ച്ലിം …. ച്ലിം!!
വായ്‌ക്കരിയിടുവാൻ
ആരെങ്കിലുമുണ്ടായിരുന്നോ
കൃഷ്ണതുളസിയുടെ കാവൽക്കാരന്!
പോയ മാസത്തെ ഒരു നട്ടുച്ചയ്ക്ക്
തുളസിച്ചപ്പിൽ ഒരിറ്റു വെള്ളം തന്നത്
വേറെയാരാനുമായിരുന്നില്ല!!
പണ്ടെങ്ങോ ചിതറിപ്പോയ നീർക്കണങ്ങൾ
വീണ്ടും ഒരു മഞ്ഞുതുള്ളിയായി
അടഞ്ഞ കണ്ണിലേക്കിറങ്ങുകയാണോ!
ആഴങ്ങളിലേക്ക് ഇറങ്ങുമ്പോൾ
അത് പാറ്റയുടെ മലമുള്ള
ഒരു വായിലേക്കാകുമെന്നു ഓർത്തില്ല.
ഒരു അരംകൊണ്ടു എന്നെ ആരാണ് രാകുന്നത്?
എന്റെ സ്വപ്നങ്ങളിലെ ആ പച്ച നെൽപ്പാടം
സത്യത്തിൽ എവിടെയാണ്?
കാറ്റിന്റെ ശൃംഗാരപ്പാട്ടിൽ ഇന്നും
നെല്ലോലകൾ കോരിത്തരിക്കുന്നുണ്ടാവില്ലേ?
മണിമുഴക്കം … !
മാരിയമ്മൻ കോവിലിൽനിന്നാകാം.
തൊടുത്തു വിട്ട അമ്പുകൾ ഓരോന്നും
എന്നെതന്നെ ഉന്നമിട്ടു മടങ്ങുകയാണോ?
എനിക്കൊരു വയൽപ്പാട്ട് മൂളണമെന്നുണ്ട്;
പക്ഷെ എന്റെ പിന്കാലെവിടെ?
എന്റെ പച്ച ചിറകെവിടെ?
ഇപ്പോൾ തലയുംകൊമ്പുമേയുള്ളൂ ബാക്കി.
ഉറപ്പായും കൂട്ടമണി മുഴങ്ങുന്നത് മറ്റാർക്കും വേണ്ടിയല്ല !
ഗ്രൗണ്ട് ഫ്‌ളോറിനരികെ കുഴൽക്കിണർ തുരക്കുന്ന
ഡ്രില്ലിങ് റിഗ്ഗിന്റെ മുരൾച്ച
ഭൂമിയുടെ ഹൃദയമിടിപ്പായി
ഇരമ്പിയെത്തി.
കണക്കറ്റ ചാട്ടങ്ങൾക്കിടയിൽ എനിക്കെന്റെ ആട്ടം പിഴച്ചുവോ !
മയിലിനു നിറച്ചാർത്ത് ഒരുക്കുമ്പോൾ പെരുംചിത്രകാരൻ
എന്നെ മറന്നിട്ടുണ്ടാവില്ല!!
തമ്പുരാന് സ്വസ്തി! സ്വസ്തി!
ഇടിത്തീയില്ലാത്ത
പച്ചമിന്നല്പിണറിനപ്പുറം
സൂര്യൻ കറുത്ത കുതിരയായി…