നിയതി, നീയെന്തിനാണ്
എല്ലായിടവും കറുപ്പും വെളുപ്പുമായ് വേർതിരിച്ചത് ?
കറുത്ത രാത്രിയെയും വെളുത്ത പകലിനെയും
കൊണ്ടു നീ എന്റെ ദിവസത്തെ പകുത്തു
ഞാൻ തേടി നടന്നത് മുഴുവൻ നിറങ്ങളായിരുന്നു
പച്ചയും മഞ്ഞയും ചുവപ്പും ഓറഞ്ചുമെല്ലാം
എനിക്ക് വേർതിരിച്ചെടുക്കാൻ പറ്റാത്തവണ്ണം
നീയെന്തിനാണ് കറുപ്പിലും വെളുപ്പിലുമായി ലയിപ്പിച്ചു കളഞ്ഞത് ?
അവയെല്ലാം എനിക്ക് വേർതിരിച്ച് വേണം .
നൂറ് നിറങ്ങളുള്ള പൂക്കളും
ഏഴു വർണ്ണങ്ങളും നിറഞ്ഞ ആകാശവും സ്വന്തമാക്കാൻ
ഞാൻ നിന്നോടു യുദ്ധത്തിന് വന്നു .
കാലാൾപ്പടയും , ആനയും കുതിരയും
തേരുമായി ഞാൻ വന്നപ്പോൾ
എന്റെ വെളുത്ത സൈന്യത്തിനു നേരെ
നീ നിന്റെ കറുത്ത സൈന്യത്തെ നിരത്തി
നീ നിരത്തിയ കറുത്ത കരുക്കൾക്കെതിരെ
ഞാൻ എന്റെ വെളുത്ത കരുക്കൾ കൊണ്ട്
പ്രതിരോധിച്ചു കൊണ്ടേയിരുന്നു.
തേരിലേറിയും ആനപ്പുറമേറിയും
നിന്നെ തോല്പിക്കാൻ,
അല്ലെങ്കിൽ നിന്നോട് തോല്ക്കാതിരിക്കാൻ
എപ്പോഴും ഞാൻ യുദ്ധം ചെയ്തു കൊണ്ടേയിരുന്നു.
കാലാൾപ്പടയും, ആനപ്പടയും കുതിരപ്പടയും
തേരിലേറിയ പോരാളികളും
നിന്റെ കറുത്ത പടക്കെതിരെ
ആക്രമിച്ചും പ്രതിരോധിച്ചും കൊണ്ടേയിരുന്നു.
ആക്രമണ പ്രത്യാക്രമണങ്ങൾക്കിടയിൽ
ഞാനെന്റ കോട്ടയിൽക്കയറിയിരിക്കയാണ്.
നിന്റെ കറുത്ത സൈന്യം എനിക്കു മേൽ നേടുന്ന
വിജയം ഭയന്നല്ല ഞാൻ കോട്ടയിൽ കയറിയത്
ഈ കറുപ്പും വെളുപ്പും യുദ്ധത്തിനിടയിൽ
എനിക്കല്പം നിറങ്ങൾ വേണം
ആയിരം നിറങ്ങളുള്ള ഒരു പൂന്തോപ്പ്
ഏഴു വർണ്ണങ്ങളും നിറഞ്ഞ ആകാശം.