1. കണ്ടെത്തൽ
മഴയുടെ പെയ്ത്തും
പുഴയുടെ ഒഴുക്കും
ഉപ്പിനെ തിരയുന്നു.
2. ചൊല്ല്
ഒരു തുള്ളി കയ്പ്പും
പല തുള്ളി മധുരവും
ഹാ! നെല്ലിക്ക ഒരദ്ഭുതം.
3. സന്തോഷം
നഷ്ടബോധങ്ങളെ നുള്ളിയടർത്തും
ശുഭ പ്രതീക്ഷകളെ താരാട്ടും
മഴയെ, നീയെൻ പ്രിയസോദരി.
4. ചോദ്യം
പ്രണവമൊഴുകുന്ന
ഈ പ്രപഞ്ചത്തിൽ
നിശബ്ദത ഒരു മിഥ്യയോ?
5. ചിന്ത
ഉഷസ്സിനും അന്തിക്കും നിറം ചുവപ്പ്
ഭൂമിയെ ശോണിതയാക്കുന്ന
മനുഷ്യന്റെ മനസ്സിൻ നിറമോ?
6. ഈശ്വരൻ
സൃഷ്ടിക്കുന്ന
ചിതയൊരുക്കുന്ന
ശൂന്യതയെ, നിന്നെ ഞാൻ
ഈശ്വരന്‍ എന്നു വിളിച്ചോട്ടെ?
7. പാഠം
കടലിന്റെ അഗാധതയും…
ആകാശത്തിന്റെ നീലിമയും…
ഹാ! അഹം ബ്രഹ്മാസ്മിക്കു വേണൊ
ഇനിയൊരു നിർവചനം.
8. മലിനീകരണം
പുകക്കുഴലുകളിലെ ചാരക്കൂമ്പാരം
മനുഷ്യനെ ഒരു പിടി ചാരമാക്കുമെന്ന
തിരിച്ചറിവ് എന്നെങ്കിലും ഉണ്ടാകുമോ?
9. അറിവ്
സൂര്യോദയവും സൂര്യാസ്തമയവും
പ്രകൃതിയുടെ വിസ്മയമോ
അതോ മനുഷ്യന്റെ അജ്ഞതയോ?
10. മറ
മനസ്സുകള്‍ക്ക് മറ…
കണ്ണുകൾക്ക് മറ…
ലോകം നിറഞ്ഞ പുകമറ…
മറയ്ക്കപ്പുറം ഇനിയും വാടാത്ത
സ്വപ്നത്തീരങ്ങൾ ബാക്കിയുണ്ട്.