അതിജീവനത്തിന്റെ കഥ പറയും സ്ത്രീപക്ഷ ബിനാലെ

രാജ്യത്തെ ഏറ്റവും വലിയ കലാമാമാങ്കമാണ് കൊച്ചി ബിനാലെ. കലയെ കൂടുതല്‍ അടുത്തറിയാനാഗ്രഹിക്കുന്നവര്‍ക്ക് അറിവിന്റെ പരീക്ഷണശാലയാണ് ബിനാലെ. പതിവില്‍ നിന്നു വ്യത്യസ്തമായി ഇത്തവണ സ്ത്രീപക്ഷ അരങ്ങേറുന്നത്.

ബിനാലെയുടെ നായകത്വംവഹിക്കുന്നത് അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തയായ വനിതയാണ്. സമകാലിക കലയുടെ വാണിജ്യവത്കരണത്തിനെതിരേ മുന്‍നിര പ്രവര്‍ത്തനം നടത്തുകയാണ് അനിത ദുബെ. കലയിലെ പരമ്പരാഗത കാഴ്ചപ്പാടുകളില്‍ നിന്നു മാറി കലയെ രാഷ്ട്രീയമായിക്കൂടി സമീപിക്കാന്‍ ശീലിച്ച അനിത ദുബെയുടെ സൃഷ്ടികള്‍ സാമൂഹ്യ യാഥാര്‍ഥ്യങ്ങളെ വിശകലനം ചെയ്യുന്നതും പിന്തിരിപ്പന്‍ രാഷ്ട്രീയ നിലപാടുകളെ വിമര്‍ശിക്കുന്നവയുമാണ്. ഈ ബിനാലെയിലെ അമ്പത് ശതമാനം കലാസൃഷ്ടികളും സ്ത്രീ കലാകാരന്മാരുടേതാണെന്നത്ശ്രദ്ധേയ-മാണ്. ഭൂരിഭാഗം കലാസൃഷ്ടികളും സ്ത്രീപക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നവയുമാണ്.

ആഗോള സംസ്‌കാര വൈവിധ്യം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ബിനാലെ വഹിക്കുന്ന പങ്ക് വിവരണാതീതമാണ്. ഇന്ത്യയുള്‍പ്പടെ 31 രാജ്യങ്ങളില്‍ നിന്നുള്ള 93 കലാസൃഷ്ടികളാണ് ബിനാലെയില്‍ പങ്കെടുക്കുന്നത്. യൂറോപ്യന്‍മാരുടെയും സമ്പന്നന്മാരുടെയും കലാമാമാങ്കം എന്ന ധാരണ പൂര്‍ണ്ണമായും ഇവിടെ തെറ്റിച്ചിരിക്കുകയാണ്. ജനകീയ മുഖം ബിനാലെയ്ക്ക് കൈവന്നിരിക്കുകയാണ്. സാര്‍വദേശീയ പ്രസക്തിയും പ്രധാന്യവും പ്രാതിനിധ്യവുമുള്ള ഒന്നായി ബിനാലെ മാറിയിരിക്കുന്നു. യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കുന്ന പലസ്തീന്‍, ലെബനന്‍, ബോസ്‌നിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാരും പങ്കെടുക്കുന്നുണ്ട്. പോസിബിള്‍ ഫോര്‍ എ നോണ്‍ ഏലിയനേറ്റഡ് ലൈഫ് എന്ന തലവാചകം അന്വര്‍ഥമാക്കും വിധമാണ് കലാസൃഷ്ടികള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. കലാരംഗത്ത് അടക്കം പാര്‍ശ്വവത്കരിക്കപ്പെടുകയോ അന്യവത്കരിക്കപ്പെടുകയോ ചെയ്ത ജനവിഭാഗങ്ങള്‍ക്ക് ഈ ബിനാലെയില്‍ ഇടം പിടിച്ചിട്ടുണ്ട്. നെയ്ത്ത് തൊഴിലാളിയായ ബേപ്പൂര്‍ സ്വദേശി ശാന്തയ്ക്കും ഡല്‍ഹിയില്‍ ചപ്പുചവറുകല്‍ പെറുക്കുന്ന വിക്കി റോയിക്കും ഓട്ടോ ഡ്രൈവറായ ബപ്പി ദാസിനും ഈ ബിനാലെയില്‍ ഇടം നേടാനായി.ലോകപ്രശസ്ത കലാസൃഷ്ടികള്‍ക്കൊപ്പം ആന്ധ്ര, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ നിന്നുള്ള ഗോത്ര വിഭാഗങ്ങളുടെ കലാസൃഷ്ടികളും ബിനാലെയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ജനകീയവും വൈവിധ്യപൂര്‍ണ്ണവുമാണ് ഈ മേള.

നവകേരള സൃഷ്ടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഇത്തവണ ബിനാലെ സംഘടിപ്പിക്കുന്നത്. പ്രളയാനന്തര കേരളം ഇന്ന് പുനര്‍നിര്‍മ്മാണത്തിന്റെ പാതയിലാണ്. ഇത്തരം ഒരു അവസ്ഥയിലും ബിനാലെ നടത്തിപ്പിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയാറായില്ല. മുന്‍വര്‍ഷത്തെ അതേ തുക തന്നെ ഇത്തവണയും അനുവദിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയം.

ലോകസംസ്‌കാര വൈവിധ്യത്തെ ഒരു കുടക്കീഴില്‍ അണിനിരത്തുന്ന ബിനാലെ ടൂറിസം മേഖലയ്ക്ക് വലിയ ഊര്‍ജമാണ് നല്‍കുന്നത്. കഴിഞ്ഞ തവണ ആറു ലക്ഷത്തോളം പേരാണ് ബിനാലെ സന്ദര്‍ശിക്കാനായി കൊച്ചിയിലെത്തിയത്. ഇത്തവണ അത് വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഗുണം കൊച്ചിക്കും കേരളത്തിനും ലഭിക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here