അന്നു ഞാൻ പാടിയ പാട്ടിലെ നൊമ്പരം
ഇന്നും പ്രതിധ്വനിക്കുന്നുവല്ലോ
പാടുവാനായീ പറവകൾക്കിന്നുമീ
പാഴ്മരം മാത്രമെ ബാക്കി നിൽപ്പൂ.
ഉച്ചനേരത്തുണ്ണി തേങ്ങിക്കരയുന്നു,
പച്ചരിച്ചോറുമതില്ലയല്ലോ
പുഞ്ചപ്പാടത്തിന്നരികിലല്ലോ നിന്റെ
പിഞ്ചു പാദങ്ങൾ തളർന്നിരിപ്പൂ
മണ്ണെണ്ണ മോന്തിക്കുടിച്ചു തെളിയുന്ന
മഞ്ഞ വെളിച്ചത്തിലല്ലെയിന്നും
കീറിപ്പറിഞ്ഞുള്ള പുസ്തകത്താളുകൾ
കോരന്റെ മക്കൾ ചികഞ്ഞുനോപ്പൂ
എണ്ണയൊഴിച്ചു നിറച്ചു കത്തിക്കുന്നു
എണ്ണമറ്റുള്ളോരു ദൈവങ്ങൾക്കൊക്കെയും
കൺതുറക്കും എന്നുറപ്പില്ലയെങ്കിലും
കണ്ണടക്കാനെനിക്കാവതില്ല
കല്ലായ്ക്കിടക്കുമഹല്യക്കു ജീവനായ്
രാമനായാരുവന്നെത്തും ?
ഇന്നും ചിറകു പിടിച്ചൊടിക്കുന്നന്നെ
ഇന്നും വളർത്തുന്നു നിങ്ങൾ
ആരു ഞാൻ, എന്തിനു വന്നിവിടെയീ
ആതിരരാവിൻ അവസാന യാമത്തിൽ
ഭൂതം വിളയാടും ഭാരതാംബേ, നിന്റെ
പ്രേതത്തെ ഞാൻ ഭയക്കുന്നു.
ഉണ്ണികൾ കെട്ടുന്ന കോലങ്ങളൊക്കെയും കാണുവാൻ
ഞാനിന്നുമീ ചങ്ങലയിൽക്കിടപ്പൂ.