പുതിയ കവിതാ സമഹാരമായ പക്ഷികൾ എന്റെ പുറകെ വരുന്നു എന്ന പുസ്തകത്തിന് സച്ചിദാനന്ദൻ എഴുതിയ മുന്നുര
“കവികള്‍ എന്നും ശ്രമിക്കുന്നത് തങ്ങളുടെ കാലത്തിന്റെ മൂര്‍ത്തിയെ തനതായ ശൈലിയില്‍ വാര്‍ത്തെടുക്കാനാണ്- അത് മംഗളമൂര്‍ത്തിയായാലും
ബ്രഹ്മരാക്ഷസനായാലും. ഈ പരിശ്രമത്തിലാണ് അവര്‍ക്ക് കവിതയുടെ ഭാവരൂപങ്ങള്‍ മാറ്റേണ്ടിവരുന്നത്. ഞാനും എന്റെ എളിയ കാവ്യജീവിതത്തില്‍ ഉടനീളം ശ്രമിച്ചിട്ടുള്ളത് എന്റെ കാലത്തെ അടയാളപ്പെടുത്താനാണ്.
അശാന്തമായിരുന്ന കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലെ കവിതകളാണ് ഈ സമാഹാരത്തില്‍. ഒരു ഭാഗത്ത് അടുത്ത ചില മിത്രങ്ങളുടെ വേര്‍പാടുള്‍പ്പെടെ വൈയക്തികമായ ഒട്ടേറെ നഷ്ടങ്ങള്‍, ശാരീരികമായ അസ്വസ്ഥതകള്‍, കേരളത്തെ ദുരിതത്തില്‍ ആഴ്ത്തിയ പ്രളയം, അഭിമന്യുവിനും മധുവിനും എതിരെയുണ്ടായ, ഹൃദയമുള്ളവര്‍ക്ക് സഹിക്കാനാവാത്ത അക്രമങ്ങള്‍, കണ്ണൂരിലെ തുടരുന്ന ഹിംസയുടെ വിളയാട്ടം, ഇന്ത്യന്‍ ഭരണകൂടത്തിന്റെയും കൂട്ടാളികളുടെയും ഭീകരമായ ജനപീഡനം, വിദ്വേഷത്തിന്റെയും ഭീതിയുടേതുമായ പൊതു അന്തരീക്ഷം…ഇങ്ങനെയുള്ള ഒരു ഇരുണ്ടകാലത്തിന്റെ പാട്ടുകളാണ് ഈ സമാഹാരത്തില്‍ പൊതുവേ ഉള്ളത്.
വാര്‍ദ്ധക്യവും മരണവും സ്വാഭാവികമായും ഈ രചനകളില്‍ പലകുറി കടന്നുവരുന്നുണ്ട്. എന്നാല്‍ അങ്ങിങ്ങായി പ്രതീക്ഷയുടെ സ്ഫുരണങ്ങള്‍ ഇല്ലാതില്ല. കേരളത്തില്‍ ഉണ്ടായ പ്രളയം മലയാളികളുടെ നന്മകളെയും പുറത്തുകൊണ്ടുവന്നുവല്ലോ. ഒപ്പംതന്നെ പീഡനം ഉള്ളിടത്ത് പ്രതിരോധവും ഉണ്ടാവും എന്ന എന്റെ പ്രത്യാശ ഇപ്പോഴും നിലനില്‍ക്കുന്നു. അതുകൊണ്ടാണല്ലോ ഇക്കാലത്തും നമുക്ക് അതിജീവിക്കാന്‍ കഴിയുന്നത്”