വാഗ്ദത്തഭൂമിയിലെ ചുടുകാറ്റ്

 

 

എവിടെയാണ്

പൈതൃകംതേടിപ്പോയ പിതാമഹന്മാർ ഉറങ്ങുന്നമണ്ണ്!
സ്ഥാനമാനങ്ങളില്ലാത്ത, അസ്ഥിത്വംമരവിച്ച അസ്ഥികൂടങ്ങൾ ചിരിക്കുന്നുണ്ട്.

കാഴ്ചയുടെ ഏകാന്തപഥികന്മാർ,
നേരിന്റെ ഉറവനഷ്ടമായ വികലാംഗർ,
വരണ്ട കണ്ണുള്ളവർ,
ചോരവറ്റിയചുണ്ടിലെ ചിരിമാഞ്ഞവർ.

പ്രയത്നത്തിന്റെ പേറ്റുനോവിൽ മുണ്ടുമുറുക്കിയുടുത്ത് അടിമത്വമവസാനിപ്പിച്ച മേൽമുണ്ടുകൾ നോക്കുന്നതെന്താണ്?

പിറവിയുടെ നേർരേഖയിലെ വരൾച്ചയെയോ?
മണ്ണിന്റെ മണംമാറിയ വിശ്വാസങ്ങളിൽ
ബലിയർപ്പിച്ച് ഈറ്റുപുരകൾ കണ്ണീർവാർക്കുന്നു.

അവിശ്വാസത്തിന്റെ ജ്വരംബാധിച്ച് മരിച്ചവർക്കായി ബലികുടീരങ്ങൾ.
അവയിലർപ്പിക്കപ്പെട്ട പൂക്കളുടെ പരിഹാസം വിരൽത്തുമ്പുകൾ കടംകൊള്ളുന്നുണ്ടോ!

നാളെയുടെ മേൽക്കോയ്മയ്ക്ക് മാത്രം തീണ്ടാരിയില്ല.
എങ്കിലുമൊരു അടിവേരുകിളിർക്കുന്നുണ്ട്,
പാപത്തിന്റെ കനി ഭക്ഷിക്കാനായി മാത്രം.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here