ബിരിയാണി

images

പതിവ് ടീവി പരിപാടികള്‍ കണ്ട് കഴിഞ്ഞ് കുട്ടികള്‍ രണ്ടും മുത്തശ്ശന് ചുറ്റും കൂടി നില്‍ക്കുകയാണ്.

“മുത്തശാ.. ഒരു കഥ പറഞ്ഞു താ..”

“ശരി..ഏത് കഥ വേണം..?”

“അത്. മൃഗങ്ങളുടെ കഥ മതി..”

“…ഒരിടത്…ഒരു കുറുക്കനും കുറുക്കിയും ഉണ്ടായിരുന്നു..”

“കുറുക്കിയോ..? ആരാ കുറുക്കി..?”

“കുറുക്കന്‍റെ ഭാര്യയാ കുറുക്കി..”

“ഓ! ”

“ഒരു ദിവസം കുറുക്കന്‍ നെഞ്ചു പൊത്തിപ്പിടിച്ച് കരയാന്‍ തുടങ്ങി.  കരച്ചില്‍ കേട്ട് അടുക്കളയില്‍നിന്നും കുറുക്കി ഓടി വന്നു..

“എന്ത് പറ്റി ചേട്ടാ..?”

“നെഞ്ചിനു വല്ലാത്ത വേദന!  ഞാന്‍ ചത്തുപോകുമേ..” കുറുക്കന്‍ വേദനകൊണ്ട് പുളയുകയാണ്.

“നമുക്ക് ആശൂത്രീ പോകാം..”

കുറുക്കി ഓടിപ്പോയി ഒരു ഓട്ടോ വിളിച്ചോണ്ട് വന്നു.  രണ്ടു പേരും കൂടി ആശുപത്രിയിലെത്തി.  ഡോക്ടര്‍ പരിശോധിച്ചു.  പല ടെസ്റ്റുകളും നടത്തി.  എക്സ്റേ..സ്കാനിംഗ്…രക്തം.. അങ്ങനെ പലതും..

റിസള്‍ട്ട് നോക്കി ഡോക്ട്ടര്‍ പറഞു:  “നിങ്ങള്‍ക്ക് കൊളസ്ട്രോള്‍ വളരെ കൂടിപ്പോയി.  പിന്നെ പ്രഷര്‍..ഷുഗര്‍..ഇതൊക്കെ കൂടുതലാ.  അതുകൊണ്ട് ആഹാരം നിയന്ത്രിക്കണം.  കൊഴുപ്പുള്ളതൊന്നും കഴിക്കരുത്.  ഉപ്പ്, മധുരം ഇവ കുറക്കണം.  ദിവസം ഒരു മണിക്കൂറെങ്കിലും നടക്കണം.    ഈ മരുന്നും കഴിക്കണം..”

“ശരി..ഡോക്ടറെ..”

അവര്‍ തിരിച്ചു പോയി.

പിറ്റേ ദിവസം രാവിലെ രണ്ടു പേരും കൂടി നടക്കാനിറങ്ങി.

കാട്ടിലൂടെ ആഞ്ഞു നടക്കുകയാണവര്‍.  കുറെദൂരം നടന്നു ക്ഷീണിച്ചപ്പോള്‍ വിശ്രമിക്കണമെന്നു തോന്നി.  ഒരു മരച്ചുവട്ടില്‍ ഇരുന്നു.  ദൂരെ ഒരു കട കാണാം.  സൂക്ഷിച്ചു നോക്കി.  അതൊരു ബിരിയാണിക്കടയാണ്.   ബോര്‍ഡ് വായിച്ചപ്പോഴേ കുറുക്കന്‍റെ വായില്‍ വെള്ളമൂറി.

“നമുക്കാ കടയില്‍ കയറി ഒരു ബിരിയാണി കഴിച്ചിട്ട് പോയാലോ..?”

“കൊളസ്ട്രോള്‍ കൂടുതലാണെന്നല്ലേ ഡോക്ടര്‍ പറഞ്ഞിരിക്കുന്നേ..?”

“അത് സാരമില്ലെന്നേ.  വിശപ്പ് സഹിക്കാന്‍ കഴിയാഞ്ഞിട്ടല്ലേ..?”

“ശരി.  എന്നാല്‍ കഴിക്കാം..”

അവര്‍ ബിരിയാണിക്കടയിലേക്ക് കയറി.  പലതരം ബിരിയാണിയുടെ പേരുകാള്‍ എഴുതി വച്ചിട്ടുണ്ട്.

ആട് ബിരിയാണി, കോഴി ബിരിയാണി,  പാമ്പ് ബിരിയാണി,  കുരങ്ങു ബിരിയാണി,  കടുവ ബിരിയാണി,  സിംഹ ബിരിയാണി,  അങ്ങനെ പലതും…!!

മറ്റൊരു ബോര്‍ഡ് കണ്ടു.

“ഇന്നത്തെ സ്പെഷ്യല്‍…ആന ബിരിയാണി”

കുറുക്കന്‍റെ നാവില്‍ വെള്ളച്ചാട്ടം!

“എന്ത് വേണം..?” വെയിട്ടര്‍ ചോദിച്ചു.

“എനിക്ക് ആന ബിരിയാണി..”

“കുറുക്കിക്കോ..?”

“എനിക്ക് പാമ്പ് മതി..”

അങ്ങനെ ബിരിയാണി കഴിച്ച് ഏമ്പക്കോം വിട്ട് അവര്‍ തിരിച്ചു പോയി…”

കഥ കേട്ട് ചാടിത്തുള്ളി കുട്ടികള്‍ പറഞ്ഞു:

“മുത്തശാ.. ഞങ്ങള്‍ക്കും ഓരോ ആന ബിരിയാണി വാങ്ങി തരുമോ..?”

“തരാമല്ലോ.  കൂടെ ഓരോ കുതിര ഐസ് ക്രീമും..എന്താ..?”മുത്തശന്‍ ചിരിച്ചു.  കൂടെ കുട്ടികളും…

 

 

 

 

 

 

 

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here