ആകാശത്തിന്റ
അനാഥത്വത്തിൽ
ഒന്നിച്ച് പാറുന്നവർ.
സ്വാതന്ത്ര്യത്തിന്റെ
വിയർപ്പു നുണയുന്നവർ.
കാന്തികവലയങ്ങൾ
ഭേദിക്കാതെ
ഒന്നിച്ച് പറക്കുന്നവർ.
നക്ഷത്രങ്ങളെക്കുറിച്ച്
പൊള്ള സ്വപ്നങ്ങൾ
കാണാത്തവർ.
ചിറകിന്റെ താഴെ
കൊക്കുരുമ്മുന്ന
കപട സിദ്ധാന്തമറിയുന്നവർ.
നാം പറവകൾ
കടിഞ്ഞാണില്ലാത്ത…
നിറപ്പകിട്ടൊപ്പാത്ത
പട്ടങ്ങൾ…
മഴയുടെ പേരിൽ മാത്രം
പിണങ്ങി നടന്നവർ…
വിഷസർപ്പങ്ങളുടെ
ദംശനങ്ങളെയതി ജീവിച്ചവർ.
ഒന്നും പറയാതെ
ഒന്നൊന്നായറിഞ്ഞവർ.
ചിലപ്പോൾ തണുപ്പിക്കാൻ
തലയ്ക്കു മീതെ പറന്നവർ
വീഴാതിരിയ്കാൻ താഴ്ന്നു
പറന്നവർ…
അപ്പോഴും തൊടാതെ
തൊടാതെ തൊട്ടറിഞ്ഞവർ.
നാം പറവകൾ
ഇരുകാലികൾക്കിടയിൽ
അസാധരണത്വത്തിന്റെ
പഴം തിന്നുന്നവർ.
ഒടുവിൽ വേടന്മാരുടെ
വാക്കസ്ത്രങ്ങളേറ്റു വീഴുമ്പോൾ
തലതല്ലിച്ചാവുന്നവർ !