കൊച്ചി ബിനാലെയുടെ ഉദ്ഘാടനം ഇന്ന് ; പ്രധാനവേദികൾ ഡിസംബർ 23-നു മാത്രമേ തുറക്കൂ എന്ന് സംഘാടകർ

 

കൊച്ചി ബിനാലെയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് ആറ് മണിക്ക് ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. എന്നാൽ കനത്ത മഴയും മൻദൗസ് ചുഴലിക്കാറ്റും മൂലം ബിനാലെയുടെ പ്രധാന വേദികളായ ആസ്പിൻ വാൾ, ആനന്ദ് വെയർഹൗസ്, പെപ്പർ ഹൗസ് എന്നിവ ഡിസംബർ 23- നാണ് തുറക്കുക. ബിനാലെ വേദികളുടെ അറ്റകുറ്റ പണികൾ പൂർത്തിയാകാത്തതാണ് തിരിച്ചടിയായിരിക്കുന്നത്.

തിരക്ക് ഒഴിവാക്കുന്നതിനായി ബുക്ക് മൈ ഷോ വഴി ടിക്കറ്റെടുക്കാനുള്ള സൗകര്യം ബിനാലെ സംഘാടക‍ർ ഇക്കുറി ഒരുക്കിയിട്ടുണ്ട്. വിദ്യാ‌ർത്ഥികൾക്കും മുതിർന്ന പൗരന്മാർക്കും ടിക്കറ്റ് നിരക്കിൽ ഇളവുണ്ട്.

സാധാരണ ടിക്കറ്റിന് 150 രൂപയാണ്. വിദ്യാ‍ർത്ഥികൾക്ക് 50 രൂപയും മുതിർന്ന പൗരന്മാർക്ക് 100 രൂപയുമാണ് ടിക്കറ്റ് നിരക്ക്. 1000 രൂപയ്ക്ക് ഒരാഴ്ചത്തെ ടിക്കറ്റും 4000 രൂപയ്ക്ക് ഒരു മാസത്തേക്കുള്ള ടിക്കറ്റും ലഭിക്കും.

കൊവിഡ് മൂലം കഴിഞ്ഞ വ‍ർഷങ്ങളിലൊന്നും ബിനാലെ നടന്നിരുന്നില്ല. 35 ൽ പരം രാജ്യങ്ങളിൽ നിന്നായി ഏതാണ് 90 കലാകാരന്മാരാണ് ബിനാലെയുടെ അഞ്ചാം പതിപ്പിൽ പങ്കെടുക്കുന്നത്. 85 കലാസൃഷ്ടികളാകും ബിനാലെയിൽ ഉണ്ടാകുക. ഇന്ത്യയിൽ നിന്നും 33 കലാകാരന്മാരാണ് പങ്കെടുക്കുന്നത്. ഇതിൽ പത്ത് പേ‍ർ മലയാളികളാണ്.

കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ആ‍ർട്ട് ബൈ ചിൽഡ്രൻ (എബിസി) പരിപാടിയിൽ അമ്പതോളം ആ‌ർട്ട് പ്രോഗ്രാമുകൾ ഉണ്ടായിരിക്കും. ദർബാർ ബാർ ഹാൾ വേദി മലയാളി കലാകാരന്മാ‍ർക്കായാണ് മാറ്റിവെച്ചിരിക്കുന്നത്. ഇവിടെ നാൽപ്പതോളം കലാകാരന്മാരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കും.

കബ്രാൾ യാർഡ്, പെപ്പർ ഹൗസ്, ഡേവിഡ് ഹാൾ, കാശി ആർട്ട് കഫേ, കാശി ടൗൺ ഹൗസ്, എംഎപി വെയ‍ർ ഹൗസ്, മട്ടാഞ്ചേരി അർമാൻ ബിൽഡിങ്, കെവിഎൻ ആ‍ർക്കേഡ്, വികെഎൽ ബിൽഡിങ്, ട്രിവാൻഡ്രം ബിൽഡിങ്, ആനന്ദ് വെയർഹൗസ്, ടികെഎം വെയ‌‍ർ ഹൗസ്, ദർബാർ ഹാൾ എന്നിങ്ങനെ 14 വേദികളിലാണ് ബിനാലെ നടക്കുക.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English